മദ്യശാലകള്‍ അടച്ചും സേനാവിന്യാസം വര്‍ധിപ്പിച്ചും അധികൃതര്‍
ന്യൂഡെല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യമുയർത്തി പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. കോൺഗ്രസ് എംപിമാർ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. ബസുകളിൽ എത്തിയ നേതാക്കൾ ഗാന്ധി സമാധിയിൽ പോയി പ്രാർത്ഥന നടത്തും, പ്രതിഷേധിക്കും.
ഇവിടെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷാ വലയത്തിലാണ് ഈ പ്രദേശം. ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ നാളെയും സമരം തുടരാനാണ് ഉദ്ദേശിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് മമത ബാനർജിയോടും മഹാരാഷ്ട്രയിൽ നിന്ന് ഉദ്ധവ് താക്കറെയോടും ബിഹാറിൽ നിന്ന് തേജസ്വി യാദവിനോടും നാളെ ദില്ലിയിൽ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.
ജനങ്ങളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ കവർന്നെടുക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് മുന്നൂറോളം നേതാക്കളെന്ന് രാഹുൽ പറഞ്ഞു. എംപിമാരുടെ രാജ്ഘട്ട് മാർച്ച് മിന്റോ റോഡിലേക്ക് പ്രവേശിച്ചു. മാർച്ച് ഡിഡിയു മാർഗിലേക്ക് പ്രവേശിക്കുന്നിടത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഘർഷമുണ്ടായി. 100 മീറ്റർ അപ്പുറത്താണ് ബിജെപി ദേശീയ ആസ്ഥാനം. പൊലീസ് തടഞ്ഞതിന് പിന്നാലെ എംപിമാരുടെ ബസ് അജ്മീരി ഗേറ്റ് ഭാഗത്തേക്ക് നീങ്ങി.
അതിനിടെ ദില്ലിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും. ഒക്ടോബർ ഒൻപത്, 10 തീയതികളിൽ മദ്യശാലകൾ അടച്ചിടുമെന്ന് ദില്ലി സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. ദില്ലി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. രാജ്യതലസ്ഥാനം കോക്റോച്ച് ജനത പാർട്ടി (സിജെപി) അടക്കമുള്ള സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് വേദിയാകാനിരിക്കെയാണ് മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനം.
സിജെപി പ്രതിഷേധത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ അധിക സേനാവിന്യാസം നടത്തി സുരക്ഷ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്രസേനയിൽ നിന്ന് ഏകദേശം 11,000 അധിക സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതോടെ ദില്ലിയിലെ കേന്ദ്ര സേനാ ഉദ്യോഗസ്ഥരുടെ എണ്ണം ഏകദേശം 26,000 ആയി ഉയരും. അതേസമയം ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ദില്ലി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല.
































