Home Blog Page 239

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് അന്വേഷണോദ്യേഗസ്ഥൻ നേരിട്ട് ഹാജരാകണം

കൊച്ചി. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും.

വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം പോലും റിപ്പോർട്ടിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മൈക്രോഫിനാൻസ് കേസിലെ 17 പരാതികളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതായും 30 കേസുകളിൽ പ്രോസിക്യൂഷന് ആവശ്യമായ ക്രമക്കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എം.എസ്. അനിൽ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ ജർമനിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു

ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ മുൻ സൈനികനായ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ 25കാരൻ വിഷു ശർമയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ ഫ്രഞ്ച് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വിഷു, പിന്നീട് ജർമ്മനിയിലേക്ക് കുടിയേറി.

Also Read: ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

അവിടെ ഡെലിവറി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ആളുകൾ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. വിഷുവുമായി തിങ്കളാഴ്ചയാണ് കുടുംബം അവസാനമായി സംസാരിച്ചത്. സാധാരണ രീതിയിലുള്ള സംസാരമായിരുന്നു നടന്നതെന്നും വിഷുവിന്റെ കുടുംബാം​ഗം നീരജ് ശർമ പറയുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മ മരണവാർത്തയെത്തുന്നത്.

കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നോ അക്രമികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2022 നവംബറിലാണ് വിഷു പോർച്ചുഗലിലേക്ക് പോകുന്നത്. കുടുംബ സ്വത്ത് വിറ്റ് 20 ലക്ഷം രൂപ ചെലവിട്ടായിരുന്നു ഈ യാത്ര. ഒരു വർഷം പോർച്ചുഗലിൽ ചെലവിട്ട ശേഷം ഫ്രാൻസിലേക്ക് പോയ ഇയാൾ ഫ്രാൻസ് സൈന്യത്തിൽ ചേരുകയായിരുന്നു. ആറു മാസത്തെ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തോളം ഫ്രഞ്ച് ആർമിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.

പിന്നീട് സൈനിക സേവനം അവസാനിപ്പിച്ച വിഷു ജർമ്മനിയിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഡെലിവറി രംഗത്ത് സ്വന്തമായി ഒരു സംഘത്തെ രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന് കീഴിൽ നിരവധി ആളുകൾ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. മൃതദേഹം കുരുക്ഷേത്രയിലെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുടുംബം പൂർത്തിയാക്കിവരികയാണ്.

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കും.

Also Read: നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ്; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ, അന്വേഷണം കേരളത്തിലേക്കും

ഇതാദ്യമായാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴങ്ങുന്നത്. ‘വന്ദേമാതര’ത്തിൻ്റെ 150-ാം വാർഷികം ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന ‘യുവശക്തി’ക്ക് പ്രധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

ചെങ്കോട്ടയിലെ ചടങ്ങുകൾ

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ദില്ലി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനൻ്റ് ജനറൽ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അതിനുശേഷം, ഡൽഹി ഏരിയ ജിഒസി പ്രധാനമന്ത്രിയെ സല്യൂട്ടിങ് ബേസിലേക്ക് ആനയിക്കും. അവിടെ കര – നാവിക – വ്യോമസേനകളുടെയും ദില്ലി പൊലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.

പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, നാവികസേന, വ്യോമസേന, ദില്ലി പൊലീസ് എന്നിവയിൽ നിന്ന് ഓരോ ഓഫീസറും 24 വീതം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്. ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനൻ്റ് കേണൽ അർജുൻ സിങ് നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ആദിത്യ ശർമ്മയും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ നീലം റാണയും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ വിപിൻ കുമാറും നയിക്കും. അഡീഷണൽ ഡിസിപി വിനീത് കുമാറാണ് ദില്ലി പോലീസ് സംഘത്തെ നയിക്കുന്നത്.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം, പ്രധാനമന്ത്രി ചെങ്കോട്ടയിലെ കൊത്തളത്തിലേക്ക് പോകും. കേന്ദ്രമന്ത്രിമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, കര – വ്യോമ – നാവിക സേനാ മേധാവിമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് ദേശീയപതാക ഉയർത്തുന്നതിനായി ഡൽഹി ഏരിയ ജിഒസി പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.

ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ ദേശീയപതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. കരസേനയിലെ 1721 ഫീൽഡ് ബാറ്ററിയിലെ (സെറിമോണിയൽ) ധീരരായ പീരങ്കിപ്പടയാളികൾ നൽകുന്ന 21 ആചാര വെടിയൊച്ചകളുടെ അകമ്പടിയോടെയായിരിക്കും പതാക ഉയർത്തൽ നടക്കുക. തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിക്കുന്ന ഈ സെറിമോണിയൽ ബാറ്ററിക്ക് മേജർ പവൻ സിങ് ഷെഖാവത്ത് നേതൃത്വം നൽകും. ഗൺ പൊസിഷൻ ഓഫീസറായി നായിബ് സുബേദാർ അനുതോഷ് സർക്കാർ ചുമതല വഹിക്കും.

കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവയിൽ നിന്നുള്ള ഓരോ ഓഫീസറും മറ്റ് റാങ്കുകളിലുള്ള 32 വീതം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ദേശീയപതാക ഗാർഡ്, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ രാഷ്ട്ര സല്യൂട്ട് അർപ്പിക്കും. മേജർ ലോകേന്ദ്ര സിങ് ഷെഖാവത്തായിരിക്കും ഈ ഇൻ്റർ – സർവീസസ് ഗാർഡിനും പൊലീസ് ഗാർഡിനും നേതൃത്വം നൽകുക. ദേശീയപതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ വികാസ് യാദവും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ അഭിലാഷും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ഉമേഷ് ജി യും നയിക്കും. ഡൽഹി പൊലീസ് സംഘത്തെ അഡീഷണൽ ഡിസിപി വികാസ് മീണയാണ് നയിക്കുക.

ത്രിവർണ പതാക ഉയർത്തിയ ശേഷം അതിന് രാഷ്ട്ര സല്യൂട്ട് നൽകും. തുടർന്ന് ഒരു ജെസിഒയും മറ്റ് റാങ്കിലുള്ള 25 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കരസേനാ ബാൻഡ് ‘വന്ദേമാതരം’ വായിക്കുകയും ചെങ്കോട്ടയിൽ സന്നിഹിതരായ എല്ലാവരും ചേർന്ന് ദേശീയഗീതം പാടുകയും ചെയ്യും. അതിനുശേഷം ദേശീയ ഗാനം ആലപിക്കും. സുബേദാർ ഈശ്വർ സിങ്ങാണ് ബാൻഡിന് നേതൃത്വം നൽകുക. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ തന്നെ, ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എഐ-17 ഹെലികോപ്റ്ററുകൾ ചടങ്ങ് നടക്കുന്ന വേദിയിൽ പുഷ്പവൃഷ്ടി നടത്തും. ഇതിൽ ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ ‘വന്ദേമാതരം’ എന്ന് ആലേഖനം ചെയ്ത പതാകയും വഹിച്ചായിരിക്കും പറക്കുക. വിങ് കമാൻഡർ രജത്, സ്ക്വാഡ്രൺ ലീഡർ അങ്കിത് വർഷ്ണി എന്നിവരാണ് ഹെലികോപ്റ്ററുകൾ നിയന്ത്രിക്കുന്നത്.

പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗം പൂർത്തിയായ ശേഷം, എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയർമാരും ദേശീയഗീതമായ വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 2,500 കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കെടുക്കും.

