25.5 C
Kollam
Monday 28th September, 2026 | 04:30:16 AM
Home News National ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; എട്ടാം നിലയില്‍നിന്ന് ചാടി വെറ്ററിനറി ഡോക്ടര്‍ ജീവനൊടുക്കി…. സംഭവത്തില്‍ യുവതി...

ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; എട്ടാം നിലയില്‍നിന്ന് ചാടി വെറ്ററിനറി ഡോക്ടര്‍ ജീവനൊടുക്കി…. സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഗോരഖ്പുർ: ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ 52കാരനായ വെറ്ററിനറി ഡോക്ടർ എട്ടാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ വെറ്ററിനറി ഓഫീസറായ ഡോ. പരമാത്മ സിങ്ങാണ് മരിച്ചത്.

വീട്ടുവായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഗരിമ സിങ് എന്ന യുവതി കബളിപ്പിച്ച് പണം തട്ടിയെന്നാരോപിച്ച് ഡോ. പരമാത്മ സിങ് ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്.

വീട്ടുവായ്പ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞാണ് പിച്ച്ഡി ബിരുദധാരിയായ ഗരിമ സിങ് ഡോക്ടറിൽനിന്ന് വീടിന്റെ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ വാങ്ങിയത്. എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും വായ്പ ലഭിച്ചില്ല. ഇതിനിടെ വിവിധ ബാങ്കുകളിൽനിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ ഫോണിലേക്ക് വിളികൾ എത്തിത്തുടങ്ങി. ഇതോടെയാണ് താൻ തട്ടിപ്പിനിരയായ വിവരം ഡോക്ടർ തിരിച്ചറിഞ്ഞത്.

ഡോക്ടറുടെ അറിവോ സമ്മതമോ ഇല്ലാതെ ഗരിമ സിങ്ങും പിതാവും ചേർന്ന് ആറ് ബാങ്കുകളിൽനിന്നായി ഏകദേശം ഒരു കോടി 40 ലക്ഷം രൂപയുടെ വായ്പ എടുത്തതായാണ് പരാതി. തട്ടിപ്പ് മനസ്സിലായ ഉടൻ ഡോക്ടർ പൊലീസിനെ സമീപിച്ചെങ്കിലും അടിയന്തര നടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.

പണം തിരിച്ചുകിട്ടാത്തതും വീട് നഷ്ടപ്പെടുമെന്ന ആശങ്കയും ഡോക്ടറെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിവുപോലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ടെറസിൽ നടക്കാനിറങ്ങിയ ഡോക്ടർ 15 മിനിറ്റിനുശേഷം എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഭാര്യ ഉടൻ തന്നെ ഡോക്ടറെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡോക്ടറുടെ പക്കൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ഗരിമ സിങ്ങിന്റെയും പിതാവിന്റെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡോക്ടറുടെ മരണത്തിന് പിന്നാലെ ഗരിമ സിങ്ങിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുവരികയാണ്.