ന്യൂഡെൽഹി:ലോക്സഭയിൽ ഡിഎംകെ
അംഗങ്ങളുടെ ഇരിപ്പിടങ്ങൾ മാറ്റി സ്ഥാപിച്ചു.
കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിനെ തുടർന്ന്, ലോക്സഭാ സ്പീക്കർ ഓം ബിർള ഡിഎംകെയുടെ ആവശ്യപ്രകാരം പ്രത്യേക ഇരിപ്പിടം അനുവദിക്കുകയായിരുന്നു.
ഡിഎംകെയുടെ 22 അംഗങ്ങൾക്കാണ് ലോക്സഭയിൽ ഇനി കോൺഗ്രസിൽ നിന്നും ഇൻഡ്യാ മുന്നണിയിൽ നിന്നും മാറി പ്രത്യേകം ഇരിപ്പിടം നൽകിയിരിക്കുന്നത്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനെ തുടർന്ന്, പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ട്രഷറി ബഞ്ചുകൾക്ക് സമീപമാണ് ഇനി മുതൽ ഡി എം കെ അംഗങ്ങൾ ഇരിക്കുക.
കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ. പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ഈ നിർണ്ണായക ചുവടുമാറ്റം. 22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് വലിയ നേട്ടമാവും. എല്ലാ സംസ്ഥാനങ്ങളിലും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിപ്പിക്കാനും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഹിത അനുപാതം അടുത്ത 25 വർഷത്തേക്ക് മരവിപ്പിക്കാനും കേന്ദ്ര സർക്കാർ സമ്മതിച്ചതായി ഡിഎംകെ വ്യക്തമാക്കി. 50 ശതമാനം സീറ്റ് വർധനവ് അംഗീകരിക്കുന്നുവെന്നും ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായും ഡിഎംകെ നേതാവ് എ രാജ എംപി അറിയിച്ചു. ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിക്കുമ്പോൾ തമിഴ്‌നാടിൻ്റെ സീറ്റ് വിഹിതം നിലവിലുള്ള 7.18 ശതമാനത്തിൽ നിന്ന് 7.21 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാടിൻ്റെ താല്പര്യം സംരക്ഷിക്കപ്പെടുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. ആറുമാസമായി നടന്ന പിൻവാതിൽ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെന്നും, തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിക്ക് കോൺഗ്രസ് നൽകിയ പിന്തുണയാണ് ഡിഎംകെയുടെ നിലപാട് മാറ്റത്തിന് വഴിത്തിരിവായതെന്നുമാണ് രാഷ്ട്രീയ വിലയിരുത്തൽ.



























