ശാസ്‌താംകോട്ട:സിപിഎമ്മിന് എതിരെ വിമർശനസ്വരമുന്നയിച്ച മുൻ ലോക്കൽ കമ്മിറ്റിയംഗവും സംസ്ഥാന ലീഗൽ സർവ്വീസ് കമ്മിറ്റി അംഗവുമായിരുന്ന അഡ്വ.സി.കെ വിജയാനന്ദിന് രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് ഏരിയാ നേതൃത്വം വ്യക്തമാക്കി.
സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റിയിൽ മാടമ്പി സംസ്‌ക്കാരമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും പട്ടികജാതിക്കാരെ പദവികളിൽ നിന്ന് ഉൾപ്പെടെ അവഗണിക്കുകയാണെന്നും നവ മാധ്യമങ്ങളിലൂടെ വിജയാനന്ദ് തുറന്നടിച്ചിരുന്നു.പട്ടികജാതിക്കാരനായ തന്നെയും തൻ്റെ സഹോദരനെയും പാർട്ടി പൂർണമായി തഴഞ്ഞതായി വിജയാനന്ദ് പരസ്യമായി പ്രതികരിച്ചിരുന്നു.ഇനി തനിക്കൊരു ചുമതലയും വേണ്ടെന്നും സിപിഎമ്മിൽ തുടർന്ന് പ്രവർത്തിക്കില്ലെന്നും,താൻ മരിച്ചാൽ ഒരു ചുവപ്പ് കോടി തൻ്റെ മൃതദേഹത്തിൽ പുതപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് ഏറെ ചർച്ചയായി.
തുടർന്ന് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയുണ്ടായി.അനർഹമായ ആഗ്രഹങ്ങൾ വച്ചുപുലർത്തിയ ചിലരുടെ അസംതൃപ്തിയിൽ നിന്ന് ഉടലെടുത്ത പകപോക്കലാണ് ഇതിനു പിന്നിലുള്ളതെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.പ്രത്യയശാസ്‌ത്രപരമായ ധാരണകളുടെയും സംഘടനാപരമായ വ്യവസ്ഥകളുടെയും ചിട്ടകളുടെയും അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തിക്കുന്നത്.ഇത് പാലിക്കുക എന്നുള്ളത് പാർട്ടിയിലുള്ള എല്ലാവരുടെയും ബാധ്യതയാണെന്നും വർഗീയ ചിന്തകൾക്ക് അതീതമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും നേതൃത്വം പറയുന്നു.ശൂരനാട് ഠൗൺ ലോക്കൽ കമ്മിറ്റി അംഗമായ വിജയാനന്ദിനെ,ഠൗൺ ലോക്കൽ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയെ തീരുമാനിച്ചത് സംബന്ധിച്ച് വസ്തുതകൾക്ക് വിരുദ്ധമായ വ്യാജ പ്രചാരവേല പാർട്ടിക്കും നേതൃത്വത്തിനുമെതിരെ നടത്തിയതിൻ്റെ പേരിലാണ് പുറത്താക്കിയത്.നടപടിക്കു വിധേയനായ ശേഷം പറ്റിയ തെറ്റുകൾ തിരുത്തുന്നതിനു പകരം ജാതി വികാരം ഉയർത്തി സിപിഎമ്മിനെയും നേതൃത്വത്തെയും ദുർബലപ്പെടുത്താൻ എതിരാളികളുടെ ആയുധമായി മാറുകയാണ്.പാർട്ടിയിൽ നിന്നും ഒട്ടേറെ പരിഗണനകൾ ലഭിച്ചിട്ടുള്ള വിജയാനന്ദ് ജാതിപരമായ അവഗണന ഉണ്ടായിട്ടുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജില്ലാ പഞ്ചായത്ത് അടക്കം നിരവധി ജനറൽ വാർഡുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ മത്സരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.കൂട്ടായ നേതൃത്വം എന്ന നിലയിലാണ് ശൂരനാട്ടെ പാർട്ടി മുന്നോട്ട് പോകുന്നത്.ഈ കൂട്ടായ്മ ഇഷ്‌ടപ്പെടാത്ത ചില കുബുദ്ധികളുടെ വസ്‌തുതാ വിരുദ്ധവും കഴമ്പുമില്ലാത്ത നുണപ്രചരണങ്ങളെ പാർട്ടി അവജ്ഞയോടെ തള്ളികളയുകയാണ്.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻപും നടപടി നേരിട്ടിട്ടുള്ള ആളാണ് വിജയാനന്ദ്.
എം.ശിവശങ്കരപിള്ള, എം.ഗംഗാധര കുറുപ്പ് എന്നിവരെ കേന്ദ്രീകരിച്ച് ബോധപൂർവ്വം കള്ളപ്രചാരവേല നടത്തുന്നത് ജാതിവികാരത്തെ ഉപയോഗപ്പെടുത്തി പാർട്ടിയെ ദുർബലപ്പെടുത്താൻ കഴിയുമെന്ന വ്യാമോഹമാണെന്നും ഏരിയാ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി പി.ബി സത്യദേവൻ,അഡ്വ.ആർ.അമ്പിളി കുട്ടൻ,എം.ലത്തീഫ്,ബി.ബിനീഷ്, കെ.പ്രദീപ് എന്നിവർ പറഞ്ഞു.


































