തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. നാമക്കൽ ജില്ലയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുത്ത ശേഷം പത്തോളം പേർ കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.
തുറയൂർ-മുസിരി റോഡിൽ ജംബുനാഥപുരത്തിന് സമീപം വെച്ച് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു.
ഇഷ്ടികകളത്തിൽ ജോലി ചെയ്യുന്നവർ ആണ് അപകടത്തിൽ പെട്ടത്. നാമക്കലിൽ സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിന് ശേഷം മടങ്ങുമ്പോൾ ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടൻതന്നെ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
ജംബുനാഥപുരം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി തകർന്ന കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്. വാഹനം നിയന്ത്രണം വിടാനുണ്ടായ കാരണം കണ്ടെത്താൻ പൊലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


























