Home Blog Page 243

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണം; കെ.ബി. ഗണേഷ് കുമാര്‍

പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണമെന്നും എന്നാൽ ഇതിനെതിരെ കേസ് കൊടുക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭൻ കേസും കൂട്ടവുമായി നടക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ നിർദ്ദേശം താൻ പാലിക്കുന്നുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. എൻ.എസ്.എസിനെ തകർക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് സുകുമാരൻ നായർക്ക് ഒപ്പം നിന്നതെന്നും എന്നാൽ രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്ന നടപടിയെ എന്ത് പേര് വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു. എൻ.എസ്.എസിൽ ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും, ആ കരാള ഹസ്തത്തിൽ നിന്നുള്ള മോചനമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മകളെക്കുറിച്ചും മകനെയും കൊച്ചുമക്കളെക്കുറിച്ചും തനിക്ക് പലതും പറയാനുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഗണേഷ് കുമാർ, എൻ.എസ്.എസ് വഴി തനിക്ക് കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും നായർ സമുദായ അംഗങ്ങൾ ഇത് ഓർക്കണമെന്നും ഓർമ്മിപ്പിച്ചു. കിട്ടുന്നത് കൊണ്ട് മാത്രം കഴിഞ്ഞുകൂടാമെന്ന് നായന്മാർ കരുതരുത്. ധനലക്ഷ്മി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയ വ്യക്തിയാണ് ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതെന്നും, തനിക്ക് ധനലക്ഷ്മി ബാങ്കിലെ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ബദൽ സംഘടനയൊന്നും ഉണ്ടാക്കില്ലെങ്കിലും ഈ പോരാട്ടത്തിനൊപ്പം ഉണ്ടാകുമെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

ഇന്നത്തെ ഒരു കോടി ആർക്ക്

കാരുണ്യ പ്ലസ് ഫലം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കരുത്; റാപ്പിഡോ, ഊബർ, ഓലകൾക്ക് കേന്ദ്ര നിർദേശം

യാത്ര ബുക്ക് ചെയ്യുമ്പോള്‍ ടിപ്പ് നല്‍കാന്‍ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്ന് ട്രാവല്‍ ആപ്പുകള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വാഹനം ലഭിക്കുമെന്ന തരത്തിലുള്ള പ്രേരണയും പാടില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷന്‍ പ്രദര്‍ശിപ്പിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. റാപ്പിഡോ, ഊബര്‍, ഓല തുടങ്ങിയ ആപ്പുകള്‍ക്ക് ഗതാഗത മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, യാത്ര പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരന് വേണമെങ്കില്‍ സ്വമേധയാ ടിപ്പ് നല്‍കാമെന്നും കേന്ദ്രം അറിയിച്ചു.
റോഡ് ഗതാഗത മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ആപ്പുകളിലെ സവിശേഷതകള്‍ 2025 ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമം കാണിക്കുന്നതോ ആയ ഒന്നും ആപ്പില്‍ നല്‍കരുതെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. നേരത്തെ, ഈ രീതി നിര്‍ത്താന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്ഫോമുകളോട് നിര്‍ദേശിച്ചിരുന്നു.

ചിതറയില്‍ വാടക തര്‍ക്കം: ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീട് ഇടിച്ചുതകര്‍ത്തതായി പരാതി

കൊല്ലം: ചിതറയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ വീട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍, വാടകക്കാരെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പ്രതികള്‍ ആസൂത്രിതമായി വ്യാജ പരാതി നല്‍കിയതായി എഫ്ഐആര്‍. അബ്ദുല്‍ വാഹിദിനെയും ഭാര്യ സുഹറ ബീവിയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടും കടയും തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

ദില്‍ബര്‍, അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

വര്‍ഷങ്ങളായി അബ്ദുല്‍ വാഹിദും സുഹറ ബീവിയും താമസിച്ചിരുന്ന കടയോടുകൂടിയ വീടാണ് ഉടമകള്‍ പൂര്‍ണമായും തകര്‍ത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് കോടതി കേസ് നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. പരാതി നല്‍കുന്നതിനായി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്താണ് വീട് ഇടിച്ചുതകര്‍ത്തതെന്ന് ഇവര്‍ പറഞ്ഞു.

വീട് തകര്‍ന്നതോടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയിലായി. കിടപ്പാടവും കടയും നഷ്ടമായ ദമ്പതികള്‍ ഇന്നലെ രാത്രി തകര്‍ന്ന കെട്ടിടത്തിന് സമീപമാണ് അന്തിയുറങ്ങിയത്. ഇന്നലെ രാത്രി കല്ലേറുണ്ടായതായും ദമ്പതികള്‍ ആരോപിച്ചു.

