തൃശൂർ പൂരത്തിലും വിവിധ ഉത്സവങ്ങളിലും സജീവമായ പല്ലാട്ട് ബ്രഹ്‌മദത്തന്‍ എന്ന ആന ഇനി ഇല്ലെന്ന് വിശ്വസിക്കാൻ ഇനിയും ആനപ്രേമികൾക്ക് സാധിച്ചിട്ടില്ല. കണ്ണീർ നോവോടെ മാത്രമേ ആ വാർത്ത വായിച്ചുതീർക്കാൻ ഓരോ ആനപ്രേമികൾക്കും സാധിക്കൂ. ഇപ്പോഴിതാ നടിയും അവതാരകയും ആയ മീനാക്ഷി പങ്കിട്ട കുറിപ്പാണ് വൈറൽ ആകുന്നത്
പല്ലാട്ട് ബ്രഹ്മദത്തനും … ഞാനും …
പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു … സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു .. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ് അതും ഒരത്ഭുതമായി ശാന്തനായ ഒരു അട്ടിൻകുട്ടിയെപ്പോലെ. ഒന്ന് …പല്ലാട്ട് ഫാമിലിയുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത് .. നല്ല ഭംഗിയുള്ള തറവാട് സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന് .. അവിടെയുള്ളവരും ഏറെ നല്ലവരും.. സ്നേഹത്തോടെ പെരുമാറുന്നവരും ഒരാളുമില്ല അങ്ങനെയല്ലാതെ .. ചെല്ലുമ്പോൾ മുറ്റത്തിൻ്റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല .. “ഇതെന്താ കെട്ടാത്തത് ” എൻ്റെ ചോദ്യം “ആള് ഇവിടുത്തെ ഒരംഗം തന്നെയാ ” എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാൻ… അവിടുത്തെ മനോജ് അങ്കിൾ സ്നേഹത്തോടെ എൻ്റെ കൈ പിടിച്ച് അവൻ്റെ അടുത്ത് എത്തിച്ചു
. “നമ്മുടെ ആളാ കേട്ടോന്ന് ” സ്നേഹത്തോടെ പറഞ്ഞു ..അവര് തമ്മിൽ വർത്തമാനം പറയുന്നത് കാണാൻ തന്നെ എന്തൊരു ശേല് .. ഈ പറയുന്നതൊക്കെ ആൾക്ക് മനസ്സിലാവുന്നുണ്ടോ … “ഉറപ്പായും മീനാക്ഷി ക്കുട്ടീന്ന് “..മനോജ് അങ്കിളും .. കുറച്ച് നേരം കൊണ്ട് എൻ്റെ പേടിയൊക്കെ മാറി.. (ഞാനിപ്പഴും വിചാരിക്കുന്നത് ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായി അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ ) ഞാനവനെ തൊട്ടു …കൊമ്പിൽ പിടിച്ചു… ഇത്തിരി പോന്ന എൻ്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവനെൻ്റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു .. ഇന്നത്തെ എൻ്റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു .. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ് .. സ്നേഹമുള്ള ഏറെ നല്ലവരായ .. ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല … എന്തോ സങ്കടമേറുകയാണ് നിർത്തട്ടെ ഹൃദയപൂർവ്വം ബ്രഹ്മദത്തന് എന്നേയ്ക്കും വിട …






