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ്; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ, അന്വേഷണം കേരളത്തിലേക്കും

ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം വകുപ്പിന്‍റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണം. സിനിമാ ലൊക്കേഷനിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം

Also Read: മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി

വിക്രമിന്‍റെ ബന്ധുവിന് കുരങ്ങിനെ നൽകിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചത് ഈറോഡിലെ ബിസിനസുകാരനാണ്. ഇയാളുടെ വീട്ടിൽ ഏഴു ആഫ്രിക്കൻ കാട്ടുപൂച്ചകളെ കണ്ടെത്തി. ഇതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതെന്നാണ് മൊഴി. രേഖകൾ ഹാജരാക്കാൻ തമിഴ്നാട്‌ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീൽ ചെയ്തതോടെയാണ് നടൻ വിക്രം വിവാദത്തിലായത്. റീല്‍ വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തു. ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ ചെയ്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലുള്ള കുരങ്ങാണിത്. കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്നും വനം വകുപ്പ് അറിയിച്ചു.

ഉത്തരാഖണ്ഡിൽ തുരങ്കനിർമാണത്തിനിടെ മിന്നൽ പ്രളയം: ഏഴ് തൊഴിലാളികൾ മരിച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്കനിർമാണ പ്രവർത്തനങ്ങൾക്കിടെ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. പിപൽക്കോട്ടിക്ക് സമീപം നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് മണ്ണും വെള്ളവും കുത്തിയൊലിച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.
അപകടസമയത്ത് 22 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിലുണ്ടായിരുന്നത്. ഇതിൽ 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
വൈകുന്നേരം 6.30ഓടെയാണ് നിർമാണം നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൻതോതിൽ മണ്ണും വെള്ളവും ഇരച്ചുകയറിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് എൻഡിആർഎഫും എസ്‍ഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാസേനകൾ തിരച്ചിലും രക്ഷാപ്രവർത്തനവും ശക്തമാക്കി.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും അതിവേഗം നടത്താൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ തൊഴിലാളികളെ മുഖ്യമന്ത്രി സന്ദർശിക്കുകയും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ടവരിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികളുണ്ടെന്നും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്ന വിവരം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ധാമി പറഞ്ഞു. ചീഫ് മെഡിക്കൽ സൂപ്രണ്ടുമായും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിലായി ചമോലി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച നിതി താഴ്വരയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഒരു ലോഹപാലം ഒലിച്ചുപോയിരുന്നു. ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലം വേരോടെ ഇളകിമാറി നദിക്കരയിലേക്ക് തള്ളപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതിനാൽ മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ തഹസിൽദാരും ഏജന്റുമാരും വിജിലൻസ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജന്റുമാരും വിജിലൻസ് പിടിയിൽ. ലാൻഡ് റെക്കോർഡ്സ് (കണയന്നൂർ) തഹസിൽദാർ ജോസഫ് ആന്റണിയും ഇയാളുടെ രണ്ട് ഏജന്റുമാരെയും എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടുകയായിരുന്നു. കൊച്ചി കടവന്ത്രയിൽ ഭൂമി സംബന്ധമായ ഇടപാടിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കണയന്നൂർ ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ ജോസഫ് ആന്റണി, ഇയാളുടെ സഹായികളായ ഷിബിൻ, രാജേഷ് കണ്ണൻ (കണ്ണൻ) എന്നിവരാണ് കസ്റ്റഡിയിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യത്തിനാണ് തഹസിൽദാർ ഏജന്റുമാർ മുഖേന 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നായിരുന്നു പരാതി.

തുടർന്ന് പരാതിക്കാരനിൽ നിന്ന് 2 ലക്ഷം രൂപ പണമായും 8 ലക്ഷം രൂപയുടെ ചെക്കായും വാങ്ങി കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. എറണാകുളം വിജിലൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രിതമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

നോക്കുകുത്തിയായി’ ഭക്ഷ്യസുരക്ഷാ ലാബ്; അംഗീകാരമില്ലാത്തത് മദ്ധ്യകേരളത്തിൽ വലിയ ഭക്ഷ്യവിഷബാധയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്ക

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ പത്തനംതിട്ടയിൽ ആരംഭിച്ച സർക്കാർ ലാബിന് എൻ.എ.ബി.എൽ (NABL) അംഗീകാരം ലഭിക്കാത്തത് മദ്ധ്യകേരളത്തിൽ കടുത്ത പ്രതിസന്ധിയാകുന്നു.

