തിരുവനന്തപുരം. മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകി ഇൻറലിജൻസ് മേധാവി ദിനേന്ദ്ര കശ്യപ്. ജില്ലാ പോലീസ് മേധാവിമാർക്ക് ഇൻറലിജൻസ് മേധാവി കത്തയച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാ വേളകളിലും
കൂടുതൽ പോലീസുകാരെ വിന്യസിക്കാനാണ് നിർദ്ദേശം. അതെ സമയം പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രി വിഡി സതീശനും മറ്റ് മന്ത്രിമാർക്കും നേരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവും കരിങ്കൊടിയും ഉയർത്തിയ സാഹചര്യത്തിലാണ് പോലീസിൻ്റെ നീക്കം. മുഖ്യമന്ത്രി
പങ്കെടുക്കുന്ന പൊതു പരിപാടികളിൽ സുരക്ഷ ശക്തമാക്കാനാണ് ഇൻ്റലിജൻസ് എഡി ജി പിയുടെ നിർദേശം. എല്ലാ ജില്ലാ പോലീസ് മേധാവി മാർക്കുമാണ് ജാഗ്രത നിർദ്ദേശം നൽകിയത്.
പരിപാടികളിൽ അനിയന്ത്രിതമായ ജനക്കൂട്ടം ഉണ്ടാകുന്നുണ്ട്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കും വിധം പെരുമാറുകയും ചെയ്യുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു.
അതിനാൽ പരിപാടികളിലും യാത്രാ വേളകളിലും
കൂടുതൽ പോലീസുകാരെ യൂണിഫോമിലും മഫ്ത്തിയിലും നിയോഗിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ
സുരക്ഷ കൂട്ടണമെന്ന് ഒരാവശ്യവും മുന്നോട്ടുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമേ അകമ്പടി ഉണ്ടാകയുള്ളു എന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്തി വിഡി സതീശനുള്ളത്.

































