28.6 C
Kollam
Sunday 30th August, 2026 | 05:59:58 PM
Home News Local ചക്കുവള്ളി ചിറ ടൂറിസത്തിന് പദ്ധതി സമർപ്പിച്ചു പോരുവഴി ഗ്രാമപഞ്ചായത്ത്

ചക്കുവള്ളി ചിറ ടൂറിസത്തിന് പദ്ധതി സമർപ്പിച്ചു പോരുവഴി ഗ്രാമപഞ്ചായത്ത്

ശാസ്‌താംകോട്ട:കുന്നത്തൂർ താലൂക്കിലെ പോരുവഴി,ശൂരനാട് വടക്ക്,ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ചക്കുവള്ളിയിൽ കൊല്ലം -തേനി ദേശീയ പാതയുടെ ഓരം ചേർന്നു കിടക്കുന്ന മനോഹരമായ ചക്കുവള്ളി ചിറ കേന്ദ്രീകരിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോരുവഴി ഗ്രാമപഞ്ചായത്ത് സംസ്ഥാന ടൂറിസം മന്ത്രിയ്ക്ക് നിവേദനവും കരടു പദ്ധതി രൂപരേഖയും സമർപ്പിച്ചു.ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ തറയോടു പാകിയ നടപ്പാത,വഴിവിളക്കുകൾ, ബാരിക്കേഡുകൾ,ഓപ്പൺ ജിംനേഷ്യം എന്നിവ ചക്കുവള്ളി ചിറയിലേക്ക് ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.

ചിറയുടെ കിഴക്കു ഭാഗത്തായി നിർമ്മാണം പുരോഗമിക്കുന്ന കളിസ്ഥലവും ചക്കുവള്ളി ചിറയുടെ ഗ്രാമീണഭംഗിയ്ക്കു മാറ്റുകൂട്ടുന്നു.ശൂരനാട് തെക്ക്,പോരുവഴി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചിറയ്ക്കു ചുറ്റും മുഴുവൻ പ്രദേശങ്ങളിലും അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുകയും നടപ്പാതയ്ക്കു ചുറ്റും കൈവരികളും കുട്ടികളുടെ പാർക്കും മത്സ്യകൃഷിയും,പെഡൽ ബോട്ടുകൾ,കയാക്കിങ്,കഫ്ത്തീരിയ,മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിന് ഉതകുന്ന ഹാപ്പിനസ് പാർക്ക് എന്നിവയൊക്കെ ചേരുന്ന സമഗ്രമായ ഗ്രാമീണ ടൂറിസം പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.നൂറുകണക്കിന് ആളുകളാണ് ദിവസവും പ്രഭാത സായാഹ്ന സവാരിയ്ക്കായി ചിറയിൽ എത്തുന്നത്.

വയ്യാങ്കര ഗ്രീൻ ഫോറസ്റ്റ് ടൂറിസ്റ്റ്കേന്ദ്രത്തിന്റെ അനുകരണീയമായ മാതൃകകൾ കൂട്ടിച്ചേർത്തു സമഗ്രമായ ചക്കുവള്ളി ചിറ ടൂറിസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനു ഐ നായരുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം ,സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന് നേരിട്ടു നിവേദനം സമർപ്പിച്ചു.കരട് പദ്ധതി രൂപരേഖയും നിവേദനത്തോടൊപ്പം സമർപ്പിച്ചു.കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂരിനും ഗ്രാമപഞ്ചായത്ത് നിവേദനം നൽകി.അനുഭാവപൂർവം പരിഗണിക്കാമെന്നും പദ്ധതി പ്രദേശം ഏറെ താമസിയാതെ സന്ദർശനം നടത്താമെന്നും മന്ത്രി ഉറപ്പു നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനു.ഐ.നായർ അറിയിച്ചു.