വീട്ടില്‍ കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. മലപ്പുറം മഞ്ചേരിയിലാണ് വീട്ടില്‍ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് രക്ഷപ്പെട്ടത് അമ്മാവന്റെ സമയോചിത ഇടപെടലില്‍. മഞ്ചേരി സ്വദേശി അലവിയുടെ വീട്ടിലാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പിന്നീട് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വീടിന്റെ തുറന്നു കിടന്ന മുന്‍വാതിലിലൂടെയാണ് കാട്ടുപന്നി അകത്തേയ്ക്ക് കയറിയത്. പിന്നാലെ അടുക്കളയിലേയ്ക്ക് ഓടുകയും ആളുകളെ കണ്ടതോടെ പരിഭ്രാന്തിയില്‍ അലവിയുടെ മകന്‍ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകള്‍ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്ക് പന്നി ഓടിക്കയറിയത്.
വാതിലിനോട് ചേര്‍ന്ന് കുട്ടി നില്‍ക്കുന്നത് കണ്ട ഫവാസിന്റെ അമ്മാവന്‍ അബ്ദുള്‍ ഹക്കീം സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ വാരിയെടുത്ത് പുറത്തെത്തിച്ച് വാതി പുറത്തുനിന്നും പൂട്ടുകയായിരുന്നു. വീട്ടികാര്‍ വാര്‍ഡുകൗണ്‍സിലര്‍ പി ഷംസിയയെ വിവരം അറിയിച്ചു. നഗരസഭയുടെ അനുമതിയോടെ എംപാനല്‍ഡ് ഷൂട്ടര്‍മാരായ കെ വി ഇല്യാസ് ബാബുവും സഹോദരന്‍ നൗഷാദും സ്ഥലത്ത് എത്തി ജനല്‍പ്പാളി തുറന്ന് മുറിക്കുള്ളിലുണ്ടായിരുന്ന പന്നിയെ വെടിവെച്ചുകൊന്നു. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത ജഡം മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.
പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവാണെന്നാണ് വിവരം. മുറിയില്‍പ്പെട്ടുപോയ കാട്ടുപന്നിയുടെ പരാക്രമണത്തില്‍ കിടക്കയും ജനല്‍ കര്‍ട്ടനുകള്‍ക്കും മറ്റ് ഫര്‍ണീച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണവും വര്‍ധിച്ചുവരികയാണ്. അടുത്തിടെയാണ് ഇടുക്കി ജില്ലയിലെ മറയൂരില്‍ സ്‌കൂളില്‍ പോകാന്‍ നിന്ന കുട്ടിക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുത്ത് കുട്ടിയെ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും വിദ്യാര്‍ഥി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.

































