ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ വാർഷിക പൊതുയോഗം നടത്തി. മൺമറഞ്ഞു പോയ എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ എൻഎസ്എസ് കൗൺസിൽ അംഗവും യൂണിയൻ പ്രസിഡന്റുമായിരുന്ന അഡ്വ.പായിക്കാട്ട് എൻ.കേശവപിള്ള എന്നിവരുടെ ദേഹവിയോഗത്തിൽ സഭ അനുശോചന പ്രമേയം അവതരിപ്പിച്ച് അനുസ്മരിച്ചു.
യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ പൊതുയോഗം നോട്ടീസും കാര്യപരിപാടിയും വായിച്ച് അവതരിപ്പിച്ചു. യോഗം അത് പാസാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവമുരളി യോഗത്തിന് സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ വി.ആർ.കെ.ബാബുവിന്റെ ഉപക്രമ പ്രസംഗത്തിൽ താലൂക്ക് യൂണിയന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യൂണിയന്റെ ഉടമസ്ഥതയിലുള്ള കാഞ്ഞിരം കടവ് ശ്രീ വില്ലടസ്വാമി ക്ഷേത്രത്തിനെ സംബന്ധിച്ചും,തൂശനില, വനിതാ മാർട്ട് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും കരയോഗ വനിതാ സമാജ പ്രവർത്തനങ്ങൾ കരയോഗങ്ങളിൽ ശക്തമായി നടന്നുവരുന്നു എന്നും, യൂണിയന്റെ പോരുവഴിയിലെ രണ്ടേക്കർ പുരയിടത്തിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിലൂടെ സ്വയം സഹായ സംഘങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും വരുമാന മാർഗ്ഗവും ഉണ്ടാകുന്നതിനായും കൂടുതൽ സാമ്പത്തിക സൗകര്യങ്ങളോടെ സമുദായ അംഗങ്ങൾക്ക് അർഹമായ കുടുംബ ജീവിതം നയിക്കുന്നതിനും ഇതിലൂടെ സാധിക്കും എന്ന് അധ്യക്ഷൻ ഓർമിപ്പിച്ചു.
തുടർന്ന് യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ യൂണിയന്റെ 2025- 26 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ, സപ്ലിമെന്ററി ബഡ്ജറ്റ്, മുതൽക്കടം സ്റ്റേറ്റ്മെന്റ്, 2026-27 വർഷത്തേക്കുള്ള ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു.
ബഡ്ജറ്റിൽ പ്രധാനമായും താലൂക്ക് ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിശീലന പരിപാടികൾ, കരയോഗ തലത്തിൽ ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ, യൂണിയൻ വിവാഹ ധനസഹായം, ചികിത്സാധന സഹായം, കലാകായികമേള, ജീവകാരുണ്യ നിധി എന്നിവകൾക്കായി ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
അംഗങ്ങളുടെ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ശേഷം 1,61,84,698/- രൂപ വരവും 1,61,84,150/- രൂപ ചെലവും 548/- രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റും ഭരണ റിപ്പോർട്ടും സഭ പാസാക്കി. ചർച്ചയിൽ ദിലീപ് കുമാർ, ഡോ.സി.രാമചന്ദ്രൻ, ഉണ്ണികൃഷ്ണപിള്ള,എം. പ്രസന്നകുമാർ, ബാലചന്ദ്രൻ, വിനോദ് വിശ്വേശ്വരി, തുളസീധരൻ പിള്ള, ബാബു, സന്തോഷ്, രാജേഷ്, ശിവപ്രസാദ്, ജയപ്രസാദ് എന്നിവർ പങ്കുകൊണ്ടു സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്തവർ യൂണിയൻ പ്രസിഡന്റിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തെ അഭിനന്ദിച്ചു. കരയോഗങ്ങളുടെ പൂർണ്ണ പിന്തുണയും അറിയിച്ചു. തുടർന്ന് ആറാം തവണ എൻഎസ്എസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത .ജി.സുകുമാരൻ നായർക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.




































