29.6 C
Kollam
Wednesday 11th November, 2026 | 05:44:44 PM
Home News Local ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തൽ

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്; വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തൽ

Advertisement

പത്തനാപുരം: ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ ഷാജി (26)യുടെ വാട്സാപ്പ് ചാറ്റുകൾ പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സുഹൃത്തുമായുള്ള ചാറ്റുകൾ. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് അഫ്സലിനും വീട്ടുകാർക്കും പങ്കുണ്ടെന്നും ആരോപിച്ച് സായയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബർ 24നാണ് സായ സുഹൃത്തുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് സായ സന്ദേശത്തിൽ പറയുന്നുണ്ട്. ആരാണ് പ്രശ്നമെന്നും ഭർത്താവ് അഫ്സലാണോ കാരണമെന്നും സുഹൃത്ത് ചോദിച്ചപ്പോൾ എല്ലാവരുമെന്നായിരുന്നു സായയുടെ മറുപടി. സുഹൃത്ത് വീഡിയോകോളിൽ ബന്ധപ്പെട്ടെങ്കിലും സായ ഫോൺ എടുത്തില്ല. ഒരുതവണ മാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള ഫോട്ടോയും സായ അയച്ചിരുന്നു.

ഒക്ടോബർ 31നാണ് അഫ്സലിന്റെ വീട്ടിൽ സായയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ഇരവിപുരം പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാൽ, മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് സായയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. സായയുടെ ഡയറിയും ലാപ്ടോപ്പും ഭർതൃവീട്ടുകാർ നശിപ്പിച്ചതായും കുടുംബം ആരോപിച്ചു.
കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഭർതൃവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തതെന്നും കുടുംബം പറയുന്നു. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും സായയുടെ മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here