27.6 C
Kollam
Saturday 14th November, 2026 | 09:13:48 PM
Home News Breaking News കാഷ്യു കോർപ്പറേഷനിലെ അഴിമതിക്കും ക്രമക്കേടുകൾക്കും തടയിടാൻ പുതിയ സംവിധാനം വരുന്നു

കാഷ്യു കോർപ്പറേഷനിലെ അഴിമതിക്കും ക്രമക്കേടുകൾക്കും തടയിടാൻ പുതിയ സംവിധാനം വരുന്നു

Advertisement

കൊല്ലം. കാഷ്യു കോർപ്പറേഷനിലെ അഴിമതിക്കും ക്രമക്കേടുകൾക്കും തടയിടാൻ പുതിയ സംവിധാനം വരുന്നു. തോട്ടണ്ടി വാങ്ങുന്നത് മുതൽ കശുവണ്ടിപ്പരിപ്പ് വിൽക്കുന്നതുവരെയുള്ള എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്താൻ ഇനി പേപ്പർ ഫയലുകൾക്ക് പകരം സോഫ്റ്റ്‌വെയർ സംവിധാനം. വൻകിട ബിസിനസ് സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് അഥവാ ഇ.ആർ.പി സോഫ്റ്റ്‌വെയറാണ് കാഷ്യു കോർപ്പറേഷനിലും നടപ്പാക്കുന്നത്. കണക്കുകളിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.

കശുവണ്ടി വ്യവസായ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ കാഷ്യു കോർപ്പറേഷനിൽ ഇനി ഡിജിറ്റൽ നിരീക്ഷണം കൊണ്ടുവരും. തോട്ടണ്ടി വാങ്ങൽ മുതൽ പരിപ്പ് വിൽപ്പന വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.
നിലവിൽ ഫാക്ടറികളിലെത്തിക്കുന്ന തോട്ടണ്ടിയുടെ അളവ്, ഉൽപ്പാദിപ്പിക്കുന്ന പരിപ്പിന്റെ അളവ്, വിൽപ്പന, വരുമാനം തുടങ്ങി എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നത് പേപ്പർ ഫയലുകളിലാണ്. ഈ സംവിധാനത്തിലെ പോരായ്മകൾ തോട്ടണ്ടിയുടെയും പരിപ്പിന്റെയും കണക്കുകളിൽ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയിരുന്നു. വിവിധ ഗ്രേഡുകളിലുള്ള തോട്ടണ്ടി വാങ്ങുമ്പോൾ അതിൽനിന്ന് ലഭിക്കേണ്ട പരിപ്പിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച കൃത്യമായ കണക്കുകൾ ഉറപ്പാക്കുന്നതിലും നിലവിലെ സംവിധാനത്തിന് പരിമിതികളുണ്ട്.

തോട്ടണ്ടി വാങ്ങലുമായി ബന്ധപ്പെട്ട് നിരന്തരം ആരോപണങ്ങളും ഉയരാറുണ്ട്.പുതിയ ഇ.ആർ.പി സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ ഓരോ ഘട്ടത്തിലെയും കണക്കുകൾ കൃത്യമായി പരിശോധിക്കാനാകും. വാങ്ങിയ തോട്ടണ്ടിയുടെ അളവിനും ഗ്രേഡിനും അനുസരിച്ച് ലഭിക്കേണ്ട പരിപ്പിന്റെ അളവിലോ ഗുണനിലവാരത്തിലോ വ്യത്യാസമുണ്ടായാൽ അത് കണ്ടെത്താനും കഴിയും.തോട്ടണ്ടിയുടെ വരവ്, ഫാക്ടറികളിലെ സംസ്കരണം, പരിപ്പിന്റെ ഉൽപ്പാദനം, വിൽപ്പന, വരുമാനം തുടങ്ങി എല്ലാ വിവരങ്ങളും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകും.ഇതോടെ കണക്കുകളിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾക്കുള്ള പഴുതുകൾ അടയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം സാമ്പത്തിക നഷ്ടം വലിയ തോതിൽ കുറയ്ക്കാനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് കാഷ്യു കോർപ്പറേഷന്റെ വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here