Home Blog Page 240

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 14, വെള്ളി 1201 | കര്‍ക്കടകം 29, പൂരം

ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി

രാജ്യത്തെ ഖനനസമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന നിയമമാണെന്ന് പ്രതിപക്ഷവും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രതിഷേധിച്ചു. ഖനികള്‍ അദാനിക്കു നല്‍കാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പിരിഞ്ഞു

നാലാഴ്ച നീണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാന മൂന്നു മിനിറ്റുകൊണ്ട് ചര്‍ച്ചയില്ലാതെ പ്രധാന ബില്ലുകള്‍ പാസാക്കി സഭ പിരിഞ്ഞു. 19 ദിവസത്തെ സിറ്റിംഗിനിടയില്‍ പരിഗണിക്കാനിരുന്ന 28 ബില്ലുകളില്‍ 11 എണ്ണം പാസായി. തുടക്കം മുതല്‍ പ്രതിഷേധങ്ങള്‍ക്കും സഭാനടപടികള്‍ തടസപ്പെടുത്തലുകള്‍ക്കും മാത്രം സാക്ഷ്യംവഹിച്ച സമ്മേളനമായിരുന്നു ഇത്. ആഭ്യന്തര മന്ത്രി അമിത് ഷാ അവസാന ദിനമായ ഇന്നലെ മാത്രമാണു സഭയിലെത്തിയത്.

പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി

പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയും ഉപ്പും കൊഴുപ്പും ഏതെല്ലാം അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം പായ്ക്കറ്റിന്റെ മുന്‍വശത്തു രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം ഇത് നടപ്പാക്കണം. എന്താണ് കഴിക്കുന്നതെന്ന് ഉപഭോക്താക്കള്‍, പ്രത്യേകിച്ച് കുട്ടികള്‍ അറിയണം. പ്രമേഹം, രക്തസമ്മര്‍ദം, അമിത വണ്ണം അടക്കമുള്ള പല രോഗങ്ങളും നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം

ചലച്ചിത്ര നടന്‍ മധു, കവി ശ്രീകുമാരന്‍ തമ്പി, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി. ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് കേരള സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കും. സിന്‍ഡിക്കറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം

കോമണ്‍വെല്‍ത്ത് ഗെയിംസുള്‍പ്പെടെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ലോങ്ങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മുരളി ശ്രീശങ്കറിനും പാരാ അത്ലറ്റിക്സില്‍ 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം നല്‍കും. പരിശീലകര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. നീന്തലില്‍ ഫൈനലിസ്റ്റായ സാജന്‍ പ്രകാശ്, 4×400 മിക്സഡ് റിലേയില്‍ ഫൈനലിസ്റ്റായ അന്‍സ ബാബു എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.

അനധികൃത അവയവകച്ചവടക്കേസ്: ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമപരമായ അവയവദാനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം ഇത്തരക്കാര്‍ ഇല്ലാതാക്കി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.

ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.

കടവന്ത്രയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരും ഏജന്റുമാരും പിടിയില്‍

കടവന്ത്രയില്‍ പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരും രണ്ട് ഏജന്റുമാരും വിജിലന്‍സിന്റെ പിടിയിലായി. ലാന്‍ഡ് റെക്കോര്‍ഡ്സ് തഹസില്‍ദാര്‍ ജോസഫ് ആന്റണി, ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ് വിജിലന്‍സിന്റെ എറണാകുളം യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന് ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ മുന്നണി യോഗം വിളിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാത്രമാണു ചേരുന്നതെന്നും ഇതു ശരിയല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ഭവനില്‍ മന്ത്രി എന്‍ ഷംസുദ്ദീന്റെ മിന്നല്‍ പരിശോധന

മന്ത്രി എന്‍ ഷംസുദ്ദീന്‍ പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി. അപേക്ഷകര്‍ക്ക് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും, കാലതാമസം ഒഴിവാക്കാന്‍ പുതിയ ലാപ്ടോപ്പുകളും കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

സ്വാതന്ത്ര്യദിനാഘോഷം: 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് ബിജെപി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി ‘വന്ദേമാതരം’ പൂര്‍ണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ വ്യക്തമാക്കി. ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഫ്രീഡം ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല

ഫ്രീഡം ക്വിസില്‍ വി.ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി

അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി.

