ശാസ്‌താംകോട്ട:കല്ലടയാറിനു കുറുകെയുള്ള ചീക്കൽകടവ് പാലത്തിലെ നടപ്പാതയിൽ ‘വിള്ളൽ’ രൂപപ്പെട്ടത് ഭീഷണിയാകുന്നു.ചിറ്റുമല ഭാഗത്തു നിന്നും വരുമ്പോൾ പാലത്തിൻ്റെ വലത്തെ കൈവരിയോട് ചേർന്ന ഭാഗത്താണ് വിള്ളൽ ഉണ്ടായിരിക്കുന്നത്.നടപ്പാതയിലെ സ്ലാബ് താഴോട്ട് ഇരുത്തിയ നിലയിലാണ്.ഇതിനോട് ചേർന്നുള്ള ഭാഗങ്ങളിലെ സ്ലാബുകളിൽ ചവിട്ടുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
ദീർഘദൂര കെഎസ്ആർടിസി സർവ്വീസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്നുണ്ടെങ്കിലും,പാലത്തിൽ വലിയ വാഹനത്തിരക്ക് ഇല്ലാത്തതിനാൽ സായന്തനങ്ങളിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾ പാലത്തോട് ചേർന്നുള്ള നടപ്പാതയിൽ വിശ്രമിക്കാൻ എത്താറുണ്ട്.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പെന്നതാണ് സ്ഥിതി.വിള്ളൽ രൂപപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ എത്തിയില്ലെന്ന് പരാതിയുണ്ട്.നാട്ടുകാരുടെ നേതൃത്വത്തിൽ അപകട മുന്നറിയിപ്പ് നൽകാൻ ചുവന്ന തുണി കെട്ടിയതാണ് ആകെയുള്ള ആശ്വാസം.




































