Home Blog Page 241

ഐഎസ്ആർ ഒ ശാസ്ത്രപ്രദർശനവും സെമിനാറും കെ എസ് എം ഡി ബി കോളേജിൽ ആരംഭിച്ചു

ശാസ്താംകോട്ട . കെ.എസ് എം ഡി.ബി കോളേജിൽ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സ്പേസ് എക്സിബിഷൻ – ‘ഫ്രം സ്പേസ് ടു സൊസൈറ്റി’ വി.എസ്. എസ്.സി, എസ്.പി . എൽ ഡയറക്ടർ ഡോ. തരുൺ കുമാർ പന്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ നേട്ടമായ ചന്ദ്രയാൻ ദൗത്യത്തിലെ അഭിമാനകരമായ നിമിഷങ്ങളെ വിദ്യാർത്ഥികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി.

കൂടാതെ മനുഷ്യ ശരീരത്തിലെ പല മൂലകങ്ങളും പുരാതന നക്ഷത്രങ്ങളുടെ ശേഷിപ്പുകളാണെന്ന ശാസ്ത്രീയ കാഴ്ചപ്പാടിനെ അവതരിപ്പിക്കുകയുംചെയ്തു. പ്രസ്തുത ചടങ്ങിൽ നാഷണൽ സ്പെയ്സ് ഡേയുടെ പ്രാധാന്യത്തെക്കുറിച്ച് വി.എസ്. എസ്. സി, സ്പെയ്സ് ട്രാൻസ്പോർട്ടേഷൻ പ്രോഗ്രാം ഡയറക്ടർ അനിത എസ്. സംസാരിച്ചു. നമ്മുടെ രാജ്യത്തിന് ഐ. എസ്. ആർ. ഒ .നല്കുന്ന സംഭാവനകൾ നിസ്തുലമാണെന്നും ഇത്തരം പ്രദർശനങ്ങൾ ഭാവിതലമുറയ്ക്ക് ശാസ്ത്രാഭിമുഖ്യത്തോടെ വളരാൻ പ്രചോദനമാകുമെന്നും പ്രിൻസിപ്പൽ , പ്രൊഫ. ഡോ. കെ. എസ്. അനിൽ കുമാർ അഭിപ്രായപ്പെട്ടു.


കോളേജിലെ വിവിധ പഠന വിഭാഗങ്ങൾ ഒരുക്കിയ ശാസ്ത്ര പ്രദർശനങ്ങൾ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് ഡെപ്യൂട്ടി ഡയറക്ടർ, അനിൽകുമാർ വി. ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഖാദി ബോർഡ്, ഹോർട്ടികോർപ്പ്, റബ്ബർ ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെയും പ്രദർശനവും വിപണനവും ഭക്ഷ്യമേളയും നടന്നു.കൊല്ലം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ആദ്യ ദിനം പ്രദർശനം കാണാനെത്തി. ഐ. എസ്. ആർ. ഒ ശാസ്ത്ര ജ്ഞരുടെ നേതൃത്വത്തിൽ കോളേജ് അങ്കണത്തിൽ നടത്തിയ വാട്ടർ റോക്കറ്റ് വിക്ഷേപണം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. ഡോ. ആനന്ദ് കുമാർ ആർ. ടി , നിതീഷ് .കെ എസ് .വിജയകുമാർ എസ്. നായർ, ജഞാനപ്പഴം, ഡോ. മീര എ.പി., ഡോ.ആശാ രാധാകൃഷ്ണൻ, രാഗി ആർ.ജി എന്നിവർ സംസാരിച്ചു

കെവിന് വീടൊരുക്കി സഹപാഠികൾ

ശാസ്‌താംകോട്ട:കോവൂർ യു.പി സ്കൂളിലെ കെവിൻ എന്ന വിദ്യാർത്ഥിക്ക്
സ്കൂൾ മാനേജ്മെന്റ്,സഹപാഠികൾ, അധ്യാപകർ,പിറ്റിഎ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണ ചടങ്ങ് ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് മുഹ്സിൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഓണ സ്നേഹോപഹാരവിതരണം മാനേജർ അജിത് കുമാർ.ബി.പിള്ള നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ,വാർഡ് മെമ്പർ എബി പാപ്പച്ചൻ,എഇഒ അനിത റ്റി.കെ,എംപിറ്റിഎ പ്രസിഡന്റ് അഡ്വ.പാർവ്വതി.വി,വി.എൻ സദാശിവൻ പിള്ള,ജയമോഹൻ,അശ്വതി അനിൽ എന്നിവർ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് ബി.സേതുലക്ഷ്മി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഉഷാകുമാരി.വി നന്ദിയും പറഞ്ഞു.

