തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ. വി.കെ. വിനുവിനെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശരീരത്തിലെ ഒരു മുഴയുമായി ബന്ധപ്പെട്ട് ചികിത്സാ സഹായം തേടിയാണ് പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർ വെള്ളിയാഴ്ച ഉച്ചയോടെ സീനിയർ ഡോക്ടറെ സമീപിച്ചത്. പരിശോധനയ്ക്കായി തന്റെ മുറിയിലേക്ക് എത്താൻ ആവശ്യപ്പെട്ട ഡോക്ടർ അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
അതിക്രമശ്രമത്തെ ചെറുത്ത യുവതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും, തുടർന്ന് സഹപ്രവർത്തകരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ച രാത്രി ഡിവൈഎഫ്ഐ പ്രവർത്തകർ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. വിനുവിനെ കസ്റ്റഡിയിലെടുത്തത്.
ആരോപണങ്ങൾ നിഷേധിച്ച ഡോക്ടർ, ചികിത്സാ ആവശ്യത്തിനായി എത്തിയ യുവതിക്ക് ഡോക്ടറെന്ന നിലയിൽ ദേഹപരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്കും പ്രാഥമിക ചോദ്യം ചെയ്യലിനും ശേഷം പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും


































