27.7 C
Kollam
Monday 5th October, 2026 | 08:25:59 PM
Home News Breaking News വിദേശത്തുവച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം

വിദേശത്തുവച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം

ചവറ: വിദേശത്തുവച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി നന്ദുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. നീണ്ടകര പരിമണം സ്വദേശിനി അഞ്ജു(24)വിന്റെ പരാതിയിൽ ഭർത്താവ് നീണ്ടകര പരിമണം സ്വദേശി  നന്ദുവിനും മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സൗദിയുള്ള നന്ദുവിനായി പൊലീസ് ലുക്കൗഔട്ട് സർക്കുലർ ഇറക്കും.


സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽവച്ച് മർദിച്ചെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 2026 ജൂൺ 27നായിരുന്നു അഞ്ചുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഭർത്താവിനൊപ്പം വിസിറ്റിങ് വിസയിൽ സെപ്തംബർ നാലിന് സൗദിയിലേക്കു പോയ യുവതിയെ താമസസ്ഥലത്തുവച്ച് കുക്കർ, ലാപ്ടോപ്, ചാർജർ, ബെൽറ്റ്, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് മർദിച്ചെന്നും പരാതിയിലുണ്ട്. തുടർന്ന് 30ന് യുവതി നാട്ടിൽ തിരിച്ചെത്തി.


സംശയ രോഗം ഉണ്ടായിരുന്ന നന്ദു യുവതിയുടെ ഫോൺ പരിശോധിക്കുകയും മറ്റുള്ളവരുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തതായും  സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന്റെ പേരിലും മർദിച്ചിരുന്നെന്നും പരാതിയിലുണ്ട്. യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ ഭർത്താവിന്റെ അക്കൗണ്ടിലേക്കു മാറ്റി. യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here