ഡല്‍ഹി സമരത്തിനായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി

കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകാന്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി. ബുക്കിംഗിനായി മുന്‍കൂര്‍ നല്‍കിയ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി. സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലുള്ള സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്

സി പി എം നിയന്ത്രണത്തിലുള്ള ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍ രംഗത്തെത്തി. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചു. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ എംഎസ്എഫിന്റെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഫാസില്‍ ടിപിയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തില്‍ മഴ മുന്നറിയിപ്പ്

കേരളത്തില്‍ ഈ മാസം 17 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദന്റെ വിമര്‍ശനം

മുഖ്യമന്ത്രി വി ഡി സതീശന്‍ ആര്‍ എസ് എസിന് പൂര്‍ണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. വന്ദേമാതരം മുഴുവന്‍ ആലപിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി എ മുഹമ്മദ് റിയാസിന്റെ ആരോപണം

ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായ എം ഡി എം എ കേസ് പ്രതി നവകേരള സദസ് നടക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ കളവാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മരണം: പിണറായി വിജയന്റെ വിമര്‍ശനം

അന്യായമായ സ്ഥലംമാറ്റത്തെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സിവില്‍ സര്‍വീസ് മേഖലയെ അസംതൃപ്തമാക്കുന്നുവെന്നും ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന: സുപ്രീംകോടതിയില്‍ ഹര്‍ജി

മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരേ മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് അയച്ചു.

പൊലീസിനെതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവിനെതിരെ കേസ്

പത്തനംതിട്ട മല്ലപ്പള്ളിയില്‍ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘പൊലീസുകാര്‍ക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില്‍ കയറിയാല്‍ ഞങ്ങളും തിരിച്ചു കയറും’ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭീഷണി പ്രസംഗം.

മുഖ്യമന്ത്രിക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ഗവ. ലോ കോളേജിന് മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘എന്തേ പുതുയുഗ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭംഗി കൂടിപ്പോയോ’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ്

ബെംഗളൂരുവില്‍ നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറുണ്ടായി. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയമുയര്‍ന്നതോടെ, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഉത്തരവിട്ടു.

കെ ബി ഗണേഷ് കുമാറിനെതിരെ നടപടിക്ക് ആവശ്യം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ രംഗത്തെത്തി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന് വീണ്ടും നിയമനം

വ്രാപ്പുഴ അതിരൂപത മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവല്‍ക്കരണ ഡിക്കാസ്ട്രിയില്‍ അംഗമായി വീണ്ടും നിയമിച്ചു.

കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് പരാതി

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തില്ല. ദൃശ്യങ്ങള്‍ സഹിതം പരാതി ലഭിച്ചിട്ടും പിഴ ചുമത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

പാലക്കാട് അനധികൃത പണം പിടികൂടി

പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റില്‍ ശരീരത്തില്‍ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതി എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് പിടിയിലായത്.

കുടുംബശ്രീയുടെ ഓണസദ്യ

സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളില്‍ കുടുംബശ്രീ ഈ വര്‍ഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതല്‍ വിലയില്‍ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓര്‍ഡര്‍ ചെയ്യാം.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഓണസദ്യ

ഈ ഓണക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് 18 മണിക്കൂര്‍ മുന്‍പ് വരെ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളടങ്ങിയ സദ്യ പ്രത്യേക പാക്കറ്റുകളിലാണ് നല്‍കുന്നത്.

തലശ്ശേരിയില്‍ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് മരിച്ചത്.

ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ തടവുകാരന് നേരെ ആക്രമണം

ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസില്‍ ഐവിന്‍ ആന്റണി (21) അറസ്റ്റിലായി. വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: കോണ്‍ഗ്രസ് പ്രതിഷേധം

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ജാതി അധിക്ഷേപം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് രാജ്യസഭ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ അറിയിച്ചു. ശ്രീരാം സേന എന്ന തീവ്ര ഹിന്ദു പ്രസ്ഥാനത്തിലെ അംഗങ്ങളാണ് അധിക്ഷേപം നടത്തിയത്.

ഗേറ്റ് പരീക്ഷ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു

ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) പരീക്ഷയുടെ രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിക്കും. അപേക്ഷ നല്‍കുന്നതിന് മുന്‍പായി അപേക്ഷകര്‍ ഡിജിലോക്കര്‍ അക്കൗണ്ടുകള്‍ പരിശോധിച്ച് സജ്ജമാക്കണം.

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരായ പരാമര്‍ശം: പുരസ്‌കാരം പിന്‍വലിച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നല്‍കിയ ബംഗാളിന്റെ സിവിലിയന്‍ ബഹുമതിയായ ‘ബംഗ വിഭൂഷണ്‍’ പുരസ്‌കാരം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണമുണ്ടായി. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ബാദലിന്റെ വലത് കൈയ്ക്ക് പരിക്കേറ്റു.

ഉത്തരാഖണ്ഡ് തുരങ്ക അപകടം

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തിനിടെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങി ഏഴു തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ചമോലി ജില്ലയിലെ പിപല്‍കോട്ടിയില്‍ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. 16 തൊഴിലാളികളെ രക്ഷപ്പെടുത്തി.

നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സമരം

കോക്രോച്ച് പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കോണ്‍വൊക്കേഷനു ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അധികാരികള്‍ക്ക് കത്ത് നല്‍കി.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന

എയര്‍ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന നടത്താന്‍ കമ്പനി നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാര്‍ത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ പരിശോധന.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വ്ളോഗര്‍ പുണെയില്‍ അറസ്റ്റില്‍

വയോധികനില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 10 കോടിയിലധികം രൂപ അപഹരിച്ച കേസില്‍ വ്ളോഗര്‍ രോഹന്‍ ജാദവ് പുണെയില്‍ അറസ്റ്റിലായി. ഛത്രപതി സംഭാജിനഗര്‍ സ്വദേശിയാണ് ഇയാള്‍.

ബംഗ്ലാദേശ് ഊര്‍ജ്ജ പ്രതിസന്ധി

രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി മൂലം ബംഗ്ലാദേശ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.

യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ പ്രതികരണം

റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ കടുത്ത ക്ഷാമമുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഇറാന്‍ നിലപാട്

യുഎസുമായുള്ള സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്തെത്തി. ഉപരോധവും യുദ്ധവും അവസാനിപ്പിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി.

ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീലിനെതിരെ കളിക്കാനുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആസിയാന്‍ കപ്പില്‍നിന്ന് പിന്മാറിയത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്ക് ഓഫ് അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ആഗോള ബാങ്കിംഗ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയും തമ്മിലുള്ള പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക ഏകദേശം 18,268 കോടി രൂപ നിക്ഷേപിക്കും.

കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്ത് മെറ്റ

കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മാതൃകമ്പനിയായ മെറ്റ നീക്കംചെയ്തു. ഡിസംബറിനും ജൂണിനും ഇടയിലാണ് ഈ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയത്.

‘പ്യാര്‍ പ്രേമ കല്യാണ’ ട്രെയിലര്‍ പുറത്തിറങ്ങി

എളന്‍ സംവിധാനം ചെയ്ത് നായകനായും എത്തുന്ന പുതിയ ചിത്രമായ ‘പ്യാര്‍ പ്രേമ കല്യാണ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 21ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ സാന്‍വേ മേഘനയാണ് നായിക.

ലോകേഷ് കനകരാജിന്റെ ‘ഡിസി’ ചിത്രം 50 കോടി ക്ലബ്ബില്‍

ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിലെത്തിയ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ത്രില്ലറായ ‘ഡിസി’ നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക.

