കോട്ടയം: ജനിച്ചതുമുതൽ ജീവിതത്തിലെ പല മുഹൂർത്തങ്ങളും ഒരുമിച്ച് പങ്കിട്ട ഇരട്ട സഹോദരിമാർ പ്രസവത്തിലും അപൂർവമായ സമാനതയ്ക്ക് ഉടമകളായി. ഒരേ ദിവസം വിവാഹിതരായ ഇരുവരും ഒരേ ദിവസം പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. തിരുവഞ്ചൂർ ചെറുകാട്ടേൽ മലയാള മനോരമ ദിനപത്രം ഏജന്റ് സി.പി. അനിൽകുമാറിന്റെയും സൂര്യ അനിൽകുമാറിന്റെയും മക്കളായ ആതിരയും ആര്യയും (28) ആണ് ഈ അപൂർവ സാമ്യതയിലെത്തിയത്.
1997 നവംബർ 17നാണ് ഇരുവരും ജനിച്ചത്. പഠനകാലം മുതൽ ഒരേ മേഖലയിലാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചത്. നഴ്സിങ് ബിരുദം നേടിയശേഷം ഹൈദരാബാദിലെ ഡിആർഡിഒ അപ്പോളോ ആശുപത്രിയിൽ ഒരുമിച്ചാണ് ഔദ്യോഗിക ജീവിതത്തിനും തുടക്കമിട്ടത്.
2022 ഏപ്രിൽ 17ന് ഇരുവരും ഒരേ ദിവസം വിവാഹിതരായി. കരുവാറ്റ മഞ്ചാത്തപ്പള്ളിൽ അഖിലേഷ് ശ്രീകുമാറാണ് ആതിരയുടെ ഭർത്താവ്. മാവേലിക്കര പുത്തിരേത്ത് ചിരൺ മോഹനൻ നായരാണ് ആര്യയുടെ ഭർത്താവ്.
വിവാഹശേഷവും നഴ്സിങ് ജോലി തുടർന്ന ഇരുവരും പിന്നീട് ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് പോയി. ആതിര ഖത്തറിലെ ദോഹ ക്ലിനിക് ആശുപത്രിയിലും ആര്യ ഒമാനിലെ ബദർ അൽ സമ്മാ ആശുപത്രിയിലും നഴ്സുമാരായി ജോലി നേടി.
ഗർഭകാലത്തും പരസ്പരം താങ്ങായി നിന്ന ഇരട്ട സഹോദരിമാരെ തേടി ഒടുവിൽ ആ സന്തോഷവാർത്തയെത്തിയത് 2026 ഓഗസ്റ്റ് ഒൻപതിനാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഖത്തറിലെ ആയിഷ ബിൻ ഹമദ് ആശുപത്രിയിൽ ആതിര മകൾ നിവേദ്യ അഖിലേഷിന് ജന്മം നൽകിയപ്പോൾ, അതേ ദിവസം ഒമാനിലെ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ആര്യ മകൾ നിതാര ചിരണിനും ജന്മം നൽകി.
ജനനം മുതൽ വിവാഹംവരെയും പിന്നീട് മാതൃത്വത്തിലേക്കും ഒരേ താളത്തിൽ സഞ്ചരിച്ച സഹോദരിമാരുടെ ജീവിതത്തിലെ മറ്റൊരു അപൂർവ അധ്യായമായി മാറി ഈ ഇരട്ട പ്രസവം. നാട്ടിലെത്തിയ ഇരുവരും സെപ്റ്റംബർ 20ന് കുഞ്ഞുങ്ങളുടെ നൂലുകെട്ട് ചടങ്ങും ഒരുമിച്ചാക്കി ഗംഭീരമായി ആഘോഷിച്ചു.




























