സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പുകൾ വ്യാപകം. കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി നാല് വ്യത്യസ്ത സംഭവങ്ങളിൽ ലക്ഷങ്ങൾ നഷ്ടമായി. ഫോൺ അപ്ഡേറ്റ്, ലോൺ വാഗ്ദാനം, ഇ-ചലാൻ പിഴ എന്നിവയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കണ്ണൂരിൽ രണ്ട് സംഭവങ്ങളിലായി 87,000 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ന്യൂമാഹി സ്വദേശിയുടെ ഫോൺ അപ്ഡേറ്റ് ചെയ്യണമെന്ന വ്യാജ സന്ദേശമയച്ച് ഹാക്ക് ചെയ്ത് 61,000 രൂപ തട്ടിയെടുത്തു.
ഉമ്മൻചിറ സ്വദേശിയായ യുവതിക്ക് 30 ലക്ഷം രൂപ ലോൺ വാഗ്ദാനത്തിലൂടെ 26,000 രൂപയും നഷ്ടമായി. എറണാകുളം തോപ്പുംപടി സ്വദേശി നിതിൻ റാഫേലിന് ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനെന്ന പേരിൽ അയച്ച വ്യാജ ലിങ്കിലൂടെ 93,999 രൂപ നഷ്ടമായി. ലിങ്ക് തുറന്നതോടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയായിരുന്നു. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ ഡ്രൈവർക്കും വ്യാജ ഇ-ചലാൻ ലിങ്കിലൂടെ 99,000 രൂപ നഷ്ടമായി.

































