കരുനാഗപ്പള്ളി.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ കൊല്ലം ജില്ലാ സഹകരണ വാരാഘോഷ സഹകാരി സംഗമം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയറിൻ്റെ കീഴിൽ കൊണ്ടുവരും. തട്ടിപ്പുകൾ തടയുന്നതിനൊപ്പം മേഖലയിൽ പ്രൊഫഷണലിസം ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സഹകാരികളുടെ നിക്ഷേപത്തിന് ദൂരവ്യാപകവും വിശ്വാസ്യതയുള്ളതുമായ വായ്പകളുമായി സാധാരണക്കാരിലേക്ക് എത്തിക്കണം. സംരംഭങ്ങളുടെ സാമ്പത്തിക ആരോഗ്യം തകരുന്ന രീതിയിലുള്ള ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, വരുൺ ആലപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡൻ്റ് ടി.ഡി.അരുൺ രാജ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. വസന്തൻ, കെ.സി.രാജൻ, എൻ.എസ്. താര, ഇ.യൂസഫ്കുഞ്ഞ്, മുഹമ്മദ് മുസ്തഫ, പാവുമ്പ ബി.അനിൽ, അമ്പാട് അശോകൻ, കൊല്ലം ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ ജെ.ശോഭന, അസി. രജിസ്ട്രാർ ജി.മനോജ് കുമാർ, അസി. ഡയറക്ടർ എസ്. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.



