തപാൽ ഓഫീസുകൾക്ക് പൂട്ട്: ജീവനക്കാരും ഉദ്യോഗാർഥികളും വെട്ടിലാകും, പൊതുജനവും വലയും

പാലക്കാട്‌: തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച്‌ ഡിവിഷനുകളും 15 സബ്‌ ഡിവിഷനുകളും അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കത്തിൽ ജീവനക്കാരും ഉദ്യോഗാർഥികളും വെട്ടിലാകും. പൊതുജനങ്ങളും കേന്ദ്രനീക്കത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരും. ജോലിഭാരവും പുനർവിന്യാസത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റവുമാണ്‌ ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നത്‌. ഗ്രാമീണ മേഖലയിലുള്ള ജീവനക്കാർ ഉൾപ്പടെ കിലോമീറ്ററുകൾ ദൂരമുള്ള മറ്റ്‌ ഓഫീസുകളിൽ ജോലിചെയ്യേണ്ടിവരും. സ്‌ത്രീകളും അസുഖബാധിതരുമാണ്‌ ഏറെ പ്രയാസത്തിലാവുക.

സ്ഥലംമാറ്റമുൾപ്പടെ ഓഫീസിന്റെ വലിപ്പവും ചുമതലകളും അനുസരിച്ച് ഡിവിഷണൽ ഓഫീസിൽ 15 മുതൽ 35 വരെ ജീവനക്കാരാണുണ്ടാവുക. ഡിവിഷൻ മേധാവിയായ സുപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, അസിസ്റ്റന്റ് സുപ്രണ്ട്, ഓഫീസ് സൂപ്പർവൈസർ, ഡിവിഷണൽ ഓഫീസ് ക്ലർക്കുമാർ, ഒന്നോ രണ്ടോ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്‌ ഓഫീസ് പരിപാലനം എന്നിവ നടത്തുന്ന ജീവനക്കാർ എന്നിവരാണ് ഇവിടെയുള്ളത്. സബ്‌ ഡിവിഷൺ ഹെഡ്‌, ഒന്നോ രണ്ടോ മെയിൽ ഓവർസിയർ, ക്ലർക്ക്‌, ഒരു മൾട്ടി ടാസ്‌കിങ് സ്റ്റാഫ്‌ എന്നിങ്ങനെ മൂന്നുമുതൽ അഞ്ചുവരെ ജീവനക്കാരാണ്‌ സബ് ഡിവിഷണൽ ഓഫീസിൽ ഉണ്ടാവുക.

നൂറുകണക്കിന്‌ തസ്‌തികകൾ ഇല്ലതാകുന്നത്‌ അഭ്യസ്‌തവിദ്യരായ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളെ ബാധിക്കും. നിലവിലുള്ള ഒഴിവുകൾ ഇല്ലാതാവുകയും പുതിയ നിയമനങ്ങൾ നടക്കാതിരിക്കുകയും ചെയ്യുന്നത്‌ തൊഴിലവസരങ്ങൾ ഇല്ലാതാക്കും.

കത്തുകൾ, സ്പീഡ് പോസ്റ്റ്, പാഴ്സലുകൾ, ആധാർ സേവനങ്ങൾ, മണി ഓർഡറുകൾ തുടങ്ങിയവയുടെ വിതരണ മേൽനോട്ടം വഹിക്കുന്നത് ഡിഷണൽ ഓഫീസുകളാണ്‌. ഇതില്ലാതായാൽ തപാൽ വിതരണം അവതാളത്തിലാകും. ( പോസ്റ്റ് ഓഫീസ് പാർസൽ സർവീസുകളുടെ ഏകോപനവും താളംതെറ്റും. താപാൽ സേവനം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ അകലെയുള്ള റീജിയണൽ ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്‌ ജനങ്ങളെ ദുരിതത്തിലാക്കും. ഗ്രാമങ്ങളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കേണ്ടത്‌ സബ് ഡിവിഷണൽ ഇൻസ്പെക്ടർമാരാണ്. സബ് ഡിവിഷണൽ ഓഫീസുകൾ ഇല്ലാതായാൽ ഗ്രാമീണ മേഖലയിലെ തപാൽ സർവീസുകളെ ബാധിക്കും.

പാർലമെന്‍റിന്‍റെ സംഭവബഹുലമായ മൺസൂൺ സമ്മേളനത്തിന് നാടകീയമായ അന്ത്യം

ന്യൂഡെല്‍ഹി. പാർലമെന്‍റിന്‍റെ സംഭവബഹുലമായ മൺസൂൺ സമ്മേളനത്തിന് നാടകീയമായ അന്ത്യം. നീണ്ട ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഹാജരായ ലോക്സഭ കാര്യമായ നടപടികളൊന്നുമില്ലാതെ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമാത്രമാണ് അവസാനദിവസം നടന്ന ചടങ്ങ്.