അംഗീകാരമില്ലാത്തതിനാൽ ലാബിന്റെ പരിശോധനാ ഫലങ്ങൾ വെച്ച് നിയമനടപടിയോ കേസെടുക്കാനോ കഴിയാത്തത് ഭക്ഷ്യമാഫിയകൾക്ക് തുണയാകുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന ശബരിമല സീസണിന് മുന്നേ ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കടക്കം ഇത് വഴിയൊരുക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.

പ്രധാന വിവരങ്ങൾ

  • പ്രധാന പ്രശ്നം: പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചിട്ടില്ല.
  • കാരണം: സാങ്കേതിക ജീവനക്കാരുടെ നിയമനം വൈകുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറായി മാസങ്ങളായെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല.
  • നിയമപരമായ തിരിച്ചടി: അംഗീകാരമില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ല. മായം കണ്ടെത്തിയാൽ ചെറിയ തുക പിഴ ഈടാക്കി ഒഴിവാക്കാൻ മാത്രമേ വകുപ്പിന് കഴിയുന്നുള്ളൂ.
അടുത്ത മണ്ഡലകാലം ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ, ലാബിന് എത്രയും പെട്ടെന്ന് അംഗീകാരം നേടിയെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങി മരിച്ചു

കൊല്ലം: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങി മരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള(70) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ഇന്നലെ രാവിലെ അയൽവാസിയായ ഷാജഹാനുമായി മനോഹരൻ പിള്ള വഴിത്തർക്കം ഉണ്ടായി. വാക്കേറ്റത്തിനിടെ ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. മരിച്ച മനോഹരൻ പിള്ളയുടെ ഭാര്യ: സരസ്വതി. മക്കൾ: ശ്രീജിഷ്, പരേതയായ മനോഷ. മരുമകൾ: രഹ്ന. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം നടത്തും.

സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ കൊല്ലം സ്വദേശിനിയായ നഴ്‌സ് തൂങ്ങി മരിച്ചനിലയില്‍

കണ്ണൂര്‍: സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ കൊല്ലം സ്വദേശിനിയായ നഴ്‌സിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബു(25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെകണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.


അഞ്ചുവര്‍ഷമായി തലശ്ശേരി ടെമ്പിള്‍ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്. ഇന്നലെ രാത്രി മുറിയില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ സുഹൃത്തുക്കള്‍ക്ക് സംശയമായി. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയില്‍ നാലുവര്‍ത്തെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 14, വെള്ളി 1201 | കര്‍ക്കടകം 29, പൂരം

ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി

രാജ്യത്തെ ഖനനസമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന നിയമമാണെന്ന് പ്രതിപക്ഷവും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രതിഷേധിച്ചു. ഖനികള്‍ അദാനിക്കു നല്‍കാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പിരിഞ്ഞു

നാലാഴ്ച നീണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാന മൂന്നു മിനിറ്റുകൊണ്ട് ചര്‍ച്ചയില്ലാതെ പ്രധാന ബില്ലുകള്‍ പാസാക്കി സഭ പിരിഞ്ഞു. 19 ദിവസത്തെ സിറ്റിംഗിനിടയില്‍ പരിഗണിക്കാനിരുന്ന 28 ബില്ലുകളില്‍ 11 എണ്ണം പാസായി. തുടക്കം മുതല്‍ പ്രതിഷേധങ്ങള്‍ക്കും സഭാനടപടികള്‍ തടസപ്പെടുത്തലുകള്‍ക്കും മാത്രം സാക്ഷ്യംവഹിച്ച സമ്മേളനമായിരുന്നു ഇത്. ആഭ്യന്തര മന്ത്രി അമിത് ഷാ അവസാന ദിനമായ ഇന്നലെ മാത്രമാണു സഭയിലെത്തിയത്.

പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി

പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയും ഉപ്പും കൊഴുപ്പും ഏതെല്ലാം അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം പായ്ക്കറ്റിന്റെ മുന്‍വശത്തു രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം ഇത് നടപ്പാക്കണം. എന്താണ് കഴിക്കുന്നതെന്ന് ഉപഭോക്താക്കള്‍, പ്രത്യേകിച്ച് കുട്ടികള്‍ അറിയണം. പ്രമേഹം, രക്തസമ്മര്‍ദം, അമിത വണ്ണം അടക്കമുള്ള പല രോഗങ്ങളും നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം

ചലച്ചിത്ര നടന്‍ മധു, കവി ശ്രീകുമാരന്‍ തമ്പി, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി. ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് കേരള സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കും. സിന്‍ഡിക്കറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം

കോമണ്‍വെല്‍ത്ത് ഗെയിംസുള്‍പ്പെടെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ലോങ്ങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മുരളി ശ്രീശങ്കറിനും പാരാ അത്ലറ്റിക്സില്‍ 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം നല്‍കും. പരിശീലകര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. നീന്തലില്‍ ഫൈനലിസ്റ്റായ സാജന്‍ പ്രകാശ്, 4×400 മിക്സഡ് റിലേയില്‍ ഫൈനലിസ്റ്റായ അന്‍സ ബാബു എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.

അനധികൃത അവയവകച്ചവടക്കേസ്: ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമപരമായ അവയവദാനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം ഇത്തരക്കാര്‍ ഇല്ലാതാക്കി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.

ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.

കടവന്ത്രയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരും ഏജന്റുമാരും പിടിയില്‍

കടവന്ത്രയില്‍ പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരും രണ്ട് ഏജന്റുമാരും വിജിലന്‍സിന്റെ പിടിയിലായി. ലാന്‍ഡ് റെക്കോര്‍ഡ്സ് തഹസില്‍ദാര്‍ ജോസഫ് ആന്റണി, ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ് വിജിലന്‍സിന്റെ എറണാകുളം യൂണിറ്റ് കസ്റ്റഡിയിലെടുത്തത്.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന് ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ മുന്നണി യോഗം വിളിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാത്രമാണു ചേരുന്നതെന്നും ഇതു ശരിയല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ഭവനില്‍ മന്ത്രി എന്‍ ഷംസുദ്ദീന്റെ മിന്നല്‍ പരിശോധന

മന്ത്രി എന്‍ ഷംസുദ്ദീന്‍ പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി. അപേക്ഷകര്‍ക്ക് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും, കാലതാമസം ഒഴിവാക്കാന്‍ പുതിയ ലാപ്ടോപ്പുകളും കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

സ്വാതന്ത്ര്യദിനാഘോഷം: 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന് ബിജെപി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി ‘വന്ദേമാതരം’ പൂര്‍ണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ വ്യക്തമാക്കി. ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഫ്രീഡം ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല

ഫ്രീഡം ക്വിസില്‍ വി.ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി

അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി.

ഡല്‍ഹി സമരത്തിനായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി

കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകാന്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി. ബുക്കിംഗിനായി മുന്‍കൂര്‍ നല്‍കിയ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി. സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലുള്ള സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്

സി പി എം നിയന്ത്രണത്തിലുള്ള ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍ രംഗത്തെത്തി. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചു. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ എംഎസ്എഫിന്റെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഫാസില്‍ ടിപിയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തില്‍ മഴ മുന്നറിയിപ്പ്

കേരളത്തില്‍ ഈ മാസം 17 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദന്റെ വിമര്‍ശനം

മുഖ്യമന്ത്രി വി ഡി സതീശന്‍ ആര്‍ എസ് എസിന് പൂര്‍ണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. വന്ദേമാതരം മുഴുവന്‍ ആലപിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി എ മുഹമ്മദ് റിയാസിന്റെ ആരോപണം

ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായ എം ഡി എം എ കേസ് പ്രതി നവകേരള സദസ് നടക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ കളവാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മരണം: പിണറായി വിജയന്റെ വിമര്‍ശനം

അന്യായമായ സ്ഥലംമാറ്റത്തെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സിവില്‍ സര്‍വീസ് മേഖലയെ അസംതൃപ്തമാക്കുന്നുവെന്നും ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന: സുപ്രീംകോടതിയില്‍ ഹര്‍ജി

മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരേ മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് അയച്ചു.

പൊലീസിനെതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവിനെതിരെ കേസ്

പത്തനംതിട്ട മല്ലപ്പള്ളിയില്‍ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘പൊലീസുകാര്‍ക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില്‍ കയറിയാല്‍ ഞങ്ങളും തിരിച്ചു കയറും’ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭീഷണി പ്രസംഗം.

മുഖ്യമന്ത്രിക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ഗവ. ലോ കോളേജിന് മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘എന്തേ പുതുയുഗ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭംഗി കൂടിപ്പോയോ’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ്

ബെംഗളൂരുവില്‍ നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറുണ്ടായി. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയമുയര്‍ന്നതോടെ, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഉത്തരവിട്ടു.

കെ ബി ഗണേഷ് കുമാറിനെതിരെ നടപടിക്ക് ആവശ്യം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ് യൂണിയന്‍ രംഗത്തെത്തി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന് വീണ്ടും നിയമനം

വ്രാപ്പുഴ അതിരൂപത മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവല്‍ക്കരണ ഡിക്കാസ്ട്രിയില്‍ അംഗമായി വീണ്ടും നിയമിച്ചു.

കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് പരാതി

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തില്ല. ദൃശ്യങ്ങള്‍ സഹിതം പരാതി ലഭിച്ചിട്ടും പിഴ ചുമത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

പാലക്കാട് അനധികൃത പണം പിടികൂടി

പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റില്‍ ശരീരത്തില്‍ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതി എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് പിടിയിലായത്.

കുടുംബശ്രീയുടെ ഓണസദ്യ

സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളില്‍ കുടുംബശ്രീ ഈ വര്‍ഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതല്‍ വിലയില്‍ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓര്‍ഡര്‍ ചെയ്യാം.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഓണസദ്യ

ഈ ഓണക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് 18 മണിക്കൂര്‍ മുന്‍പ് വരെ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളടങ്ങിയ സദ്യ പ്രത്യേക പാക്കറ്റുകളിലാണ് നല്‍കുന്നത്.

തലശ്ശേരിയില്‍ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് മരിച്ചത്.

ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ തടവുകാരന് നേരെ ആക്രമണം

ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസില്‍ ഐവിന്‍ ആന്റണി (21) അറസ്റ്റിലായി. വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്‌ക്കെതിരായ ജാതി അധിക്ഷേപം: കോണ്‍ഗ്രസ് പ്രതിഷേധം

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ജാതി അധിക്ഷേപം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് രാജ്യസഭ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ അറിയിച്ചു. ശ്രീരാം സേന എന്ന തീവ്ര ഹിന്ദു പ്രസ്ഥാനത്തിലെ അംഗങ്ങളാണ് അധിക്ഷേപം നടത്തിയത്.

ഗേറ്റ് പരീക്ഷ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു

ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) പരീക്ഷയുടെ രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിക്കും. അപേക്ഷ നല്‍കുന്നതിന് മുന്‍പായി അപേക്ഷകര്‍ ഡിജിലോക്കര്‍ അക്കൗണ്ടുകള്‍ പരിശോധിച്ച് സജ്ജമാക്കണം.

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരായ പരാമര്‍ശം: പുരസ്‌കാരം പിന്‍വലിച്ചു

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നല്‍കിയ ബംഗാളിന്റെ സിവിലിയന്‍ ബഹുമതിയായ ‘ബംഗ വിഭൂഷണ്‍’ പുരസ്‌കാരം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണമുണ്ടായി. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ബാദലിന്റെ വലത് കൈയ്ക്ക് പരിക്കേറ്റു.

