തിരുവനന്തപുരം: നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷന്റെ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പിലെ 3 എൻജിനീയർമാരെ സസ്പെൻഡ് ചെയ്‌തു.
കൊല്ലം ബിൽഡിങ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്. ശ്രീജ, കരുനാഗപ്പള്ളി ബിൽഡിങ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ. സുനിത, ശാസ്താംകോട്ട ബിൽഡിങ്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കരുനാഗപ്പള്ളി ബിൽഡിങ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാറിനോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
കെട്ടിടവിഭാഗം ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണക്കരാർ. 2024 ഫെബ്രുവരി 28ന് കരാർ ഒപ്പുവെച്ച് 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. കാലാവധി പലതവണ നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തിയായില്ല.
കൊല്ലം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയെങ്കിലും പുരോഗതി റിപ്പോർട്ടുകൾ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ വീഴ്ചപറ്റി.
