എംജി ഹെക്ടര്‍ ഹോക്ക് ടീസര്‍ പുറത്തിറങ്ങി

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ത്രീ-റോ എസ്യുവിയായ ‘ഹെക്ടര്‍ ഹോക്കിന്റെ’ പുതിയ ടീസര്‍ ചിത്രങ്ങള്‍ ജെഎസ്ഡബ്ല്യു – എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ഓഗസ്റ്റ് 26-ന് വാഹനം ഔദ്യോഗികമായി വിപണിയില്‍ പുറത്തിറങ്ങും.

കഞ്ഞി വെള്ളം കൊണ്ടുള്ള ചര്‍മ്മ സംരക്ഷണം

കഞ്ഞി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ജലാംശം, തിളക്കം, ദൃഢത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക ഉറവിടമായ ഇത് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നു.

തീക്കട്ടയിൽ ഉറുമ്പരിക്കുന്ന കാഴ്ച്ച,സിറ്റി പൊലീസ് കാൻ്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്. തീക്കട്ടയില്‍ അരിക്കുന്ന ഉറുമ്പുണ്ടാകുമോ, സിറ്റി പൊലീസ് കാൻ്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി ഹാരിസിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്കാണ് ഭക്ഷണം കഴിക്കാനെന്ന വ്യാജേനയെത്തി മൊബൈൽ ഫോണുമായി പ്രതി കടന്നുകളഞ്ഞത്. പിടിയിലായ ഹാരിസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

തീക്കട്ടയിൽ ഉറുമ്പരിക്കുന്ന കാഴ്ച്ച കണ്ടവര്‍ ഞെട്ടി. ചുറ്റും പൊലീസുകാർ നിൽക്കെ അതിവിദഗ്ധമായ ഒരു മോഷണം, സ്ഥലം കോഴിക്കോട് സിറ്റി പോലീസ് കാൻ്റീൻ, തൊട്ടപ്പുറത്ത് സിറ്റി പോലീസ് കമീഷണർ ഓഫീസ് , തൊട്ടടുത്ത് വനിത പോലീസ് സ്റ്റേഷൻ ഇതൊക്കെയുൾപ്പെടുന്ന കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാൻ്റീനിലാണ് പട്ടാപ്പകലിലെ മോഷണം

ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ, ക്യാഷ് കൗണ്ടറിനു സമീപം പൈസയുമായെത്തി.പലരും പൈസ കൊടുക്കുന്ന തിരക്കിൽ മോഷ്ടാവിൻ്റെ ശ്രദ്ധ മേശയിൽ ഇരിക്കുന്ന മൊബൈൽ ഫോണിലായിരുന്നു.പരിസരം നിരീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി മൊബൈൽ ഫോൺ കൈക്കലാക്കി അതിവേഗം കടന്നു കളഞ്ഞു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷണം പോയത് ജീവനക്കാർ ഉറപ്പിച്ചത്. തുടർന്ന് കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശി ഹാരിസ് പിടിയിലായത്.

കണ്ണീരിനൊരു സമാശ്വാസം,എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍കാണപ്പെട്ട എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുരക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ജോലി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങള്‍ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകള്‍. കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിപിഐഎമ്മിന് കുരുക്കായി ഹലാൽ ബാങ്കിംഗ്

