Home Blog Page 242

കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയിലൂടെ മെമു സര്‍വ്വീസ് ആരംഭിക്കണം; എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയിലൂടെ മെമു സര്‍വ്വീസ് ആരംഭിക്കണമെന്നും, കൊല്ലം ദക്ഷിണ റയില്‍വേയുടെ മെമു ഹബ്ബായി മാറുമ്പോള്‍ കൊല്ലം – ചെങ്കോട്ട മെമു സര്‍വ്വീസിന് മുന്‍ഗണന നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ന്യുഡല്‍ഹിയില്‍ റയില്‍വേ മന്ത്രി അശ്വനി വൈഷണവിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയാണ് ആവശ്യം ഉന്നയിച്ചത്.

പാതയിലെ തീവണ്ടികള്‍ പൂര്‍ണ്ണമായും ഐ.സി.എഫില്‍ നിന്നും എല്‍.എച്ച്.ബി ലേയ്ക്ക് മാറ്റുക, കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, വേഗത കൂട്ടുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുക, രാവിലെയും വൈകുന്നേരവും കൊല്ലം – ചെങ്കോട്ട പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക പാതയിലൂടെ ഓടുന്ന തീവണ്ടിയില്‍ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാസഞ്ചര്‍ ട്രെയിനുകളും മെമ്മു സര്‍വ്വീസുകളും ആവശ്യത്തിനില്ലാത്തതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് പാതയുടെ പ്രയോജനം ലഭിക്കുന്നില്ല. ചെറിയ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. മെമു/പാസഞ്ചര്‍ സര്‍വ്വീസ് രാവിലെയും വൈകുന്നേരവും കൊല്ലം ചെങ്കോട്ട പാതയില്‍ വേണമെന്നാവശ്യം വര്‍ദ്ധിച്ചു വരികയാണ്. പാതയുടെ ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി 500 കോടിയിലേറെ രൂപ മുടക്കിയിട്ടും പാത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഗേജ് മാറ്റത്തിന് മുമ്പുണ്ടായിരുന്ന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കണം. എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. കോച്ചുകളുടെ എണ്ണ കുറവ് മൂലം തിരക്ക് വര്‍ദ്ധിക്കുകയും വേഗത കുറവ് യാത്രാ സമയം കൂട്ടുകയും ചെയ്യുന്നു. റയില്‍പ്പാത കമ്മീഷന്‍ ചെയ്തിട്ടും അതിന്റെ പ്രയോജനം പാത കടന്ന് പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ലഭ്യമാകാത്ത സാഹചര്യമാണ്. തെന്മല, ആര്യങ്കാവ് തുടങ്ങി വളരെപ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പോലും എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് നിലവിലില്ല. ദക്ഷിണ ഭാരതത്തിലെ പ്രകൃതി ഭംഗി കൊണ്ട് ആകര്‍ഷണീയമായതും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയുന്നതുമായ കൊല്ലം – ചെങ്കോട്ട പാതയില്‍ വിസ്റ്റാഡോം കോച്ച് അനുവദിക്കേണ്ടത് അനിവാര്യമാണ്. റയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കി കൊല്ലം – ചെങ്കോട്ട പാത പരമാവധി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

കൊട്ടാരക്കരയില്‍ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

കൊട്ടാരക്കര: മൂഴിക്കോട് യുവാവിനെ അയല്‍വാസി കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ചെമ്പട്ട്വിള പുത്തന്‍വീട്ടില്‍ ആദര്‍ശ് (30) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ നെല്ലിവിള വീട്ടില്‍ സുനില്‍കുമാര്‍ (40) ആണ് പ്രതി.
മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിയുടെ വീട്ടില്‍ ഇരുവരും മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സിറ്റൗട്ടില്‍ ഇരുന്ന ആദര്‍ശിനെ സുനില്‍കുമാര്‍ വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് വെട്ടുകയായിരുന്നു. നിരവധി വെട്ടേറ്റാണ് ആദര്‍ശ് മരിച്ചത്.
കൊലപാതകത്തിന് പിന്നാലെ ആദര്‍ശിന്റെ മൃതദേഹത്തില്‍ പൂക്കള്‍ വച്ച ശേഷം പ്രതി ബന്ധുവിന്റെ വീടിന് സമീപം പതുങ്ങിനിന്നു. വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പോകാന്‍ ആവശ്യപ്പെട്ടതോടെ പ്രതി തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പോലീസ് സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
തേവലപുരത്ത് നിന്നെത്തിയ സുനില്‍കുമാര്‍ രണ്ട് വര്‍ഷത്തോളമായി മൂഴിക്കോടാണ് താമസം. പരിസരവാസികളുമായി അധികം അടുപ്പം കാണിക്കാത്ത സ്വഭാവക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആദര്‍ശിന്റെ മാതാപിതാക്കള്‍: അശോകന്‍, അശോക. സഹോദരി: അശ്വതി.

