ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ നടത്തിയ അക്രമ സംഭവങളിൽ ആഴ്ചകൾ കഴിഞ്ഞിട്ടും ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാത്ത ശാസ്താംകോട്ട പോലീസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.ക്ഷേത്ര വഞ്ചിയും അതിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹവും അടിച്ചു തകർത്തു.ജന്മാഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു.ഭരണസമിതിയുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ള സൈനികൻ അടക്കമുള്ളവരുടെ വീടുകളിൽ രാപകൽ വ്യത്യാസം ഇല്ലാതെ പോലീസ് കയറി ഇറങ്ങുകയാണ്.ഇതൊന്നും ഗൗരവമായി കാണാതെ പ്രതികളുടെ പക്ഷം ചേർന്നുള്ള അന്യായമായ നടപടിയാണ് പോലീസ് നടത്തുന്നത്.ഇത് ന്യായീകരിക്കാൻ കഴിയില്ല.ഭരണസമിതിയുടെ പരാതിയിൽ പോലീസ് കാട്ടുന്ന നീതികേടിനെതിരെ നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.അക്രമികൾ തകർത്ത ക്ഷേത്രവഞ്ചിയും ശ്രീകൃഷ്ണ വിഗ്രഹവും പുനസ്ഥാപിക്കണമെങ്കിൽ ദേവപ്രശ്നം നടത്തണം.പരിഹാരക്രിയകൾ ചെയ്യണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചിരുന്നു.ഇതിന് 5 ലക്ഷം രൂപയോളം ചിലവ് വരും.ഇതിൻ്റെ ചിലവ് വഹിക്കാൻ അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുകയും ചെയ്യണം.ഇതിനൊന്നും തയ്യാറാവാതെയാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ച ഭക്തരുടെ വീട്ടിൽ പോലീസ് കഴിഞ്ഞ രണ്ടാഴ്ചയായി അഴിഞ്ഞാട്ടം നടത്തുന്നതെന്നും ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വ്യാപകമായ അക്രമം നടത്തിയ സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കമുള്ള ക്രിമിനൽ സംഘത്തിനെതിരെ പോലീസ് കോടതിയിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ പ്രതികളെ സംരക്ഷിക്കുന്നതിൽ പോലീസ് കാട്ടിയ വ്യഗ്രതയും ഗൂഢനീക്കവും വ്യക്തമാകുന്ന തരത്തിലാണ്.യാതൊരു പ്രകോപനവും ഇല്ലാതെ അർദ്ധരാത്രിയുടെ മറവിൽ ഒരു സംഘം ഗുണ്ടകൾ ഡിവൈഎഫ്ഐ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദന്റെ നേതൃത്വത്തിൽ അഴിഞ്ഞാടുകയായിരുന്നു.ക്ഷേത്ര വഞ്ചി തകർത്തു.ക്ഷേത്രവുമായി സഹകരിക്കുന്ന ജവാന്റെ അടക്കം നിരവധി വീടുകളും തകർത്തു.മണിക്കൂറുകൾ നീണ്ട നിന്ന അക്രമസംഭവം മൊബൈൽ ഫോണിൽ പകർത്തി പോലീസിന് കൈമാറിയതാണ്.സിനിമാപറമ്പ്- കൊട്ടാരക്കര റൂട്ടിൽ നടന്ന അഴിഞ്ഞാട്ടം ചോദ്യം ചെയ്ത വഴിയാത്രക്കാരെ പലരെയും അക്രമിക്കൂട്ടം വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ കാട്ടി വിരട്ടി ഓടിച്ചു.തുടർന്ന് കൂടുതൽ നാട്ടുകാർ സംഘടിച്ച് എത്തി.പോലീസ് എത്തിയതോടെയാണ് ഈ സംഘം വന്ന കാറിൽ കയറി രക്ഷപ്പെട്ടത്.പോലീസും നാട്ടുകാരും ഇവരെ പിന്തുടരുന്നതെന്ന് ബോധ്യമായതിനെ തുടർന്ന് തൊട്ടടുത്ത പ്രദേശമായ തുരുത്തികരയിലുള്ള ഒരു സിപിഎം നേതാവിന്റെ വീട്ടിലേക്ക് ഗുണ്ടാസംഘത്തിന്റെ വാഹനം കയറ്റി.പിന്നാലെ പോലീസും നാട്ടുകാരും എത്തി.പ്രതികളെ അറസ്റ്റ് ചെയ്തു ആയുധം അടക്കം പിടിച്ചെടുക്കണമെന്ന് ഭക്തരുടെ ശക്തമായ പ്രതിഷേധത്തെതുടർന്നാണ് ഈ വീട്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കം മൂന്നു പ്രതികളെ പോലീസ് പിടികൂടിയത്.ബാക്കി പ്രതികൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.കുണ്ടറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പിന്നാലെ കൂടിയ ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങൾ ഇതിൽ പ്രധാന പ്രതിയായ കൊല്ലം മുണ്ടക്കൽ പുതുവൽ പുരയിടത്തിൽ ശരത് ശശി (25) യെ
