30.3 C
Kollam
Friday 18th September, 2026 | 03:03:45 PM
Home News Breaking News കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച

കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. പാലാരിവട്ടം സംസ്‌കാര ജങ്ഷനുസമീപമുള്ള വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയത്. പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും അടക്കം 6.05 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ഇതരസംസ്ഥാനക്കാരാണ് വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. നഗരത്തില്‍ ഹോട്ടലുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മാരകായുധങ്ങളുമായി പ്രതികള്‍ അതിക്രമിച്ച് കടന്നശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

തൊഴിലാളികളില്‍ നിന്ന് 1,20,000 രൂപ, 3,05,000 വിലവരുന്ന പത്ത് മൊബെല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ കവര്‍ന്നു. തൊഴിലാളികളില്‍ ഒരാളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1,20,000 രൂപ വിലവരുന്ന സ്വര്‍ണമാലയും 60,000 രൂപ വിലവരുന്ന ഒരു ജോഡി സ്വര്‍ണക്കമ്മലും കവര്‍ന്നു. അര്‍മാന്‍ അലി (23), രാജ ബാബു (26), ഇന്ദേജര്‍ (25), ഫിസ്ദുള്‍ ഹഖ് എന്നിവരാണ് സ്ത്രീകള്‍ക്ക് പുറമേ കവര്‍ച്ചക്കിരയായവര്‍. ഫിസ്ദുള്‍ ഹഖിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. കവര്‍ച്ചാസംഘത്തിലുള്ള രണ്ടുപേര്‍ ഒഴികെയുള്ളവര്‍ മലയാളികളാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here