കണ്ണൂര്‍. സിപിഐഎമ്മിന് കുരുക്കായി ഹലാൽ ബാങ്കിംഗ്. സിപിഎം പിന്തുണയോടെ ആരംഭിച്ച ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിക്ഷേപകർ. നിക്ഷേപത്തുക മടക്കി കിട്ടിയില്ലെന്നാരോപിച്ച് നിക്ഷേപകൻ  ടി കെ ഗോവിന്ദൻ എംഎൽഎക്ക് പരാതി നൽകി.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി എം ഷാജർ ചീഫ് പ്രമോട്ടർ ആയ ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ്  പരാതി. നിക്ഷേപമായി സ്വീകരിച്ച പത്തു ലക്ഷത്തി അമ്പതുരൂപ മടക്കി ലഭിച്ചില്ലെന്ന് ആരോപിച്ച് കണ്ണൂർ മയ്യിൽ സ്വദേശി നാസർ കെ പി യാണ് ടി കെ ഗോവിന്ദൻ എംഎൽഎക്ക് പരാതി നൽകിയത്. മറ്റു നിക്ഷേപകർക്കും പണം ലഭിക്കാത്ത സാഹചര്യത്തിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച അന്വേഷണം വേണമെന്നാണ് ആവശ്യം.


അതേസമയം ടിവി ചാനലിനോട് പ്രതികരിച്ച നിക്ഷേപകൻ മയ്യിൽ സ്വദേശി നാസറിന് വാർത്ത നൽകി മണിക്കൂറുകൾക്കകം പണം നൽകി. 9വര്ഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപയാണ് നൽകിയത്. ഇസ്ലാമിക വിശ്വാസ പ്രകാരം പലിശ ഇടപാട് തെറ്റാണെന്ന് ഇരിക്കെ പലിശരഹിത വായ്പ നൽകുക ലക്ഷ്യമിട്ടായിരുന്നു ഹലാൽ ഫാഹിത കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചത്. സിപിഐഎം ഏറെ കൊട്ടിഘോഷിച്ച പദ്ധതി ഉദ്ഘാടനം ചെയ്തതാകട്ടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ ടി കെ ഗോവിന്ദൻ പരാതികൾ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറും. ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ ഉണ്ടായ നിക്ഷേപ വിവാദവും സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.

ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്പെഷല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി

ന്യൂഡല്‍ഹി. ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്പെഷല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി. ട്രെയിന്‍ ബുക്ക് ചെയ്തപ്പോള്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ സിപിഐക്ക് തിരികെ നല്‍കി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം ട്രെയിന്‍ ബുക്ക് ചെയ്തത്.

ട്രെയിനിലെ തിരക്ക് പരിഗണിച്ചാണ് ഒരു ട്രെയിന്‍ മുഴുവനായി വാടകയ്ക്ക് എടുത്ത് ഡല്‍ഹിയിലേക്ക് പോകാന്‍ സിപിഐ തീരുമാനിച്ചത്. ഇതിനായി അഡ്വാന്‍സായി 10 ലക്ഷം രൂപയും നല്‍കി. കേരളത്തില്‍ നിന്നും പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും അടക്കം 1400 പേരെയെങ്കിലും സമരത്തിനായി ഡല്‍ഹിയിലെത്തിക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടിരുന്നത്. ഈ മാസം 29 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്.

കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഈ മാസം 31ന് ഡല്‍ഹിയിലെത്തും. 18 തേര്‍ഡ് ക്ലാസ് എസി കമ്പാര്‍ട്ട്‌മെന്റുകളും രണ്ട് നോണ്‍ എസി ബോഗികളുമുള്ള ട്രെയിനാണ് പാര്‍ട്ടി നേതൃത്വം ബുക്ക് ചെയ്തത്. സമരത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള ആളുകളെ എത്തിക്കാന്‍ മറ്റു രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. ഇവയും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. സമരം പൊളിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിനു പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സാധ്യമായ എല്ലാ വഴിയില്‍ക്കൂടിയും ഡല്‍ഹിയില്‍ എത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എൻഎസ്എസ് ജനറൽ സെക്രട്ടറിയെപ്പറ്റി കെബി ഗണേഷ്‌കുമാർ നടത്തിയ പരാമർശം തരംതാണതും നന്ദികെട്ടതും, കുന്നത്തൂർതാലൂക്ക്എൻഎസ്എസ് യൂണിയൻ

