സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 65 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 14,015 രൂപ നൽകണം. അതായത് ഇന്നൊരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,12,120 രൂപയും അതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാകും. വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയാണ്.
ഈ ആഴ്ചയിൽ ആദ്യമായാണ് പൊന്നിന് വില കുറയുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയായിരുന്നു. ഉച്ചയോടെ സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,080 രൂപയായിരുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ആഗോള വിപണിയെ ബാധിച്ചെങ്കിലും വെള്ളിയാഴ്ചയും ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ഇന്ന് 87.00 ഡോളറിലെത്തി. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്
ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ; ശിക്ഷ 18 ന്
ഇടുക്കി: പാമ്പാടുംപാറയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കാപ്പിത്തോട്ടത്തിലെ കുളത്തിൽ കല്ലുകെട്ടിത്താഴ്ത്തിയ കേസിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കോടതി. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്.
കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ മാത്യു ദേവസ്യ (തങ്കച്ചൻ – 63) ആണ് കുറ്റക്കാരനെന്ന് ജഡ്ജി സനു എസ്. പണിക്കർ വിധിച്ചത്. കേസിൽ പ്രതിക്കുള്ള ശിക്ഷ ഈ മാസം 18-ന് പ്രഖ്യാപിക്കും.
2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തോട്ടത്തിലെ തൊഴിലാളിയായ യുവതിയും മാത്യു ദേവസ്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് യുവതി ഗർഭിണിയായി. മാത്യുവിന് ഭാര്യയും കുട്ടികളുമുള്ളതിനാൽ, യുവതി പ്രസവിച്ചാൽ തന്റെ കുടുംബജീവിതം തകരുമെന്നും സമൂഹത്തിലെ സത്പേരിന് കളങ്കമുണ്ടാകുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവദിവസം ജോലിക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ മാത്യു പാമ്പാടുംപാറ ആനകുത്തിഭാഗത്തേക്ക് വിളിച്ചുവരുത്തി. കട്ടപ്പനയിൽനിന്ന് നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയറും പടുതയും ഉപയോഗിച്ച് കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ചാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തിൽ താഴ്ത്തുകയായിരുന്നു.
ലാർ ഗിബ്ബൺ കുരങ്ങിനൊപ്പമുള്ള വീഡിയോ: നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ്
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ വിവാദമായതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ വനംവകുപ്പ് നോട്ടീസ് നൽകുകയും, ഈറോഡ് ജില്ലയിലെ പെരുന്തുറയിലുള്ള മൃഗ പ്രജനന കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു.
മണിപ്പുരിൽ നിന്ന് പെരുന്തുറയിലെ കേന്ദ്രത്തിലെത്തിച്ച കുരങ്ങാണെന്നാണ് വനംവകുപ്പിന് ലഭിച്ച പ്രാഥമിക വിവരം. മൃഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചതിനും കൈവശം വെച്ചതിനുമുള്ള രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന്റെ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ മുൻ ഉടമയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വിക്രമിന്റെ മകളുടെ ഭർതൃപിതാവാണ് പെരുന്തുറയിലെ കേന്ദ്രത്തിൽ നിന്ന് ഈ കുരങ്ങുകളെ വാങ്ങിയതെന്നാണ് വിവരം. തുടർന്ന് ചെന്നൈയിലെത്തിച്ച ജീവികളെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഈഞ്ചമ്പാക്കത്തെ ഫാംഹൗസിൽ പാർപ്പിച്ചശേഷമാണ് നടൻ വീഡിയോ ചിത്രീകരിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വനംവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. രേഖകളുടെയും ഉടമസ്ഥാവകാശത്തിന്റെയും നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട്: കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാളികടവിൽ നടന്ന കൊലപാതക കേസിലെ പ്രതി വൈശാഖനെ തടമ്പാട്ടുതാഴത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എലിവിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഈ ജനുവരിയിലായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ വൈശാഖൻ അറസ്റ്റിലായിരുന്നു.
അകന്ന ബന്ധു കൂടിയായ യുവതിയെ യുവതിയെ വൈശാഖൻ പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ പീഡനത്തിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷം നൽകിയ ശേഷമാണ് പ്രതി കൊലപാതം നടത്തിയത്. ഒരുമിച്ച് കുരുക്കിടുകയും കഴുത്തിൽ കുരുക്കിട്ട യുവതി നിന്ന സ്റ്റൂൾ പ്രതി തട്ടിമാറ്റുകയുമായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യത്തിലായിരുന്നു വൈശാഖൻ.
വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന വൈശാഖനോട് യുവതി വിവാഹാഭ്യർഥന നടത്തിയതാണ് കൊലപാതകത്തിന്റെ കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിവാഹിതനായതിനാൽ ഇനി മറ്റൊരു വിവാഹത്തിന് കഴിയില്ലെന്നും ഒരുമിച്ച് മരിക്കാമെന്നുമായിരുന്നു വൈശാഖൻ യുവതിയോട് പറഞ്ഞിരുന്നത്. തുടർന്ന് ഇരുവരും രണ്ടു സ്റ്റൂളുകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ടപ്പോൾ വൈശാഖൻ പെട്ടെന്നു താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ കെട്ടറുത്ത് നിലത്തു കിടത്തി ഇയാൾ ബലാത്സംഗം ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്നു പറഞ്ഞ് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തി. ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ എസ്‌ഐമാർ ഏറ്റെടുക്കും
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും. പൊലീസിനെ കൂടുതൽ ജനകീയവും സേവനകേന്ദ്രിതവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്‌എച്ച്ഒ) തുടരും. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു സമഗ്ര പൊലീസ് പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മർദനങ്ങളും അനധികൃത തടങ്കലുകളും പൂർണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പാക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും.
20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതിയെ കൂടുതൽ ആധുനികവത്കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി ഡിഐജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം ഒരുക്കും. പരാതികളുടെ എണ്ണം, എഫ്‌ഐആർ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ഡി.ജി.പിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കുന്നതും പുതിയ പരിഷ്‌കരണങ്ങളുടെ ഭാഗമായിരിക്കും.
എടപ്പാളിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാൾ ടൗണിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നടത്തിയ മരണപ്പാച്ചിലിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരണപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലെ മേൽപ്പാലം തുടങ്ങുന്ന ഭാഗത്താണ് അപകടമുണ്ടായത്.
തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ (53), ഒപ്പമുണ്ടായിരുന്ന മുരുകേശൻ (60) എന്നിവരാണ് മരിച്ചത്. നാട്ടുകാർ പരിക്കേറ്റവരെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ വിദഗ്ദചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജിൽ (37), ബൈക്ക് യാത്രികൻ ദിനേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്, മേൽപ്പാലം ഇറങ്ങി അതിവേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് വരുന്നതിനിടെ പാലത്തിന് മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശികളെ ഇടിച്ചുതെറിപ്പിക്കുകയും, ഇതിലൊരാളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ച് 50 മീറ്ററോളം ദൂരം മുന്നോട്ട് പോയശേഷമാണ് നിന്നത്. എടപ്പാൾ, കുറ്റിപ്പുറം, കുന്നംകുളം മേഖലകളിൽ സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം ദിവസങ്ങൾക്കുള്ളിൽ ആറ് ജീവനുകളാണ് പൊലിഞ്ഞത്.
ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി-യുടെ കുറവ് വളരെ സാധാരണമാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും വിറ്റാമിൻ ഡി-യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ, കൊഴുപ്പിൽ അലിയുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഡി.
അസ്ഥികളുടെ ബലം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും, കാൽസ്യം ആഗിരണം ചെയ്യുന്നതിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. അസ്ഥികളുടെ ബലം നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ അളവിൽ ഈ ജീവകം ശരീരത്തിൽ ഇല്ലാതിരിക്കുമ്പോഴാണ് വിറ്റാമിൻ ഡി-യുടെ കുറവ് ഉണ്ടാകുന്നത്.
വിറ്റാമിൻ ഡിയുടെ കുറവ് പലരും കരുതുന്നതിലും സാധാരണമാണ്
വിറ്റാമിൻ ഡിയുടെ കുറവ് പലരും കരുതുന്നതിലും സാധാരണമാണ്. ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ആളുകളിലും വിറ്റാമിൻ ഡിയുടെ അളവ് അപര്യാപ്തമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൂര്യപ്രകാശം കുറവായി ലഭിക്കുന്നത് (പ്രത്യേകിച്ച് വടക്കൻ അക്ഷാംശങ്ങളിലോ ശൈത്യകാലത്തോ), ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങൾ, പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം ഈ കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും സപ്ലിമെന്റുകൾ വഴിയും പരിഹരിക്കാൻ സാധിക്കും
ശരീരത്തിൽ വിറ്റാമിൻ ഡി-യുടെ അളവ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും പലവിധ സങ്കീർണ്ണതകൾക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം. അതിനാൽ, വിറ്റാമിൻ ഡി-യുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നത് പ്രധാനമാണ്. വിറ്റാമിൻ ഡി-യുടെ കുറവ് നേരത്തേ കണ്ടെത്തിയാൽ, ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും സപ്ലിമെന്റുകൾ വഴിയും അത് പരിഹരിക്കാൻ സാധിക്കും.
അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്
വിട്ടുമാറാത്ത ശരീരവേദനയും ക്ഷീണവും, മുടി കൊഴിച്ചിൽ, ഉത്കണ്ഠ, ഇടവിട്ട് അസുഖങ്ങൾ വരുന്നത്, പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മോശമാകുക എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്. ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.
എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ – കാലു വേദന
എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ – കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.
വരണ്ട ചർമ്മം, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. വരണ്ട ചർമ്മം, ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.
മിൽമ ചെയർമാൻ്റെ പദവി തുലാസിൽ; യോഗ്യതയില്ലെന്ന് ക്ഷീരവകുപ്പ് റിപ്പോർട്ട്; ‘സ്വന്തമായി പശുവോ ഫാമോ ഇല്ല’
കൊച്ചി: മിൽമ എറണാകുളം പ്രാദേശിക സഹകരണ ക്ഷീര ഉത്പാദക യൂണിയൻ ചെയർമാൻ വത്സലൻ പിള്ളയ്ക്ക് ക്ഷീരസംഘം ഭരണസമിതിയംഗമായി തുടരാൻ യോഗ്യതയില്ലെന്ന് ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട്. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിലാണ് വത്സലൻ പിള്ളയ്ക്ക് സ്ഥാനത്ത് തുടരാനുള്ള അടിസ്ഥാന യോഗ്യതയില്ലെന്ന് കണ്ടെത്തിയത്.
Also Read: മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ ജർമനിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു
സ്വന്തമായി പശുവോ ഫാമോ ഇല്ലാതെയാണ് അദ്ദേഹം ഭരണസമിതിയിൽ തുടരുന്നതെന്നും യോഗ്യത തെളിയിക്കുന്നതിനായി നൽകിയ രേഖകൾ വ്യാജമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിനെതിരെ വത്സലൻ പിള്ള നൽകിയ അപ്പീൽ നിലവിൽ ക്ഷീരവികസന വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തലുകൾ വകുപ്പ് സെക്രട്ടറി ശരിവെച്ചാൽ വത്സലൻ പിള്ളയുടെ ചെയർമാൻ പദവി തെറിക്കും. അതേസമയം, കോൺഗ്രസ് യൂണിയനെ സംരക്ഷിക്കുന്നതിനായി വകുപ്പുതലത്തിൽ അന്തിമ തീരുമാനം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വത്സലൻ പിള്ള നിഷേധിച്ചു. പരാതി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് അന്വേഷണോദ്യേഗസ്ഥൻ നേരിട്ട് ഹാജരാകണം
കൊച്ചി. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും.
വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം പോലും റിപ്പോർട്ടിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മൈക്രോഫിനാൻസ് കേസിലെ 17 പരാതികളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതായും 30 കേസുകളിൽ പ്രോസിക്യൂഷന് ആവശ്യമായ ക്രമക്കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എം.എസ്. അനിൽ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ ജർമനിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ മുൻ സൈനികനായ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ 25കാരൻ വിഷു ശർമയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ ഫ്രഞ്ച് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വിഷു, പിന്നീട് ജർമ്മനിയിലേക്ക് കുടിയേറി.
അവിടെ ഡെലിവറി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ആളുകൾ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. വിഷുവുമായി തിങ്കളാഴ്ചയാണ് കുടുംബം അവസാനമായി സംസാരിച്ചത്. സാധാരണ രീതിയിലുള്ള സംസാരമായിരുന്നു നടന്നതെന്നും വിഷുവിന്റെ കുടുംബാംഗം നീരജ് ശർമ പറയുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മ മരണവാർത്തയെത്തുന്നത്.
കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നോ അക്രമികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2022 നവംബറിലാണ് വിഷു പോർച്ചുഗലിലേക്ക് പോകുന്നത്. കുടുംബ സ്വത്ത് വിറ്റ് 20 ലക്ഷം രൂപ ചെലവിട്ടായിരുന്നു ഈ യാത്ര. ഒരു വർഷം പോർച്ചുഗലിൽ ചെലവിട്ട ശേഷം ഫ്രാൻസിലേക്ക് പോയ ഇയാൾ ഫ്രാൻസ് സൈന്യത്തിൽ ചേരുകയായിരുന്നു. ആറു മാസത്തെ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തോളം ഫ്രഞ്ച് ആർമിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
പിന്നീട് സൈനിക സേവനം അവസാനിപ്പിച്ച വിഷു ജർമ്മനിയിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഡെലിവറി രംഗത്ത് സ്വന്തമായി ഒരു സംഘത്തെ രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന് കീഴിൽ നിരവധി ആളുകൾ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. മൃതദേഹം കുരുക്ഷേത്രയിലെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുടുംബം പൂർത്തിയാക്കിവരികയാണ്.






































