29.7 C
Kollam
Sunday 22nd November, 2026 | 06:50:03 PM
Home News Breaking News എസ്ര ട്രാവൽസ് ഉടമ മേരി ലോപ്പസിനെതിരെ വീണ്ടും തട്ടിപ്പ് കേസ്

എസ്ര ട്രാവൽസ് ഉടമ മേരി ലോപ്പസിനെതിരെ വീണ്ടും തട്ടിപ്പ് കേസ്

Advertisement

കൊല്ലം. നീരാവിൽ പ്രവർത്തിച്ചിരുന്ന എസ്ര ട്രാവൽസ് ഉടമ മേരി ലോപ്പസിനെതിരെ വീണ്ടും തട്ടിപ്പ് കേസ്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കളമശ്ശേരി പൊലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മേരി ലോപ്പസ് രണ്ടാം പ്രതിയാണ്. എറണാകുളത്തെ യൂണീ ടൂറിസ്റ്റ് ആൻഡ് ട്രാവൽസ് മുഖേന വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നാണ് പരാതി.
വിസയും വിദേശജോലിയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ മേരി ലോപ്പസിനെ അഞ്ചാലുംമൂട് പൊലീസ് ഛത്തീസ്ഗഢിൽ നിന്ന് പിടികൂടിയത്. കൊല്ലം നീരാവിൽ പ്രവർത്തിച്ചിരുന്ന എസ്ര ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ മറവിൽ എഴുപതിലധികം ഉദ്യോഗാർഥികളിൽ നിന്നായി ഒരു കോടി 63 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇസ്രായേൽ, ഓസ്ട്രേലിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് നാല് മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി.
രണ്ട് വർഷത്തോളമായി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിട്ടും ആർക്കും ജോലിയോ വിസയോ ലഭിച്ചില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തട്ടിപ്പ് പുറത്തായതോടെ സ്ഥാപനം അടച്ചുപൂട്ടി ഉടമകൾ ഒളിവിൽ പോവുകയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥാപനത്തിന് നിരവധി ശാഖകളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ പരാതികളുണ്ടോയെന്നും മറ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് സമാന തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. മേരി ലോപ്പസിനെതിരായ മറ്റ് കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കളമശ്ശേരിയിൽ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തതോടെ തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച അന്വേഷണവും വിപുലമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here