ശാസ്‌താംകോട്ട: ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരത്തിന്റെയും വ്യാപനം തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ കുന്നത്തൂർ നിയോജകമണ്ഡലംതല ചാരായ നിരോധന അവലോകന കമ്മിറ്റി തീരുമാനിച്ചു.കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.മദ്യത്തിന്റെയും മയക്കുമരത്തിന്റെയും വ്യാപനം ചെറുപ്പക്കാർക്കിടയിൽ കൂടുന്നുവെന്നും തൂഫാൻ, തണ്ടർ എന്നി പ്രവർത്തനങ്ങളിൽ പൊതു ജനങ്ങൾ കൂടുതലായി പങ്കാളികളായി താലൂക്കിലെ ലഹരി വ്യാപനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് നടത്തേണ്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ആലോചനയും നടന്നു.വിവിധ വകുപ്പുകളുമായി ചേർന്ന് ലഹരിക്കെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും,സംയുക്ത വാഹന പരിശോധനയും,റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രാത്രികാല നിരീക്ഷണവും,രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്തി കൂടുതൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുവാൻ തീരുമാനിച്ചു.ലഹരി വ്യാപന ശൃംഖല തകർക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് കൂടുതൽ വിവരശേഖരണം നടത്തുന്നതിനും,സിവിൽ ഡിഫൻസ് പോലുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.
എക്സൈസ് വകുപ്പ്,വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ,ബ്ലോക്ക്, പഞ്ചായത്ത്,സി.ഡി.എസ് അംഗങ്ങൾ,പോലീസ്,ഹെൽത്ത്,റവന്യൂ തുടങ്ങിയ വകുപ്പു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വ്യാജമദ്യം,മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുന്നത്തൂർ താലൂക്ക് എക്സൈസ് കൺട്രോൾ റൂമിലെ 0476 2835303,9400069448 എന്നി നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

