ബലം പ്രയോഗിച്ചു മോചിപ്പിച്ചു.ആശുപത്രിയിൽ ഒരു ഗ്രേഡ് എസ്ഐ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്.ഇത് പോലീസിൻ്റെ ഗുരുതരമായ വീഴ്ചയാണന്ന് വ്യക്തമാക്കുന്നത്.കുണ്ടറ താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തി പിടിയിലായ ഗുണ്ടാത്തലവനെ ഡിവൈഎഫ്ഐ സംഘം ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ ബന്ധപ്പെട്ട് മോചിപ്പിക്കപ്പെട്ട പ്രതിയെ തിരികെ പോലീസിന് കൈമാറുകയായിരുന്നു.ആശുപത്രിയിൽ പ്രതികളെ മോചിപ്പിക്കാൻ നടത്തിയ അക്രമ സംഭവങ്ങളിലെ പ്രധാന പ്രതികളെല്ലാം ശാസ്താംകോട്ട, മൈനാഗപ്പള്ളി,മുതുപിലാക്കാട് പ്രദേശത്തുള്ള പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളാണ്.പ്രതികളെ കടത്തിക്കൊണ്ടുപോയതിന് തൊട്ടു പിന്നാലെ ആശുപത്രിയിൽ എത്തിയ കുണ്ടറ സിഐ സംഘർഷം ഉണ്ടാക്കിയ ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോ അടക്കമുള്ള വിശദ വിവരങ്ങൾ എടുത്തിരുന്നു.ഇവർ പിന്നീട് വന്നു എന്ന ന്യായീകരണത്താൽ പോലീസ് അവരെ നിരുപാധികം വിട്ടയക്കുകയായിരുന്നു.പോലീസിൻ്റെ ഭാഗത്തുണ്ടായ ഈ ഒത്തുകളി കൂടുതൽ വ്യക്തമാക്കുന്നതാണ്.ഈ സംഭവം ഏറെ വിവാദമായിരുന്നു.എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെ രാത്രിയുടെ മറവിൽ ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിലെ പ്രഥമ വിവര റിപ്പോർട്ട് കോടതിക്ക് കൈമാറിയപ്പോഴാണ് പ്രതികൾക്ക് നിയമ സംരക്ഷണം ഒരുക്കിയ പോലീസിൻ്റെ നീക്കം വ്യക്തമായത്.കൊല്ലത്തു നിന്നും കരുനാഗപ്പള്ളിയിൽ നിന്നും അടക്കം എത്തിയ ഗുണ്ടകളാണ് അക്രമങ്ങളെല്ലാം നടത്തിയത്.ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്.മുതുപിലാക്കാട് സ്വദേശിയായ സിപിഎം ഏരിയ സെക്രട്ടറിയുടെ മകൻ്റെ ഹോട്ടലിൽ നടന്ന ഗൂഡാലോചന ഇതിനകം പുറത്തായി കഴിഞ്ഞു.അക്രമത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദ് അടക്കം ഈ ഗൂഢാലോചനയിൽ പങ്കെടുക്കുകയും അക്രമത്തിന്റെ രൂപരേഖ തയ്യാറാക്കുകയും വാഹനം വരെ നൽകുകയും ചെയ്തു.ഇത് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയതാണ്.എന്നാൽ പ്രഥമ വിവര റിപ്പോർട്ടിൽ ഇത് മനപ്പൂർവ്വം ഒഴിവാക്കി.പ്രതികൾക്കെതിരായുള്ള നിയമ നടപടികൾ ശക്തമാകണമെങ്കിൽ ഈ ഗൂഡാലോചനയുടെ വിശദാംശങ്ങൾ കോടതിയിൽ അറിയിക്കണം.എന്നാൽ ഇത് എഫ്ഐആറിൽ നിന്ന് ഒഴിവാക്കി അക്രമം മാത്രം ചൂണ്ടിക്കാട്ടി നൽകിയ നടപടി സിപിഎം കോൺഗ്രസ് ഒത്തുക്കളിയുടെ ഭാഗമാണെന്ന് വ്യക്തമായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു.മാസങ്ങൾക്കു മുമ്പ് നടന്ന ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പിൽ സംഘപരിവാർ നിശ്ചയിച്ച പാനലിൻ്റ എതിർപാനൽ സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായി രൂപീകരിച്ച മുന്നണിയായിരുന്നു.എന്നാൽ ഇവർ കനത്ത പരാജയമാണ് നേരിട്ടത്.തെക്കൻ കേരളത്തിലെ പ്രസിദ്ധമായ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന അക്രമസംഭവത്തിലെ പ്രധാന പ്രതികൾ പലരും ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്.ഇവരുടെ ആരുടെയും വീടുകളിൽ പോലീസ് എത്താതിരുന്നതും പോലീസും സിപിഎം നേതാക്കളുമായി നടത്തിയ ഒത്ത് കളിയുടെ ഭാഗമാണെന്നും വ്യക്തമാണ്.വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്ത പക്ഷം സമരപരിപാടികൾ ശക്തമാക്കും.വിശ്വാസികളായ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചു പോലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് കെ.ആർ.ജി പിള്ള,സെക്രട്ടറി ശശികുമാർ എന്നിവർ പറഞ്ഞു.































