26.1 C
Kollam
Friday 16th October, 2026 | 11:36:34 PM
Home News Breaking News ഡൽഹിയിൽ പ്രക്ഷോഭക്കൊടുങ്കാറ്റ്; വിലക്കുകൾ ഭേദിച്ച് ദേശീയപതാകയേന്തി പതിനായിരങ്ങൾ

ഡൽഹിയിൽ പ്രക്ഷോഭക്കൊടുങ്കാറ്റ്; വിലക്കുകൾ ഭേദിച്ച് ദേശീയപതാകയേന്തി പതിനായിരങ്ങൾ

ന്യൂഡൽഹി: പൊലീസ് വിലക്കുകളും കടുത്ത നിയന്ത്രണങ്ങളും ഭേ​ദിച്ച് ദേശീയപതാകയുമായി പതിനായിരങ്ങള്‍. ഡൽഹി നഗരത്തെ വിറപ്പിച്ച്, ഭരണകൂട വിലക്കുകളെ ഭേദിച്ച് പതറാതെ മുന്നേറുകയാണ് തിരംഗാ മാർച്ച്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് കരുത്തുപകർന്ന് രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകളാണ് കൊണാട്ട് പ്ലേസിലെത്തിയത്.

പ്രതിഷേധം തടയാൻ നഗരഹൃദയത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും അഭിജീത് ദീപ്കെയെ മുൻകൂട്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധത്തിൽനിന്ന് പിന്മാറാതെ ദേശീയപതാകകളുമായി പ്രക്ഷോഭകർ രംഗത്തെത്തി. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, എഎപി, എഐവൈഎഫ് തുടങ്ങിയ വിവിധ വിദ്യാർഥി-യുവജന സംഘടനകളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി അണിനിരന്നതോടെ ഡൽഹി തെരുവുകൾ പോരാട്ട ഭൂമിയായി മാറി. സമരത്തിന് മുന്നില്‍ എ എ റഹീം എംപി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരും മുന്നിലുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുചേരാനായിരുന്നു സിജെപി ആഹ്വാനം ചെയ്തത്. മാർച്ച് തടയാൻ സെൻട്രൽ പാർക്ക് അടച്ചുപൂട്ടിയും പ്രധാന വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. 25,000ത്തിലേറെ പൊലീസ്, അർധസൈനിക ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരെ തടയാൻ നടപടികളുണ്ടായിട്ടും തിരംഗാ മാർച്ചിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കാൻ സംഘടനകൾ തയ്യാറായില്ല.
മാർച്ചിന് മണിക്കൂറുകൾക്കുമുമ്പുതന്നെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ താമസിച്ചിരുന്ന സ്ഥലം വളഞ്ഞ പൊലീസ് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയുെ ചെയ്തു. എന്നാൽ ദേശീയപതാക ഉയർത്തുന്നത് കുറ്റമല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തിൽനിന്ന് പിന്മാറില്ലെന്നും ദീപ്കെ വ്യക്തമാക്കി. തുടർന്ന് കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനം ആവശ്യപ്പെട്ടുകൂടിയാണ് തിരംഗാ മാർച്ച്. ഇരുവരും തിഹാർ ജയിലിലാണ്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്ക് കാരണക്കാരനായ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭമാരംഭിച്ചത്. വിദ്യാർഥി സംഘടനകളും പ്രതിപക്ഷ സംഘടനകളും മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here