27.6 C
Kollam
Saturday 14th November, 2026 | 09:10:38 PM
Home News Breaking News മണ്ഡലകാലത്തിന് ശബരിമല ഒരുങ്ങി; നട തിങ്കളാഴ്ച വൈകിട്ട് തുറക്കും

മണ്ഡലകാലത്തിന് ശബരിമല ഒരുങ്ങി; നട തിങ്കളാഴ്ച വൈകിട്ട് തുറക്കും

Advertisement

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയും അന്നേദിവസം ചുമതലയേൽക്കും. വൃശ്ചികം ഒന്നായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമാകും.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ പ്രതിദിനം 80,000 തീർഥാടകർക്ക് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി തയ്യാറാക്കിയിട്ടുണ്ട്. വിതരണത്തിനായി അഞ്ച് കൗണ്ടറുകൾ കൂടി തുറക്കും. തപാൽവകുപ്പിന്റെ കൗണ്ടർ വഴിയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ ഇവ എത്തിച്ചുനൽകും. ഡോളി സർവീസ് പ്രീപെയ്ഡ് സംവിധാനത്തിലാണ്. സന്നിധാനത്തെ തിരക്ക് കുറയ്ക്കുന്നതിനായി എക്സിക്യൂട്ടീവ് ഓഫീസിന് മുന്നിലെ കൗണ്ടറുകൾ മാറ്റും. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ

നിലയ്ക്കലിലാണ് പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. ഇവിടെനിന്ന് പ്രതിദിനം 10,000 തീർഥാടകർക്ക് പാസ് ലഭിക്കും. കാനനപാത വഴി എത്തുന്നവർക്കായി എരുമേലിയിലും പുല്ലുമേട് വഴി വരുന്നവർക്കായി സത്രത്തിലും ട്രെയിൻ മാർഗം എത്തുന്നവർക്കായി ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്.

സ്പോട്ട് ബുക്കിങ്ങിന് ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അസൽ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. പ്രതിദിന തിരക്കും ഹൈക്കോടതി നിർദേശങ്ങളും പരിഗണിച്ച് സ്പോട്ട് ബുക്കിങ് പാസുകളുടെ എണ്ണത്തിൽ ദേവസ്വം ബോർഡ് മാറ്റം വരുത്തും. തിരക്കുള്ള ദിവസങ്ങളിൽ പാസുകൾ വേഗം തീരാൻ സാധ്യതയുള്ളതിനാൽ ശബരിമല ഓൺലൈൻ പോർട്ടൽ വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം യാത്ര തിരിക്കുന്നതാണ് ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here