ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദില്‍ ഉണ്ടായ വൻ തീപിടുത്തം. സംഭവത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മധ്യം മാർഗ്ഗിലെ ‘നയാ താര’ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്.
പ്രാഥമിക നിഗമനങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. എങ്കിലും ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കനത്ത പുക കാരണം പുറത്തേക്ക് വരാൻ കഴിയാതിരുന്ന ചില താമസക്കാർ ടെറസിലേക്ക് ഓടിക്കയറിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയടക്കം രക്ഷപെടുത്തി.



































