നീലഗിരി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് മുൻ വ്യോമസേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തി (64) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു.
കുനൂർ–മേട്ടുപ്പാളയം റോഡിൽ രാവിലെയാണ് അപകടം. കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ചുപേർ മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് റോഡിന്റെ ഒരുവശത്തെ കുന്നിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി വാഹനത്തിന് മുകളിലേക്ക് പതിച്ചത്.
മുൻവശത്തെ ഇടതുവശത്തെ സീറ്റിലായിരുന്നു കൃഷ്ണമൂർത്തി ഇരുന്നത്. ഈ ഭാഗത്തേക്കാണ് പാറ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂർത്തി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. വാഹനമോടിച്ചിരുന്നത് മകനായിരുന്നു. പിന്നിലിരുന്ന ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം. മേട്ടുപ്പാളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





























