26.6 C
Kollam
Monday 21st September, 2026 | 08:07:22 PM
Home News Breaking News മുഖ്യമന്ത്രി ബിജെപി ക്യാപ്റ്റൻ! രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഡീലിന്റെ ഭാഗം: കെ.സി. വേണുഗോപാൽ

മുഖ്യമന്ത്രി ബിജെപി ക്യാപ്റ്റൻ! രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഡീലിന്റെ ഭാഗം: കെ.സി. വേണുഗോപാൽ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ബിജെപിയുടെ ക്യാപ്റ്റനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

ബിജെപിയുടെ അതേ പാത പിന്തുടർന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണ്. രാഹുലിനെ ഏറ്റവുമധികം വേട്ടയാടുന്നത് ബിജെപിയാണ്, ഇപ്പോൾ മുഖ്യമന്ത്രിയും ആ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

സ്വന്തം ബന്ധുക്കളെയും അഴിമതികളെയും രക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ സാഷ്ടാംഗം വീണ ആളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പാർട്ടിയേക്കാൾ വലുത് സ്വന്തം താൽപ്പര്യങ്ങളാണ്. അതുകൊണ്ടാണ് സി.പി.ഐ.എമ്മിൽ ഇന്ന് കാണുന്ന രീതിയിലുള്ള വലിയ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നത് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

മുതിർന്ന നേതാവ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെയും വേണുഗോപാൽ വിമർശിച്ചു. സുധാകരനെ കുറിച്ച് മുഖ്യമന്ത്രി ഉപയോഗിച്ച തരംതാഴ്ന്ന ഭാഷ തനിക്ക് വഴങ്ങില്ലെന്നും ആ ഭാഷാശൈലി പിണറായി വിജയന് മാത്രമേ പരിചയമുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.