തിരുവനന്തപുരം. മണ്ഡലപുനര്നിര്ണയത്തില്ർ ബിജെപി ‘ജെറി മാൻഡറിങ്’ നടത്തുമോ എന്നാണ് ചോദ്യം. അങ്ങനെ ആരോപിച്ചത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ്. മണ്ഡലങ്ങളെ അനുകൂലമാക്കി മാറ്റിവരയ്ക്കുന്നതിനാണ് ജെറി മാൻഡറിങ് എന്നു പറയുന്നത്. 1812ൽ മസാച്യുസെറ്റ്സ് ഗവർണറായിരുന്ന എൽബ്രിഡ്ജ് ജെറി ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണം ചെയ്യുന്ന രീതിയിൽ സ്റ്റേറ്റ് സെനറ്റ് മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചു. അങ്ങനെയാണ് ആ പേര് വന്നത്. ജെറി മാൻഡറിങ് നടത്തിയാൽ എന്താകും കേരളത്തിലെ സ്ഥിതി.
കേരളത്തിലും മണ്ഡലങ്ങൾ ബിജെപിക്ക് അനുകൂലമാക്കുമോ? എവിടെയൊക്കെ എങ്ങനെയൊക്കെ വരും 210 മണ്ഡലങ്ങൾ? തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിലെ അതിർത്തി നിർണ്ണയത്തെ ആശ്രയിച്ചായിരിക്കും ബി.ജെ.പിയുടെ നേട്ടം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ രണ്ടായി വിഭജിച്ച് നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ എന്നിവ ഉൾപ്പെടുന്ന ഒരു നഗര മണ്ഡലമുണ്ടാക്കുന്നു എന്നു കരുതുക. നെയ്യാറ്റിൻകര, പാറശ്ശാല, കോവളം എന്നിവ ഉൾപ്പെടുന്ന തീരദേശ മണ്ഡലവും രൂപീകരിച്ചാൽ നഗര മണ്ഡലത്തിൽ ബിജെപിയുടെ വിജയസാധ്യത ഗണ്യമായി വർദ്ധിക്കും. ഈ രീതിക്കാണ് ജെറിമാൻഡറിങ് എന്ന് ജയറാം രമേശ് വിളിച്ചത്. നിയമസഭാ സീറ്റുകൾ 140-ൽ നിന്ന് 210 ആകുമ്പോൾ ഒരു മണ്ഡലത്തിൽ വിജയിക്കാൻ വേണ്ട വോട്ടുകളുടെ എണ്ണം കുറയും. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിൽ ബിജെപിക്ക് ശക്തമായ വോട്ടുവിഹിതമുള്ള പോക്കറ്റുകൾ കേന്ദ്രീകരിച്ച് ചെറിയ മണ്ഡലങ്ങൾ രൂപീകരിക്കപ്പെടാം.
യുഡിഎഫ്, എൽഡിഎഫ് പ്രമുഖർ ജയിക്കുന്ന മണ്ഡലങ്ങൾ പട്ടികജാതി/വർഗ്ഗ സംവരണമോ വനിതാ സംവരണമോ ആക്കി മാറ്റുകയും ചെയ്യാം. യുഡിഎഫിനും എൽഡിഎഫിനും ശക്തമായ അടിത്തറയുള്ള വടക്കൻ കേരളത്തിലാണ് പുതിയ സീറ്റുകളിൽ ഭൂരിഭാഗവും വരുന്നത് എന്നത് ബിജെപിക്ക് വെല്ലുവിളിയാണ്. മലപ്പുറത്തായിരിക്കും ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലം. മൂന്നര മുതൽ നാലെണ്ണം വരെ വരും. തിരുവനന്തപുരമാണ് രണ്ടാമത്. രണ്ടു മുതൽ മൂന്നുവരെ ലഭിക്കും. എറണാകുളത്തും തൃശൂരും അങ്ങനെ തന്നെ. നിയമസഭാ സീറ്റുകളിൽ ഏറ്റവും കൂടുതൽ വരിക മലപ്പുറത്തായിരിക്കും. പത്തെണ്ണം വർദ്ധിച്ച് 26 നിയമസഭാ സീറ്റുകളാണ് ഉണ്ടാവുക. എറണാകുളത്തും തിരുവനന്തപുരത്തും ഏഴെണ്ണം വീതം കൂടി 21 ആകും. തൃശൂര് 20 മണ്ഡലങ്ങളാകും. നിലവിൽ 13 ആണ്. കോഴിക്കോട്ട് 19 മണ്ഡലങ്ങൾ കിട്ടും. പാലക്കാട്ട് 18 ആയി ഉയരും. കണ്ണൂര് 16 മണ്ഡലങ്ങൾ ഉണ്ടാകും. ഇടുക്കിയിൽ ഏഴായും വയനാട്ടിൽ അഞ്ചായും ഉയരും. നിലവിൽ ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടതെങ്കിൽ പുതിയ കണക്കിൽ 106 ആയി ഉയരും. ജനറൽ സീറ്റുകൾ 116, വനിതാ സംവരണം 70, പട്ടികജാതി സീറ്റുകൾ 21, പട്ടികവർഗ സീറ്റുകൾ 3 എന്നിങ്ങനെ എണ്ണം മാറും.



