ഉത്തരാഖണ്ഡ് തുരങ്ക അപകടം

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തിനിടെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങി ഏഴു തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ചമോലി ജില്ലയിലെ പിപല്‍കോട്ടിയില്‍ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. 16 തൊഴിലാളികളെ രക്ഷപ്പെടുത്തി.

നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സമരം

കോക്രോച്ച് പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കോണ്‍വൊക്കേഷനു ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അധികാരികള്‍ക്ക് കത്ത് നല്‍കി.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന

എയര്‍ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന നടത്താന്‍ കമ്പനി നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാര്‍ത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ പരിശോധന.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വ്ളോഗര്‍ പുണെയില്‍ അറസ്റ്റില്‍

വയോധികനില്‍നിന്ന് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 10 കോടിയിലധികം രൂപ അപഹരിച്ച കേസില്‍ വ്ളോഗര്‍ രോഹന്‍ ജാദവ് പുണെയില്‍ അറസ്റ്റിലായി. ഛത്രപതി സംഭാജിനഗര്‍ സ്വദേശിയാണ് ഇയാള്‍.

ബംഗ്ലാദേശ് ഊര്‍ജ്ജ പ്രതിസന്ധി

രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി മൂലം ബംഗ്ലാദേശ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.

യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ പ്രതികരണം

റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ കടുത്ത ക്ഷാമമുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഇറാന്‍ നിലപാട്

യുഎസുമായുള്ള സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്തെത്തി. ഉപരോധവും യുദ്ധവും അവസാനിപ്പിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി.

ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീലിനെതിരെ കളിക്കാനുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആസിയാന്‍ കപ്പില്‍നിന്ന് പിന്മാറിയത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്ക് ഓഫ് അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ആഗോള ബാങ്കിംഗ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയും തമ്മിലുള്ള പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക ഏകദേശം 18,268 കോടി രൂപ നിക്ഷേപിക്കും.

കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്ത് മെറ്റ

കുട്ടികളുടേതെന്ന് സംശയിക്കുന്ന ഏഴ് ലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ മാതൃകമ്പനിയായ മെറ്റ നീക്കംചെയ്തു. ഡിസംബറിനും ജൂണിനും ഇടയിലാണ് ഈ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയത്.

‘പ്യാര്‍ പ്രേമ കല്യാണ’ ട്രെയിലര്‍ പുറത്തിറങ്ങി

എളന്‍ സംവിധാനം ചെയ്ത് നായകനായും എത്തുന്ന പുതിയ ചിത്രമായ ‘പ്യാര്‍ പ്രേമ കല്യാണ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 21ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ സാന്‍വേ മേഘനയാണ് നായിക.

ലോകേഷ് കനകരാജിന്റെ ‘ഡിസി’ ചിത്രം 50 കോടി ക്ലബ്ബില്‍

ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തിലെത്തിയ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ ത്രില്ലറായ ‘ഡിസി’ നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക.

എംജി ഹെക്ടര്‍ ഹോക്ക് ടീസര്‍ പുറത്തിറങ്ങി

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന പുതിയ ത്രീ-റോ എസ്യുവിയായ ‘ഹെക്ടര്‍ ഹോക്കിന്റെ’ പുതിയ ടീസര്‍ ചിത്രങ്ങള്‍ ജെഎസ്ഡബ്ല്യു – എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ഓഗസ്റ്റ് 26-ന് വാഹനം ഔദ്യോഗികമായി വിപണിയില്‍ പുറത്തിറങ്ങും.

കഞ്ഞി വെള്ളം കൊണ്ടുള്ള ചര്‍മ്മ സംരക്ഷണം

കഞ്ഞി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ജലാംശം, തിളക്കം, ദൃഢത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക ഉറവിടമായ ഇത് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നു.