26.8 C
Kollam
Thursday 12th November, 2026 | 04:19:25 AM
Home News Breaking News “കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്ത തെറ്റുകൾ വെളുക്കില്ല”: മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

“കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്ത തെറ്റുകൾ വെളുക്കില്ല”: മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്‍റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്‍റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.

സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്‍റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

“പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്:-

സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്‍റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.

സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്‍റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി.

തുടക്കം മുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്-കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്.

രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ വാദിച്ചു എന്ന നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി തുടർച്ചയായി പ്രചരിപ്പിക്കുകയാണ്.

ജിഎൻഎ (GNA) കരാർ വഴി നടത്താൻ ശ്രമിച്ച അതിഭീകരമായ പകൽക്കൊള്ളയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, നിരക്കിന്‍റെ കാര്യത്തിൽ ‘അതിനേക്കാൾ ഭേദമാണ് ഹിമാചൽ വൈദ്യുതി’ എന്ന് താരതമ്യം ചെയ്തതിനെയാണ് വളച്ചൊടിക്കുന്നത്. അത് എങ്ങനെയാണ് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി വാദിക്കലാകുന്നത്? ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

മുഖ്യമന്ത്രിക്ക് എന്തെങ്കിലും വെല്ലുവിളിക്കാൻ ഉണ്ടെങ്കിൽ അത് ആദ്യം ചെന്ന് നടത്തേണ്ടത് സ്വന്തം വൈദ്യുതി മന്ത്രിയുടെ മുന്നിലാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, ഹിമാചലിൽ നിന്നുള്ള ദീർഘകാല വൈദ്യുതി കരാറാണ് ലാഭകരമെന്ന മുൻ കെഎസ്ഇബി ചെയർമാന്‍റെ ശുപാർശ തികച്ചും ശരിയാണെന്നും മാതൃഭൂമി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത് വകുപ്പ് മന്ത്രി സണ്ണി ജോസഫാണ്. ആ മന്ത്രിയാകട്ടെ കെപിസിസി പ്രസിഡന്‍റുമാണ്.

കൃത്രിമ ക്ഷാമം എന്ന വാദം കെഎസ്ഇബി രേഖകൾക്ക് വിരുദ്ധമാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി തന്നെയല്ലേ ചെയർമാൻ വ്യാജ കുറിപ്പുണ്ടാക്കിയെന്ന് പറഞ്ഞ് അങ്ങോട്ട് ഒത്തുകളി അന്വേഷണം പ്രഖ്യാപിച്ചത്? റെഗുലേറ്ററി കമ്മീഷ‌ന്‍റെ കർശന മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, നിയമസാധുതയില്ലാത്ത ജിഎൻഎ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പിടിവാശി കാണിച്ചതും അതിനായി സ്വന്തം ഇഷ്ടക്കാരനായ ഊർജ്ജ സെക്രട്ടറിയെ അവരോധിച്ചതുമെല്ലാം ആരുടെ താല്പര്യപ്രകാരമായിരുന്നു? കൊള്ളയ്ക്കുള്ള വഴിവിട്ട നീക്കങ്ങൾ പ്രതിപക്ഷം കൈയോടെ പിടികൂടിയപ്പോൾ ജിഎൻഎ കരാർ റദ്ദാക്കിയതും, മുൻ ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതുമെല്ലാം വകുപ്പ് മന്ത്രിയറിഞ്ഞത് പത്രവാർത്ത കണ്ടാണ്.

മുഖ്യമന്ത്രി അങ്ങോട്ടോ താൻ ഇങ്ങോട്ടോ സംസാരിച്ചിട്ടില്ലെന്നും എവിടെയും താൻ സത്യമേ പറയൂ എന്നും ഒരു വകുപ്പ് മന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് കേരള ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ നാണക്കേടാണ്. മുന്നണി കൺവീനർ അടൂർ പ്രകാശ് പോലും തുറന്നുപറയുന്നത് തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന്.

എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 5 രൂപ 18 പൈസ നിരക്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്ന ന്യായം പറഞ്ഞ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കേണ്ട. എൻടിപിസിയിൽ നിന്നുള്ള കേന്ദ്രവിഹിതവും വൈദ്യുതി ലഭ്യതയും ഏതെങ്കിലും ഫയലിൽ മുഖ്യമന്ത്രി ഇന്നലെ രാത്രി കണ്ടെടുത്തതാണോ? വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള ഈ വിവരങ്ങളും റെഗുലേറ്ററി കമ്മീഷൻ ഉത്തരവും മറച്ചുവച്ച്, ജിഎൻഎ എന്ന ട്രേഡർ പോലുമല്ലാത്ത പ്ലാറ്റ്‌ഫോമിന് മുന്നിൽ ഓച്ഛാനിച്ച് നിന്നത് ആർക്കുവേണ്ടിയായിരുന്നു? എന്തിനു വേണ്ടിയായിരുന്നു? ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിട്ട് കാര്യങ്ങൾ ആലോചിച്ചതും തീരുമാനിച്ചതുമെല്ലാം മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നതെന്നും വകുപ്പ് മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കെ, ആർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഹസന അന്വേഷണം? ഇവിടെ അന്വേഷണം നേരിടേണ്ടത് താഴെയുള്ള ഉദ്യോഗസ്ഥരല്ല, സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ഈ ദുരൂഹ ഇടപാടുകൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്.

തനിക്ക് കിട്ടിയ ഫയലിൽ തീരുമാനമെടുക്കാൻ ‘വേണ്ട ആളുകളുമായിട്ടൊക്കെ ഡിസ്കസ് ചെയ്തു’ എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രിയോ, ചീഫ് സെക്രട്ടറിയോ, പവർ സെക്രട്ടറിയോ പോലുമല്ലാതെ സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ നിഴൽസംഘം ആരാണ്? ഔദ്യോഗിക ഫയലിലെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് തിരികെ അയച്ച് നടപടിക്രമം പാലിക്കുന്നതിന് പകരം, റൂൾസ് ഓഫ് ബിസിനസ് ചവറ്റുകൊട്ടയിലെറിഞ്ഞ് പുറത്തുള്ള സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്.

സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഈ നിഗൂഢ നീക്കങ്ങളിലെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളിലെയും പൂർണ്ണ സത്യം പുറത്തുവരുന്നതുവരെ. മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ ശക്തമായ രാഷ്ട്രീയ പോരാട്ടവുമായി ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകും. ഈ വിഷയത്തിൽ എല്ലാ വസ്തുതകളും നിയമത്തിനും ജനങ്ങൾക്കും മുന്നിൽ പുറത്തു വരാൻ ജുഡീഷ്യൽ അന്വേഷണം നടത്തിയേ തീരൂ.

LEAVE A REPLY

Please enter your comment!
Please enter your name here