29.7 C
Kollam
Friday 20th November, 2026 | 06:48:06 PM
Home News Local പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം

Advertisement

രാജ്യത്തെ പോളിയോ വിമുക്തമാക്കുന്നതിനുള്ള സബ് നാഷണല്‍ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ 22ന് അഞ്ചുവയസിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ടു മണിക്ക് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ബി. അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ എല്‍ മുഖ്യ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്‍വിന്‍ ജോസ് വിഷയാവതരണവും നടത്തും. കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ ബി, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാര്‍ ജി, ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന്‍, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് എ ബിന്ദുമോള്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ വിജയകുമാര്‍, കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുധാ ദേവി ജെ, വാര്‍ഡ് അംഗം ജയലക്ഷ്മി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ലിന്റാ ജോസഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സലീല ദേവി പി ആര്‍, കുണ്ടറ റോട്ടറി ക്ലബ് പ്രസിഡന്റ് ആര്‍ കൃഷ്ണനുണ്ണി, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 127375 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 1753 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കാന്‍ 3506 സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സാധാരണ ബൂത്തുകള്‍ക്കു പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിനു 35 ട്രാന്‍സിറ്റ് ബൂത്തുകള്‍, 17 മൊബൈല്‍ ബൂത്തുകള്‍, ഒരു ഉത്സവ/മേള ബൂത്ത് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍. വാക്സിന്‍, അവ സൂക്ഷിക്കാനുള്ള ഐഎല്‍ ആര്‍, ഡീപ് ഫ്രീസര്‍, കോള്‍ഡ് ബോക്സ്, വാക്സിന്‍ കാരിയര്‍ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വോളന്റിയര്‍മാര്‍. നവംബര്‍ 23, 24 തീയതികളില്‍ ഫോളോ അപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്ഥാന ടീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ജില്ലാതല മോണിറ്ററിങ് നടത്തും. ആദ്യദിനത്തില്‍ തന്നെ അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികളെയും ബൂത്തില്‍ എത്തിച്ചു പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here