കൊച്ചി. അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം നൽകി ഹൈക്കോടതി. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ വയനാട്ടിലെ മരംമുറി കേസ് പരിഗണിക്കുന്ന കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.
ജാമ്യാപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും വിശദമായ വാദങ്ങൾ ഉന്നയിച്ചു. മദ്യം പിടികൂടിയ വീടിന്റെ വിലാസം തന്നെയാണ് ആന്റോ അഗസ്റ്റിന്റെ വീടിന്റെ വിലാസമെന്നും, വൈദ്യുതി ബില്ലും വിവിധ രേഖകളും ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അതേസമയം, ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം അനുവദിക്കാറുണ്ടെന്നതും ആന്റോ അഗസ്റ്റിനെതിരെ മുൻപ് എക്സൈസ് കേസുകളില്ലെന്നതും കോടതി പരിഗണിച്ചു. പ്രതി ആൻ്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ ലഭിച്ചില്ലേ എന്നും തൊണ്ടിമുതൽ കണ്ടെടുത്തല്ലോ എന്നും കോടതി ചോദിച്ചു. തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ ചോദ്യം ചെയ്ത് റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെയും വിചാരണ ഒരേ കോടതിയിൽ നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. ഇതോടെ വനംവകുപ്പ് രജിസ്റ്റർ ചെയ്ത മുട്ടിൽ മരംമുറി കേസ് പരിഗണിക്കുന്ന കോടതി തന്നെയാകും വഞ്ചനാ കേസും പരിഗണിക്കുക.