ഗൃഹാങ്കണ വായന സദസ് നടത്തി

ശാസ്താംകോട്ട: മൈനാഗപ്പള്ളി കല്ലുകടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഖാവ് കെ.ശ്രീധരൻ ഗ്രന്ഥശാലയുടെ പത്താമത് പ്രതിമാസഗൃഹാങ്കണ വായനാ സദസ് പ്രമുഖ നാടക പ്രവർത്തകനും
ഷോർട്ട് ഫിലിം സംവിധായകനുമായ പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കെ . ആർ മീരയുടെ “യൂദാസിൻ്റെ സുവിശേഷം”
എന്ന നോവലിനെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ എച്ച് അൻവർ ഹുസൈൻ അവതരിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടി പിള്ള അദ്ധ്യക്ഷനായി.
കെ രാജീവ്, ഫിദാ ഫാത്തിമ, ബി ലാലു, അഡ്വ ആര്യ,
അജിത കാട്ടിശ്ശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി
കവി പി. ശിവപ്രസാദ്, നവോദയ ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറി എസ് ബഷീർ,CPIM ലോക്കൽ സെക്രട്ടി ആർ കമൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രന്ഥശാല സെക്രട്ടറി എം.സതീശൻ സ്വാഗതവും ലൈബ്രേറിയൻ വി.വി. മിനിമോൾ നന്ദിയും പറഞ്ഞു.

ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; എട്ടാം നിലയില്‍നിന്ന് ചാടി വെറ്ററിനറി ഡോക്ടര്‍ ജീവനൊടുക്കി…. സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഗോരഖ്പുർ: ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ 52കാരനായ വെറ്ററിനറി ഡോക്ടർ എട്ടാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ വെറ്ററിനറി ഓഫീസറായ ഡോ. പരമാത്മ സിങ്ങാണ് മരിച്ചത്.

വീട്ടുവായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഗരിമ സിങ് എന്ന യുവതി കബളിപ്പിച്ച് പണം തട്ടിയെന്നാരോപിച്ച് ഡോ. പരമാത്മ സിങ് ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്.

വീട്ടുവായ്പ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞാണ് പിച്ച്ഡി ബിരുദധാരിയായ ഗരിമ സിങ് ഡോക്ടറിൽനിന്ന് വീടിന്റെ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ വാങ്ങിയത്. എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും വായ്പ ലഭിച്ചില്ല. ഇതിനിടെ വിവിധ ബാങ്കുകളിൽനിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ ഫോണിലേക്ക് വിളികൾ എത്തിത്തുടങ്ങി. ഇതോടെയാണ് താൻ തട്ടിപ്പിനിരയായ വിവരം ഡോക്ടർ തിരിച്ചറിഞ്ഞത്.

ഡോക്ടറുടെ അറിവോ സമ്മതമോ ഇല്ലാതെ ഗരിമ സിങ്ങും പിതാവും ചേർന്ന് ആറ് ബാങ്കുകളിൽനിന്നായി ഏകദേശം ഒരു കോടി 40 ലക്ഷം രൂപയുടെ വായ്പ എടുത്തതായാണ് പരാതി. തട്ടിപ്പ് മനസ്സിലായ ഉടൻ ഡോക്ടർ പൊലീസിനെ സമീപിച്ചെങ്കിലും അടിയന്തര നടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.

പണം തിരിച്ചുകിട്ടാത്തതും വീട് നഷ്ടപ്പെടുമെന്ന ആശങ്കയും ഡോക്ടറെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിവുപോലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ടെറസിൽ നടക്കാനിറങ്ങിയ ഡോക്ടർ 15 മിനിറ്റിനുശേഷം എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഭാര്യ ഉടൻ തന്നെ ഡോക്ടറെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡോക്ടറുടെ പക്കൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ഗരിമ സിങ്ങിന്റെയും പിതാവിന്റെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡോക്ടറുടെ മരണത്തിന് പിന്നാലെ ഗരിമ സിങ്ങിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുവരികയാണ്.

പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയത് പകയായി; യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു

പറവൂര്‍: എറണാകുളം മുറവന്തുരുത്തില്‍ സുഹൃത്തിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിന്‍ (34) അറസ്റ്റിലായി.

വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ കൊലപാതകം നടന്നത്. അഞ്ച് വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍ നാല് മാസം മുന്‍പ് സുരമ്യ ബന്ധത്തില്‍നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ഷിബിന്‍ സുരമ്യയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച ഷിബിന്‍ സുരമ്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തില്‍ ട്രെയിനിയായിരുന്ന സുരമ്യ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. ബസില്‍ പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ മുറവന്തുരുത്തിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ കത്തിയെടുത്ത് സുരമ്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ആക്രമണത്തിനിടെ ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്.

സംഭവസമയത്ത് ഷിബിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതിനിടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതശരീരം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്‌കാരം നടക്കും. സംഭവത്തില്‍ വടക്കേക്കര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി സുരമ്യ മത്സരിച്ചിരുന്നു. ശശികുമാറിന്റെയും സബിതയുടെയും മകളാണ്. സഹോദരന്‍: സൂരജ്.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കുന്നതിന് സി പി ഐക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും പാർലമെന്‍ററി പാർട്ടി യോഗം മാത്രമായി ചേരുന്നത് ഔചിത്യം അല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയിൽ ചർച്ച വന്നാൽ പ്രതിപക്ഷ ഉപ നേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടും. എൽ ഡി എഫിനെ സി പി ഐക്ക് നന്നായി അറിയാമെന്നും ആവശ്യത്തിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോകില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടങ്ങിയ പ്രതിസന്ധി
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി ഉടലെടുത്തത്. പ്രശ്നത്തിന് പരിഹാരം കാണാൻ സി പി ഐയും സി പി എമ്മും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഉപ നേതാവ് പദവി തങ്ങൾക്കാണ് എന്ന കീഴ്വഴക്കമാണ് സി പി എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യത്തിൽ പിണറായി വിജയന്‍റെയും എം വി ഗോവിന്ദന്‍റെയും വാദങ്ങൾക്കെതിരെ തുറന്നടിച്ച് നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കീഴ്വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറിയേ തീരൂ എന്നുമാണ് ബിനോയ് വിശ്വം പരസ്യമായി പറഞ്ഞത്. എല്ലാ സ്ഥാനവും ഒരു പാർട്ടിക്ക് എന്ന രീതി മാറണമെന്ന നിലപാടും ബിനോയ് ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നോ കൊംപ്രമൈസ് എന്ന നിലപാടിൽ ഒരു മാറ്റവും പ്രതീക്ഷിക്കണ്ടെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി കൊച്ചുകുറ്റിയിൽ ആസിക്കുട്ടി നിര്യാതയായി

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുമായ ആദിനാട് നാസറിന്റെ മാതാവും പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യയുമായ കൊച്ചുകുറ്റിയിൽ ആസിക്കുട്ടി(87) നിര്യാതയായി.
മറ്റു മക്കൾ :റഫീഖബീവി (പരേത) കെ. എ. റഹീം(വാട്ടർ അതോറിറ്റി) ലൈല ബീവി, കെ.സലീം (റിട്ട.ജില്ലാ എംപ്ലോയ്മെന്റ്ഓഫീസർ ) മരുമക്കൾ : മുഹമ്മദ്‌ കുഞ്ഞു ( റിട്ട അധ്യാപകൻ ) നഫീസ ബീവി, ഖലീലുദീൻ കുഞ്ഞു ( റിട്ട. എ.ഇ.ഒ ), സജീദ ബീഗം , തസ്‌നി

ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
വൈകുന്നരമായിരുന്നു അപകടം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി

പത്തനംതിട്ട: മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ റാന്നി പൊലീസിൽ പരാതി. റാന്നി സ്വദേശി റെജിക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്.

മദ്യപിച്ചെത്തുന്ന ഭർത്താവ് സ്ഥിരമായി തന്നെ മർദിക്കാറുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. മർദനം സഹിക്കവയ്യാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓണം മുന്നില്‍ക്കണ്ട് വ്യാജമദ്യ നിര്‍മാണം; 250 ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും പിടികൂടി

തൃശൂര്‍: ഓണം മുന്നില്‍ക്കണ്ട് നടത്തിയ വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. ചേര്‍പ്പ് എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 250 ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി ജിതിന്‍ (27) അറസ്റ്റിലായി.

കോടന്നൂര്‍ ഭാഗത്ത് രണ്ട് വ്യാജമദ്യ കേസുകളില്‍ നേരത്തെ പിടിയിലായിരുന്ന ജിതിനെ ചോദ്യം ചെയ്തതോടെയാണ് ചേര്‍പ്പിലെ വ്യാജമദ്യ നിര്‍മാണകേന്ദ്രത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ വ്യാജമദ്യവും സ്പിരിറ്റും കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.