
അന്തിമ വിജ്ഞാപനത്തിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്കൊപ്പം എം.പി. ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കും
കൊല്ലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ നിന്ന് കൊല്ലം ജില്ലയിലെ പിറവന്തൂർ, പുന്നല ഗ്രാമങ്ങളെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. നടത്തിയ ഇടപെടലിന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന്റെ ഉറപ്പ്. എം.പി. ഉന്നയിച്ച ആശങ്കകളും നിർദേശങ്ങളും മന്ത്രാലയം പരിഗണനയ്ക്കായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇവ പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
2026 സെപ്റ്റംബർ 21-ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിനുള്ള മറുപടിയായാണ് നവംബർ 10-ന് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം ജൂലൈ 27-ന് S.O. 4106(E) നമ്പറായി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് കരട് വിജ്ഞാപനം കൈമാറിയിട്ടുണ്ടെന്നും പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിലെ ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളും ആശങ്കകളും സമഗ്രമായി പരിശോധിക്കുന്നതിന് മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ സമിതി വിശദമായി ചർച്ച ചെയ്ത് അർഹമായ പരിഗണന നൽകിയ ശേഷമായിരിക്കും അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുകയെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
പിറവന്തൂർ, പുന്നല ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇടപെടൽ നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും പ്രദേശത്തിന്റെ യാഥാർഥ്യങ്ങളും ജനങ്ങളുടെ ആശങ്കകളും കണക്കിലെടുത്ത് മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നുമാണ് എം.പി. ആവശ്യപ്പെട്ടത്.
കേന്ദ്രമന്ത്രിയുടെ മറുപടി ഈ വിഷയത്തിൽ പ്രതീക്ഷ നൽകുന്നതാണെന്നും പിറവന്തൂർ, പുന്നല ഗ്രാമങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.


