എയർടെൽ നാല് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു; റീചാർജിന് ഇനി കൂടുതൽ ചെലവ്

ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള 299, 579, 619, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ എയർടെൽ പിൻവലിച്ചു. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ പല ഉപഭോക്താക്കളും ഉയർന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറേണ്ടിവരും.

299 രൂപയുടെ പ്ലാനിന് പകരം ഇനി 349 രൂപയുടെ പ്ലാനാണ് ലഭിക്കുക. 16 ശതമാനം വരെ നിരക്ക് വർധിച്ചെങ്കിലും പ്രതിദിന ഡേറ്റ 1.5 ജിബിയിൽ നിന്ന് 2 ജിബിയായി ഉയരും. 199, 219 രൂപയുടെ 28 ദിവസത്തെ പ്ലാനുകൾ തുടരും. ഇവയിൽ അൺലിമിറ്റഡ് കോളും യഥാക്രമം 2 ജിബി, 3 ജിബി ഡേറ്റയും ലഭിക്കും.

എല്ലാ പ്ലാനുകളുടെയും നിരക്ക് ഒരേസമയം ഉയർത്താതെ തിരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രം മാറ്റം വരുത്തിയതാണ് എയർടെലിന്റെ നടപടി. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽനിന്ന് കൂടുതൽ വരുമാനം നേടുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

ഡിജിറ്റല്‍ റീസര്‍വ്വേ: ജില്ലയിലെ പുരോഗതി വിലയിരുത്തി

കൊല്ലം: സംസ്ഥാനത്തെ ഭൂമി സംബന്ധമായ വിവരങ്ങളും രേഖകളും സര്‍വ്വേ നടപടികളും ഡിജിറ്റല്‍വല്‍ക്കരിക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ നിലവിലെ പുരോഗതിയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും വിശദമാക്കി.
10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1.31 ലക്ഷം പരാതികളില്‍ 63 ശതമാനവും 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പരിഹരിച്ചു. ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് ജില്ലയില്‍ നിന്ന് ലഭിച്ച 4374 പരാതികള്‍ തീര്‍പ്പാക്കി. പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കാന്‍ 51 ഓളം ഡിജിറ്റല്‍ അപ്ഡേഷനുകള്‍ നടത്തി. വാര്‍ഡ്തല സഭകള്‍ കൂടുതല്‍ സജീവമാക്കണം.
താഴെ തട്ടിലേക്ക് കൂടുതല്‍ പ്രചാരണപരിപാടികള്‍ നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സര്‍വ്വേ-ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പ് ഡയറക്ടര്‍ ഡോ.ജെ.ഒ. അരുണ്‍ അധ്യക്ഷനായി. അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.സതീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്.ബിനു, സബ് കളക്ടര്‍ അഖില്‍.വി.മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം കവടിയാറിൽ

തിരുവനന്തപുരം:
ഭാരതത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.
15 ന് രാവിലെ 8.30 ന്
കവടിയാർ ബിലീവേഴ്സ് ഈസ്‌റ്റേൺ സഭാ ആസ്ഥാനത്ത് റൈറ്റ്.റവ ഡോ. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ദേശീയ പതാക ഉയർത്തും.കെ സി സി അസ്സോസിയേറ്റ് സെക്രട്ടറി റവ.എ.ആർ നോബിൾ, ജില്ലാ പ്രസിഡൻ്റ് റവ. ടി. ദേവപ്രസാദ്, വട്ടിയൂർക്കാവ് അസംബ്ലി പ്രസിഡൻ്റ് ഫാ. സാം കാഞ്ഞിക്കൽ കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ സംബന്ധിക്കും.

