29.7 C
Kollam
Friday 20th November, 2026 | 06:45:03 PM
Home News Local 12-ാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ

12-ാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ

Advertisement

12-മത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അഷ്ടമുടിക്കായലിന് സമീപത്തെ വേദിയില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തൊഴില്‍, വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാവും. മേയര്‍ എ കെ ഹഫീസ് പതാക ഉയര്‍ത്തും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി സമ്മാനദാനം നിര്‍വഹിക്കും. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ വിഷ്ണു മോഹന്‍, കെ എന്‍ ബാലഗോപാല്‍, ബി ബി ഗോപകുമാര്‍, സി ആര്‍ മഹേഷ്, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ഉല്ലാസ് കോവൂര്‍, സി അജയപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്, സബ് കലക്ടര്‍ ഡോ.മോഹന പ്രിയ, എഡിഎം എസ്.സജീദ്, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയാ സുകുമാരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ജോസഫ് കുരുവിള, ഡിറ്റിപിസി സെക്രട്ടറി ജ്യോതിഷ് കേശവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രസിഡന്റസ് ട്രോഫിയിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമായി ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സിബിഎല്ലില്‍ മൂന്ന് ട്രാക്കുകളിലായി മേല്‍പ്പാടം ചുണ്ടന്‍, അരോമ വണ്‍ ചുണ്ടന്‍, വീയപുരം ചുണ്ടന്‍, നിരണം ചുണ്ടന്‍, പുണ്യാളന്‍ നിരണം ചുണ്ടന്‍, ചെറുതന ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, അറപ്പൂക്കര ചുണ്ടന്‍, തലവടി ചുണ്ടന്‍ എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
ചാമ്പ്യന്‍സ് ലീഗിലെ 10 മത്സങ്ങള്‍ അവസാനിച്ചപ്പോള്‍ പോയന്റ് നിലയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് 90 പോയിന്റുമായി മുന്നില്‍. തൊട്ടുപിന്നില്‍ 89 പോയന്റുമായി അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ വണ്‍ ചുണ്ടനാണ്. 83 പോയന്റുകളുമായി യുബിസി കൈനകരി എഫ് സി ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടനാണ് പോയന്റ് നിലയില്‍ മൂന്നാമത്. സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ചെറുവള്ളങ്ങളുടെ മത്സരത്തില്‍ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം എന്നിങ്ങനെ പങ്കെടുക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില ഒരു ലക്ഷം രൂപയും പ്രൈസ് മണി ഇനത്തില്‍ 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസ് ഇനത്തില്‍ 75000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് ബോണസായി 75000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നല്‍കും. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here