ശാസ്താംകോട്ട.ആദരണീയനായ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെക്കുറിച്ച് മുൻ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റു ഡയറക്ട‌ർ ബോർഡ് മെമ്പറും ആയിരുന്ന കെബി ഗണേഷ്‌കുമാർ നടത്തിയ പരാമർശം വെറും തരംതാണതും നന്ദികെട്ടതുമാണന്ന് കുന്നത്തൂർതാലൂക്ക്എൻഎസ്എസ് യൂണിയൻ ആരോപിച്ചു. കീഴൂട്ട് രാമൻപിള്ളയുടെ കൊച്ചുമകനും ആർബാലകൃഷ്ണപിള്ളയുടെ മകനും ആണെന്ന് സ്വയം അവകാശപ്പെടുന്ന ഗണേഷ് കുമാർ അന്തസ്സും ആഭിജാത്യ-വും സർവ്വോപരി അഭിമാനവുമുണ്ടായിരുന്ന ടി ആളുകളുടെ പേര് കൂടി നാറ്റിക്കു ന്ന നെറികെട്ട പ്രവർത്തികളിലൂടെയുള്ള തൻ്റെ പ്രയാണം കുലംകുത്തികളുടേതാണ് എന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്.

പുനലൂരിൽ ഗണേഷിൻ്റെ ഭാഷയിലെ ചായക്കട നടത്താനുള്ള ഉദ്യമത്തിൽ ഇപ്പോൾ ഒപ്പമുള്ള വനിത യോടൊപ്പം സാമ്പത്തിക ക്രമക്കേട് കാട്ടിയതും സമുദായ പ്രവർത്തകരായ സഹകാരികളെ ഗുണ്ടകളെ കൊണ്ട് പരിക്കേൽപ്പിച്ചതും നായർ വികാരത്തിനുപകരം രാഷ്ട്രീയവികാരംതലയ്ക്കുപിടിച്ച് പ്രവർത്തിച്ചതുംചോദ്യം ചെയ്യുകയും അതിൻ്റെ പേരിൽ അഭിപ്രായവ്യത്യാസമുണ്ടായ താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ രാജിവെച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രസിഡന്റ് സ്ഥാനവും കാലാവധി കഴിഞ്ഞ ബോർഡ് മെമ്പർ സ്ഥാനവും നഷ്ടപ്പെട്ട കലിപ്പാണ് ഗണേഷ് കുമാറിന്റെ വാക്കുകളിലുള്ളത് . അവസരം ലഭിക്കു മ്പോൾ സ്‌തുതിപാഠകനായും ലഭിച്ചത് നഷ്ടമാവുമ്പോൾ പുലമ്പുന്നതും നല്ല നായർ ക്ക് ഭൂഷണമല്ല.

വൈഷമ്യമേറിയ പല സന്ദർഭങ്ങളിലും താങ്ങും തണലുമായിനിന്ന, പലതവണ തന്റെ പിത്യതുല്യനെന്ന് വിശേഷിപ്പിച്ചയാളായ എൻഎസ്എസിൻ്റെ ആരാധ്യനായ ജനറൽ സെക്രട്ടറിയെ നല്ലതല്ലാത്ത ഭാഷയിൽ പ്രകോപിപ്പിച്ചാൽ ചിത്രം മാറി ചരിത്രമാകും എന്ന് ഓർമിപ്പിക്കുന്നു.

താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്‌ടർ ബോർഡ് മെമ്പറുമായ വി.ആർ. കെ.ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ അടിയന്തര ഭരണ സമിതി – പഞ്ചായത്ത് സമിതി-എൻഎസ്എസ് പ്രതിനിധിസഭ അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗ ത്തിൽ യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു.

ദേശീയപാതയിലെ അപകടം: 10 മിനിറ്റിനകം ആംബുലന്‍സ് എത്തണം; വീഴ്ചവന്നാല്‍ 10,000 പിഴ

ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അപകടം സംഭവിച്ചതായി സന്ദേശം ലഭിച്ച് 10 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സ്ഥലത്തെത്തണം. 10 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ആംബുലന്‍സാണ് അപകടസ്ഥലത്ത് 10 മിനിറ്റിനകം എത്തേണ്ടത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ ആംബുലന്‍സ് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കും. അപകടസ്ഥലത്ത് എത്തിയ ആംബുലന്‍സ് പരിക്കേറ്റവരെ ഒരു മണിക്കൂറിനുള്ളില്‍ സമീപത്തെ ആശുപത്രിയിലെത്തിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും സമയപരിധി പാലിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തും.