രാഹുലിന്‍റെ ‘ഫാമിലി’,ആ വിവാദ ചിത്രത്തിനുള്ള മറുപടിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രത്തെച്ചൊല്ലി ബിജെപി ഉയര്‍ത്തിയ വിവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ചിത്രത്തില്‍ രാഹുലിനൊപ്പമുള്ളത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നും സ്ത്രീകളോടുള്ള ബിജെപിയുടെ സങ്കുചിത മനോഭാവമാണ് ഗിരിരാജ് സിങ്ങിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ എക്സില്‍ കുറിച്ചു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് എക്സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രം പങ്കുവെച്ചത്. നീലക്കടലിന്റെ പശ്ചാത്തലത്തില്‍ ഒരു ബോട്ടിലിരിക്കുന്ന രാഹുല്‍ ഗാന്ധിയെയും, ഒപ്പം കറുത്ത ശിരോവസ്ത്രവും സണ്‍ഗ്ലാസും ധരിച്ച സ്ത്രീയുമാണ് ചിത്രത്തിലുള്ളത്. ഇവരുടെ ഇടയില്‍ ഒരു കുട്ടിയുമുണ്ട്. ‘രാഹുല്‍ ജീ, ഈ ചിത്രം എവിടെയാണ് എടുത്തത്, എപ്പോഴാണ് എടുത്തത്, ഒപ്പമുള്ള ആളുകള്‍ ആരാണ്? എനിക്ക് അറിയാന്‍ കൗതുകമുണ്ട്!’ എന്ന കുറിപ്പോടെയാണ് ഗിരിരാജ് സിങ് ചിത്രം പങ്കുവെച്ചത്.

കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് രൂക്ഷ ഭാഷയിലാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ മറുപടി നല്‍കിയത്. ‘ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുമ്പോള്‍ നീചമായ ചിന്തകള്‍ മാത്രമേ നിങ്ങള്‍ക്ക് വരൂ. ചിത്രത്തിലെ സ്ത്രീയും കുട്ടിയും രാഹുല്‍ ജിയുടെ സുഹൃത്തിന്റെ ഭാര്യയും കുട്ടിയുമാണ് – അവര്‍ ഒരുമിച്ച് ഒരു അവധിക്കാലം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത് ഫോട്ടോയിലില്ല. നിങ്ങളെപ്പോലുള്ള വൃത്തികെട്ട ഇഴജന്തുക്കളുടെ ഇടയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’ -അവര്‍ കുറിച്ചു.

യുഎസിലെ ടെക്സാസിലുള്ള ലേക്ക് റേ റോബര്‍ട്ട്സില്‍ വെച്ചാണ് ഈ ചിത്രം എടുത്തതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചുമതലയുള്ള ആവിദ് ദണ്ടിയ വ്യക്തമാക്കി. ‘പ്രായമാകുമ്പോള്‍ കൗതുകം അത്ര നല്ലതല്ല… നല്ല വല്ല ഡോക്ടറെയും കാണുന്നത് നന്ന്’ -യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഗിരിരാജ് സിങ്ങിനെ പരിഹസിച്ചു.

ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നു,പറക്കലിനിടെ താന്‍ കോക്പിറ്റിനുള്ളില്‍ വെച്ച് 35 മിനിറ്റോളം ഉറങ്ങി,എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, കടുത്ത നീക്കവുമായി ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 4-ന് ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് താഴേക്ക് പതിച്ച് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പറക്കലിനിടെ താന്‍ കോക്പിറ്റിനുള്ളില്‍ വെച്ച് 30 മുതല്‍ 35 മിനിറ്റോളം ഉറങ്ങിയിരുന്നുവെന്ന് വിമാനത്തിലെ പൈലറ്റ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് സംഭവദിവസത്തെ കാര്യങ്ങള്‍ വിശദീകരിച്ചത്.

വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് കടുത്ത ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നുവെന്നും കുടുംബ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും പൈലറ്റ് സമ്മതിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ലേഓവര്‍ സമയത്തും തനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. അപകടത്തിന് ശേഷമുള്ള പൈലറ്റിന്റെ ലഹരി പരിശോധനയില്‍ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് എയര്‍ലൈന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കണമെന്ന നിയമം പൈലറ്റ് പാലിച്ചിരുന്നോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

കോക്പിറ്റില്‍ സംഭവിച്ചത് എന്ത്?
പറക്കലിനിടെ 35 മിനിറ്റോളം ഉറങ്ങിയ ശേഷം എഴുന്നേറ്റ പൈലറ്റ് വാഷ്റൂമില്‍ പോയി തിരികെ കോക്പിറ്റിലേക്ക് എത്തിയ സമയത്താണ് അപകടമുണ്ടാകുന്നത്. കോക്പിറ്റില്‍ ഫസ്റ്റ് ഓഫീസര്‍ക്ക് പിന്നില്‍ നിന്ന് എയര്‍ കണ്ടീഷനിങ് സിസ്റ്റത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശക്തമായ ആഘാതത്തില്‍ താന്‍ കോക്പിറ്റിന്റെ തറയിലേക്ക് തെറിച്ചുവീണുവെന്ന് പൈലറ്റിന്റെ മൊഴിയില്‍ പറയുന്നു. ഈ സമയത്ത് ഫസ്റ്റ് ഓഫീസറായിരുന്നു വിമാനം പറത്തിയിരുന്നത്. കോക്പിറ്റിലുണ്ടായിരുന്ന ക്യാബിന്‍ ക്രൂ അംഗമാണ് വീണുപോയ പൈലറ്റിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്.

ഒരു മിനിറ്റില്‍ ഉയര്‍ന്നത് 9 മുന്നറിയിപ്പുകള്‍
VT-EXO എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള എയര്‍ബസ് A320 വിമാനത്തിലെ ‘സെന്‍ട്രലൈസ്ഡ് ഫോള്‍ട്ട് ഡിസ്പ്ലേ സിസ്റ്റം’ പരിശോധിച്ചതില്‍ നിന്ന് അപകട സമയത്തെക്കുറിച്ചുള്ള കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തേക്ക് വിമാനം പ്രവേശിച്ച ഘട്ടത്തില്‍, രാവിലെ 9.32-ഓടെ ഒരൊറ്റ മിനിറ്റിനുള്ളില്‍ ഒന്‍പതോളം അടിയന്തര വാണിംഗ് മെസ്സേജുകളാണ് സിസ്റ്റത്തില്‍ ഉയര്‍ന്നത്.

വിമാനത്തിലെ ഗ്രീന്‍, ബ്ലൂ, യെല്ലോ ഹൈഡ്രോളിക് സിസ്റ്റങ്ങളിലെ പ്രഷര്‍ കുറഞ്ഞതും, യെല്ലോ, ബ്ലൂ സിസ്റ്റങ്ങളിലെ റിസര്‍വോയര്‍ ലെവല്‍ താഴേക്ക് പോയതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഓട്ടോ പൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും എലിവേറ്റര്‍ ഫ്‌ലൈറ്റ് കണ്‍ട്രോളില്‍ തകരാര്‍ നേരിടുകയും ചെയ്തു.

തുടര്‍ന്ന് 9.33-നും 9.35-നും ഇടയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ സെന്‍സറുകളിലും മുന്നറിയിപ്പുകള്‍ സജീവമായി. പിന്നീട് 10.52-ന് വീണ്ടും ഒരു തവണ കൂടി ഓട്ടോ പൈലറ്റ് സിസ്റ്റം വിച്ഛേദിക്കപ്പെട്ടു. ഫ്‌ലൈറ്റ്രാഡാര്‍ ഡാറ്റ പ്രകാരം 36,160 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 35,800 അടിയിലേക്ക് (ഏകദേശം 360 അടി താഴേക്ക്) കുത്തനെ പതിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകങ്ങള്‍ പെട്ടെന്ന് മാറിയതാവാം ഒരു മിനിറ്റില്‍ നിരവധി മുന്നറിയിപ്പുകള്‍ ഉയരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു.

അതിനിടെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന (സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്) നിർബന്ധമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു.

