കൊച്ചി. സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ ഇഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ FIR റജിസ്റ്റർ ചെയ്യാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാനാണ് പരാതിക്കാരന്‍.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണ്.
വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും, ഉടൻ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും കെ.എം.ഷാജഹാൻ്റെ ഹർജിയിൽ ആവശ്യപ്പെടുന്നു.

