ലോകസഭയിൽ വന്ദേമാതരം പൂർണരൂപത്തിൽ. പ്രാർത്ഥനാ നിർഭരരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ആഴ്ചകൾക്കു ശേഷം ഇരുവരും ഹാജരായ സഭയിൽ നടന്നത് ഇതുമാത്രമാണ്. ചോദ്യോത്തരവേള ഉണ്ടായില്ല; ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടായില്ല; ചർച്ചകളും നടന്നില്ല. വിദ്യാർത്ഥികളെ പൊലീസ് നേരിട്ടതിനെക്കുറിച്ച് ചർച്ചയ്ക്കു തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്‍ററികാര്യമന്ത്രി കിരൺ റിജിജുവും നേരത്തെ പറഞ്ഞിരുന്നു. യുവതലമുറയ്ക്ക് പ്രസംഗമല്ല വേണ്ടത്, ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആ നിർദേശം തള്ളിയിരുന്നു. വർഷകാല സമ്മേളനത്തിൽ ഒരു ദിവസം പോലും ചോദ്യോത്തരവേള ഉണ്ടായില്ല. ചർച്ചകളും ഉണ്ടായില്ല. പ്രതിപക്ഷ ബഹളത്തിൽ മിനിറ്റുകൾകൊണ്ട് നടപടികൾ അവസാനിപ്പിച്ച് ദിവസവും പിരിയുകയായിരുന്നു.

ഈ ബഹളത്തിനിടയിലും നിരവധി ബില്ലുകൾ ചർച്ചകൾ കൂടാതെ ഇരുസഭകളും പാസാക്കി. ആദായ നികുതി ഭേദഗതി ബില്ലും, ബാങ്കിങ് നിയമങ്ങളുടെ ഭേദഗതി ബില്ലും, കേരള എന്നതു കേരളം ആകുന്ന ബില്ലുമെല്ലാം ഇങ്ങനെ സെക്കൻഡുകൾകൊണ്ട് നിയമമായി മാറി. ഇന്നലെ ലോക്സഭ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് വികസന നിയന്ത്രണ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയും പാസാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത കോൺഗ്രസ് യോഗത്തിനു ശേഷം ശുദ്ധികലശം നടത്തിയ സംഭവം ഇന്ന് ഖർഗെ തന്നെ രാജ്യസഭയിൽ ഉന്നയിച്ചു. അത്തരം നടപടികളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു ജെ പി നദ്ദയുടെ മറുപടി.

വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു

കൊല്ലം: വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. കല്ലറ പഴയചന്ത ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നാണ് വിദ്യാർഥി റോഡിലേക്ക് വീണത്. അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിനുള്ളിൽ നല്ല തിരക്കായിരുന്നു.

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുതരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി, സതീശന്‍

തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇക്കാര്യത്തില്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. ഗുരുതരമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതെന്നും സ്പോണസര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും മുഖ്യന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാരിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും സ്പോണസറെ കണ്ടെത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെസിയുടെ സന്ദര്‍ശന വിവാദത്തില്‍ കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. ‘അത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അന്വേഷണം സര്‍ക്കാരിന്റെ പരിധിയിലാണ്. അര്‍ജന്റീനയുടെ കളിക്കായി സ്പോണ്‍സറെ കണ്ടെത്തിയത് ചട്ടവിരുദ്ധമായിട്ടാണ്. താത്പര്യപത്രം ക്ഷണിക്കാതെയാണ് സ്പോണ്‍സറെ തീരുമാനിച്ചത്. വിപണി മൂല്യനിര്‍ണയമോ, സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചില്ല. മുന്‍ സര്‍ക്കാര്‍ അതിന്റെ പലകാര്യങ്ങളും അറിഞ്ഞതുപോലുമില്ല. അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടേയുള്ളൂ. അതിന് മുന്‍പേ ഏതോ ഒരു സ്ഥാപനത്തെ പൂട്ടിക്കാന്‍ വേണ്ടി ഇറങ്ങുകയാണെന്നാണ് ചിലര്‍ പറയുന്നത്’.