ആംബുലന്‍സുകള്‍, ക്രെയിനുകള്‍, പട്രോളിങ് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓണ്‍-റോഡ് യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് NHAI പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. NHAIയുടെ കീഴിലുള്ള ഏകദേശം 50,000 കിലോമീറ്റര്‍ ദേശീയപാതയില്‍ 3,000ഓളം ആംബുലന്‍സുകളും 1,000ഓളം പട്രോളിങ് വാഹനങ്ങളും ക്രെയിനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

അപകടങ്ങള്‍ക്കുശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിലും അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും റോഡ് സുരക്ഷാ കമ്മിറ്റിയും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (CAG) മുന്നോട്ടുവച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് NHAI നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നത് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന വിലയിരുത്തലിലാണ് പുതിയ സമയപരിധി നിശ്ചയിച്ചത്. പൊതുജനാരോഗ്യവും സുരക്ഷയും സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ പ്രോജക്ട് ഡയറക്ടര്‍മാര്‍ക്കും റീജിയണല്‍ ഓഫീസര്‍മാര്‍ക്കും NHAI നിര്‍ദേശം നല്‍കി.

അപകടസ്ഥലത്തേക്കുള്ള ആംബുലന്‍സിന്റെ എത്തിച്ചേരല്‍ മുതല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും സമയബന്ധിതമായ ഇടപെടല്‍ ഉറപ്പാക്കുകയാണ് പുതിയ നിര്‍ദേശങ്ങളുടെ ലക്ഷ്യം.

ഐഎസ്ആർ ഒ ശാസ്ത്രപ്രദർശനവും സെമിനാറും കെ എസ് എം ഡി ബി കോളേജിൽ ആരംഭിച്ചു

ശാസ്താംകോട്ട . കെ.എസ് എം ഡി.ബി കോളേജിൽ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സ്പേസ് എക്സിബിഷൻ – ‘ഫ്രം സ്പേസ് ടു സൊസൈറ്റി’ വി.എസ്. എസ്.സി, എസ്.പി . എൽ ഡയറക്ടർ ഡോ. തരുൺ കുമാർ പന്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ നേട്ടമായ ചന്ദ്രയാൻ ദൗത്യത്തിലെ അഭിമാനകരമായ നിമിഷങ്ങളെ വിദ്യാർത്ഥികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി.

കൂടാതെ മനുഷ്യ ശരീരത്തിലെ പല മൂലകങ്ങളും പുരാതന നക്ഷത്രങ്ങളുടെ ശേഷിപ്പുകളാണെന്ന ശാസ്ത്രീയ കാഴ്ചപ്പാടിനെ അവതരിപ്പിക്കുകയുംചെയ്തു. പ്രസ്തുത ചടങ്ങിൽ നാഷണൽ സ്പെയ്സ് ഡേയുടെ പ്രാധാന്യത്തെക്കുറിച്ച് വി.എസ്. എസ്. സി, സ്പെയ്സ് ട്രാൻസ്പോർട്ടേഷൻ പ്രോഗ്രാം ഡയറക്ടർ അനിത എസ്. സംസാരിച്ചു. നമ്മുടെ രാജ്യത്തിന് ഐ. എസ്. ആർ. ഒ .നല്കുന്ന സംഭാവനകൾ നിസ്തുലമാണെന്നും ഇത്തരം പ്രദർശനങ്ങൾ ഭാവിതലമുറയ്ക്ക് ശാസ്ത്രാഭിമുഖ്യത്തോടെ വളരാൻ പ്രചോദനമാകുമെന്നും പ്രിൻസിപ്പൽ , പ്രൊഫ. ഡോ. കെ. എസ്. അനിൽ കുമാർ അഭിപ്രായപ്പെട്ടു.


