മലപ്പുറം. പെരിന്തൽമണ്ണയിൽ മരമിൽ മാനേജരെ കൊലപ്പെടുത്തിയ കേസിൽ വർഷങ്ങൾക്കൊടുവിൽ ചുരുളഴിയുന്നു. 18 വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായതോടെയാണ് കൊലപാതക കാരണം വെളിച്ചത്ത് വരുന്നത്. പ്രതികൾ സമീപത്തെ ബാങ്ക് കവർച്ചക്ക് ശ്രമിച്ചത്
കൊല്ലപ്പെട്ട ബാലകൃഷ്ണൻ കണ്ടതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ
2007 ഡിസംബർ 18-ലെ ആ രാത്രി. പെരിന്തൽമണ്ണയിലെ കേരള ഗ്രാമീൺ ബാങ്കിൽ വൻ കവർച്ച നടത്താനായിരുന്നു മരമില്ലിൽ 14 ദിവസം മുമ്പ് എത്തിയ ജീവനക്കാരായ പ്രതികളുടെ പദ്ധതി. എന്നാൽ ഇരുളിലെ ആ കവർച്ചാശ്രമം മര മിൽ മാനേജരായ വടകര പഴങ്കാവ് വലിയപറമ്പിൽ ബാലകൃഷ്ണൻ അപ്രതീക്ഷിതമായി നേരിൽ കണ്ടു. തങ്ങളുടെ പദ്ധതി പൊളിയുമെന്നും പിടിക്കപ്പെടുമെന്നും ഉറപ്പായതോടെ കവർച്ചാസംഘം ബാലകൃഷ്ണനെ അതിദാരുണമായി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി മൃതദേഹം മര മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച ശേഷമാണ് പ്രതികൾ നാടുവിട്ടത്. ഒരാഴ്ച്ച പിന്നിട്ട ശേഷമാണ് ബാലകൃഷ്ണന്റെ മൃതദേഹം പോലും പോലീസ് കണ്ടെത്തുന്നത്
ഒരു ബാങ്ക് കവർച്ചാശ്രമം മറച്ചു വെക്കാൻ നടത്തിയ ആ കൊലപാതകം നീണ്ട 18 വർഷമാണ് പോലീസിനെ വലച്ചത്. മുൻപ് ആറു തവണയാണ് കേരള പോലീസ് പ്രതികളെ തേടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിയത്. ഒടുവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അസമിലെ ധേമാജി ജില്ലയിലുള്ള ഗോഗമുഖിൽ നിന്ന് ആ കൊലയാളികളിലെ ഒരാളെ വലയിലാക്കി. ബീഹാർ സ്വദേശിയായ ദിലീപ് രജക്കാണ് അസമിൽ നിന്ന് പിടിയിലായത്.
കൂലിപ്പണിക്കാരായി എത്തി, നാടിനെ നടുക്കിയ കൊലപാതകം നടത്തി മുങ്ങിയ, തന്നെ ആരും തേടി വരില്ലെന്ന് ഉറപ്പിച്ച പ്രതിയെയാണ് ക്രൈംബ്രാഞ്ച് 18 വർഷങ്ങൾക്ക് ശേഷം വിലങ്ങിട്ടത്. ദിലീപ് രജക്ക് പിടിയിലായതോടെ ഒളിവിൽ കഴിയുന്ന കൂട്ടുപ്രതി ഉടൻ പിടിയിലാകുമെനാണ് അന്വേഷണ സംഘം നൽകുന്ന സൂചന



