‘സ്പോണ്‍സര്‍ ഗുരുതര ക്രമക്കേട് നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അത് കണ്ടെത്തി നോട്ടീസ് നല്‍കിയതാണ്. പക്ഷെ പിന്നീട് ഏഴുമാസത്തോളം അത് മരവിപ്പക്കപ്പെട്ട അവസ്ഥയായിരുന്നു. സര്‍ക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും. അതില്‍ ഉണ്ടായിരിക്കുന്ന അനാസ്ഥയെ കുറിച്ചും അന്വേഷിക്കും. എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കും. ഏത് തരം അന്വേഷണം വേണമെന്ന് അടുത്ത ദിവസം പ്രഖ്യപിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്തായിരുന്നു, സംസ്ഥാനത താത്പര്യം സംരക്ഷിച്ചോ, സ്വകാര്യ കമ്പനി ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ മുതലെടുപ്പ് നടത്തിയോ തുടങ്ങിയതെല്ലാം അന്വേഷണപരിധിയില്‍ വരുമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് ഈ കര്‍ക്കിടക വാവുബലി തര്‍പ്പണം ഭക്തി നിര്‍ഭരം

കാന്‍ബറ. ജീവിച്ചിരിക്കുന്ന ഉറ്റവരെപ്പോലും മറക്കാനിഷ്ടപ്പെടുന്ന ന്യൂജെന്‍ കാലത്ത്, പിതൃക്കളെ ശ്രാദ്ധമൂട്ടി ഒരു വിഭാഗം വിദേശ മലയാളികള്‍. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ, കാൻബറ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഭക്തിപൂർവം നടന്നു. അർജുൻ അയ്യങ്കാർ പണ്ഡിറ്റിന്റെ മുഖ്യകാർമികത്വത്തിലും മാർഗനിർദേശത്തിലുമായിരുന്നു ചടങ്ങുകൾ.

പിതൃസ്മരണയോടെ നടന്ന ആചാരങ്ങളിൽ വിശ്വാസികൾ പങ്കെടുത്ത് പൂർവികർക്കായി ബലിതർപ്പണം നടത്തി. കേരളത്തിന്റെ ആചാരങ്ങളും ആത്മീയ പാരമ്പര്യവും ഓസ്‌ട്രേലിയൻ മണ്ണിൽ പുതുതലമുറയിലേക്കും പകർന്നുനൽകുന്നതിന്റെ ഭാഗമായാണ്, കാൻബറ അയ്യപ്പ സമാജം ചടങ്ങുകൾ ഭക്തിനിർഭരമായി സംഘടിപ്പിച്ചത്.

എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാം,എന്നാല്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമല്ല, അങ്ങനൊരു ടീമും ഇല്ല മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എന്നാല്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തോ ഇപ്പോളോ തനിക്ക് സോഷ്യല്‍ മീഡിയ ടീമില്ലെന്നും കോര്‍ഡിനേറ്ററായി ആരെയും എവിടെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റപ്പോഴാണ് ഹുസൈനെ താന്‍ ആദ്യമായി ഫോണില്‍ വിളിക്കുന്നത്. രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത കൂട്ടത്തില്‍ സൗകര്യപ്പെടുമ്പോള്‍ വീട്ടില്‍ വരാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ആ പഞ്ചായത്തില്‍ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ എംഎല്‍എയ്ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കുമൊപ്പമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. അതിന്റെ ഫോട്ടാകളും ലഭ്യമാണ്. പീന്നീട് പലപ്പോളായി മൂന്നോ നാലോ ഇടത്തുവച്ച് അദ്ദേഹം വന്നു കണ്ടിരുന്നു. ക്രൂരമായ മര്‍ദനമേറ്റ ഒരാളെന്ന നിലയില്‍ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്നത് വരെ അയാള്‍ക്ക് ഇത്തരമൊരു ലഹരിയിടപാടുണ്ടെന്ന് പാര്‍ട്ടിക്കോ മറ്റുള്ളവര്‍ക്കോ അറിവുണ്ടായിരുന്നില്ല.

ഇതോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സതീശന്‍ പ്രതികരിച്ചു. ‘മെറ്റയ്ക്ക് മുന്നില്‍ ഞാന്‍ വലിയ സംഭവമാണെന്നാണ് പ്രചാരണം. സിഎംഒ കേരള എന്ന ഇന്‍സ്റ്റഗ്രാം പേജ് നിലനിര്‍ത്തിത്തരണമെന്ന അപേക്ഷ പോലും കഴിഞ്ഞ രണ്ടു മാസമായി അവര്‍ ശരിയാക്കി നല്‍കിയിട്ടില്ല. എന്നെ അഭിനന്ദിച്ച പോസ്റ്റുകള്‍ വരെ മാധ്യമങ്ങളുച മെറ്റ നീക്കം ചെയ്തിട്ടുണ്ട്. എനിക്കോ എന്റെ ഓഫീസിനോ അത്തരം സ്വാധീനങ്ങളൊന്നുമില്ല, അത്തരത്തിലൊരു അപേക്ഷയും മെറ്റക്ക് നല്‍കിയിട്ടുമില്ല’ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയാല്‍ അതിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.