25.5 C
Kollam
Monday 28th September, 2026 | 05:44:11 AM
Home News Breaking News പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയത് പകയായി; യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു

പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയത് പകയായി; യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു

പറവൂര്‍: എറണാകുളം മുറവന്തുരുത്തില്‍ സുഹൃത്തിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിന്‍ (34) അറസ്റ്റിലായി.

വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ കൊലപാതകം നടന്നത്. അഞ്ച് വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍ നാല് മാസം മുന്‍പ് സുരമ്യ ബന്ധത്തില്‍നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ഷിബിന്‍ സുരമ്യയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച ഷിബിന്‍ സുരമ്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തില്‍ ട്രെയിനിയായിരുന്ന സുരമ്യ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. ബസില്‍ പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ മുറവന്തുരുത്തിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ കത്തിയെടുത്ത് സുരമ്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ആക്രമണത്തിനിടെ ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്.

സംഭവസമയത്ത് ഷിബിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതിനിടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതശരീരം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്‌കാരം നടക്കും. സംഭവത്തില്‍ വടക്കേക്കര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി സുരമ്യ മത്സരിച്ചിരുന്നു. ശശികുമാറിന്റെയും സബിതയുടെയും മകളാണ്. സഹോദരന്‍: സൂരജ്.