രണ്ട് എയർലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. നിലവിലെ വ്യോമയാന നിയമങ്ങൾ അനുസരിച്ച് എയർലൈൻ ക്രൂ അംഗങ്ങളിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഒരു വർഷം ലഹരി പരിശോധന നടത്തേണ്ടതുള്ളത്. എന്നാൽ ഈ നിയമം മറികടന്ന് തങ്ങളുടെ മുഴുവൻ പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.

ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം, യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദൃശ്യം മോഡലില്‍ വീടിന് അകത്തു കുഴിച്ചിടാനായിരുന്നു ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. കേസില്‍ 38 കാരിയായ ഷര്‍മിള പ്രവീണ്‍ ജഗ്താപ് ആണ് അറസ്റ്റിലായത്.

ഭര്‍ത്താവ് പ്രവീണ്‍ ജഗ്താപ് ആണ് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടത്. ജൂലൈ 30 നാണ് കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിക്കുന്നത്. ഭര്‍ത്താവ് പ്രവീണിന് യുവജി ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതോടെ രണ്ടു ദിവസം പ്രവീണ്‍ അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിനാണ് പ്രവീണിന് നേരിയ രീതിയില്‍ ബോധം വീണത്.

ഇതോടെ യുവതി ബാറ്റുകൊണ്ട് പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ഇതിനിടെ വീടിന് അകത്ത് ഇഷ്ടിക കൊണ്ട് ചതുരാകൃതിയില്‍ പ്രത്യേക കല്ലറ യുവതി കെട്ടിയുണ്ടാക്കിയിരുന്നു. ഇതില്‍ ഭര്‍ത്താവിനെ കിടത്തി സ്ലാബ് ഇട്ടു മൂടാനായിരുന്നു പദ്ധതി. നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചതാണ് പദ്ധതി പുറം ലോകം അറിയാനിടയാക്കിയത്.

കൂടിയ അളവില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കി മര്‍ദ്ദിച്ചവശനാക്കി വലിച്ചിഴച്ച് ബാല്‍ക്കണിയില്‍ നിന്നും, പ്രത്യേകം തയ്യാറാക്കിയ കുഴിയിലേക്ക് ഇടുകയായിരുന്നു. പ്രവീണിനൊപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനും യുവതി ഉറക്കഗുളിക നല്‍കിയിരുന്നു. എന്നാല്‍ ബോധം വീണ്ടെടുത്ത അമ്മ നോക്കുമ്പോള്‍ കണ്ടത്, മകനെ യുവതി മര്‍ദ്ദിക്കുന്നതാണ്. തുടര്‍ന്ന് മറ്റൊരു മകനെ വിളിച്ചു വരുത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാളെത്തിയാണ് കുഴിയില്‍ കിടന്ന പ്രവീണിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

പ്രവീണിന്റെ അച്ഛന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദത്തിന്റെ ഫലമായാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. യുവതി വീട്ടിലെ കലണ്ടറില്‍ ജൂലൈ 13 നും 14 നും നോ റിസള്‍ട്ട് എന്ന് എഴുതിയിരുന്നു. ഇത് ദുര്‍മന്ത്രവാദത്തിന്റെയോ പൈശാചിക ആരാധനയുടേയോ ഭാഗമാകാമെന്ന് പ്രവീണ്‍ ആരോപിക്കുന്നു. യുവതിക്ക് വലിയ അളവില്‍ ഉറക്കഗുളിക നല്‍കിയ മെഡിക്കല്‍ ഷോപ്പിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

24കാരിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധം ഒഴിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ഷിബു ബേബിജോണ്‍ മുഖ്യാതിഥി

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വനം-വന്യജീവി, നൈപുണ്യവികസനവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ഓഗസ്റ്റ് 15ന് ആശ്രാമം മൈതാനത്താണ് പരിപാടികള്‍. രാവിലെ 8.50ന് പരേഡ് അണിച്ചേരും. 8.52ന് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 9.02ന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.05ന് പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധിക്കും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും, തുടര്‍ന്ന് ട്രോഫികളുടെ വിതരണം നടത്തി ദേശീയഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം.
ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. പൊലീസ്, എക്‌സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് സംഘങ്ങളും പങ്കെടുക്കും