പത്തനംതിട്ട :അടൂർ പോലീസ് സ്റ്റേഷനകത്ത് അക്രമം നടത്തിയ കോൺഗ്രസിന്റെ കുറവാ സംഘത്തെ അടിച്ചോടിക്കുന്നതിന് പകരം വീഡിയോ പകർത്തുകയാണ് പോലീസ് ചെയ്തതെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. ജയരാജൻ. സി.പി.എം. അടൂരിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം കേരളത്തിൽ നടക്കുന്ന അതിക്രമങ്ങളോട് പോലീസിന്റെ സമീപനത്തിൽ വ്യത്യാസമുണ്ടായി. കോൺഗ്രസുകാർക്ക് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിക്കാൻ അവകാശം കൊടുക്കുകയാണ് ചെന്നിത്തല പോലീസ് ചെയ്യുന്നതെന്നും അടൂർ പോലീസ് സ്റ്റേഷനിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലന്നും ജയ രാജൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധന്മാർ അഴിഞ്ഞാടുമ്പോൾ കേരളത്തിലെ യു.ഡി.എഫ്. ഭരണം കവചമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി. ബൈജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ബി. ഹർഷകുമാർ, സി. രാധാകൃഷ്ണൻ, അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ്, മുൻ എംഎൽഎ ആർ ഉണ്ണികൃഷ്ണ പിള്ള ,ആർ.ബി. രാജീവ് കുമാർ, എ.എൻ. സലീം, കൃഷ്ണകുമാർ, തുളസിധരൻ പിള്ള, ബി. നിസാം തുടങ്ങിയവർ പ്രസംഗിച്ചു.
അടൂർ പോലീസ് സ്റ്റേഷനിൽ കോൺഗ്രസിൻ്റെ കുറുവാസംഘത്തിന് ഒത്താശ; സാമൂഹ്യ വിരുദ്ധർക്ക് പോലീസ് കവചമൊരുക്കുന്നു: പി. ജയരാജൻ
Advertisement


