കോളേജിലെ വിവിധ പഠന വിഭാഗങ്ങൾ ഒരുക്കിയ ശാസ്ത്ര പ്രദർശനങ്ങൾ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് ഡെപ്യൂട്ടി ഡയറക്ടർ, അനിൽകുമാർ വി. ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഖാദി ബോർഡ്, ഹോർട്ടികോർപ്പ്, റബ്ബർ ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെയും പ്രദർശനവും വിപണനവും ഭക്ഷ്യമേളയും നടന്നു.കൊല്ലം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ആദ്യ ദിനം പ്രദർശനം കാണാനെത്തി. ഐ. എസ്. ആർ. ഒ ശാസ്ത്ര ജ്ഞരുടെ നേതൃത്വത്തിൽ കോളേജ് അങ്കണത്തിൽ നടത്തിയ വാട്ടർ റോക്കറ്റ് വിക്ഷേപണം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. ഡോ. ആനന്ദ് കുമാർ ആർ. ടി , നിതീഷ് .കെ എസ് .വിജയകുമാർ എസ്. നായർ, ജഞാനപ്പഴം, ഡോ. മീര എ.പി., ഡോ.ആശാ രാധാകൃഷ്ണൻ, രാഗി ആർ.ജി എന്നിവർ സംസാരിച്ചു

കെവിന് വീടൊരുക്കി സഹപാഠികൾ

ശാസ്‌താംകോട്ട:കോവൂർ യു.പി സ്കൂളിലെ കെവിൻ എന്ന വിദ്യാർത്ഥിക്ക്
സ്കൂൾ മാനേജ്മെന്റ്,സഹപാഠികൾ, അധ്യാപകർ,പിറ്റിഎ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണ ചടങ്ങ് ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് മുഹ്സിൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഓണ സ്നേഹോപഹാരവിതരണം മാനേജർ അജിത് കുമാർ.ബി.പിള്ള നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ,വാർഡ് മെമ്പർ എബി പാപ്പച്ചൻ,എഇഒ അനിത റ്റി.കെ,എംപിറ്റിഎ പ്രസിഡന്റ് അഡ്വ.പാർവ്വതി.വി,വി.എൻ സദാശിവൻ പിള്ള,ജയമോഹൻ,അശ്വതി അനിൽ എന്നിവർ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് ബി.സേതുലക്ഷ്മി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഉഷാകുമാരി.വി നന്ദിയും പറഞ്ഞു.

ഗൃഹാങ്കണ വായന സദസ് നടത്തി

ശാസ്താംകോട്ട: മൈനാഗപ്പള്ളി കല്ലുകടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഖാവ് കെ.ശ്രീധരൻ ഗ്രന്ഥശാലയുടെ പത്താമത് പ്രതിമാസഗൃഹാങ്കണ വായനാ സദസ് പ്രമുഖ നാടക പ്രവർത്തകനും
ഷോർട്ട് ഫിലിം സംവിധായകനുമായ പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കെ . ആർ മീരയുടെ “യൂദാസിൻ്റെ സുവിശേഷം”
എന്ന നോവലിനെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ എച്ച് അൻവർ ഹുസൈൻ അവതരിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടി പിള്ള അദ്ധ്യക്ഷനായി.
കെ രാജീവ്, ഫിദാ ഫാത്തിമ, ബി ലാലു, അഡ്വ ആര്യ,
അജിത കാട്ടിശ്ശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി
കവി പി. ശിവപ്രസാദ്, നവോദയ ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറി എസ് ബഷീർ,CPIM ലോക്കൽ സെക്രട്ടി ആർ കമൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രന്ഥശാല സെക്രട്ടറി എം.സതീശൻ സ്വാഗതവും ലൈബ്രേറിയൻ വി.വി. മിനിമോൾ നന്ദിയും പറഞ്ഞു.