27.8 C
Kollam
Thursday 1st October, 2026 | 09:28:43 AM
Home News Breaking News സ്വർണാഭരണം കവർന്ന ശേഷം യുവതിയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

സ്വർണാഭരണം കവർന്ന ശേഷം യുവതിയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

കൊച്ചി: സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കാക്കനാട് സ്വദേശി അൻവറിന് ജീവപര്യന്തം തടവ് ശിക്ഷ. 2016ൽ ഫോർട്ട്കൊച്ചി സ്വദേശിനിയായ 36കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ജീവപര്യന്തം തടവും 20 വർഷത്തെ അധിക തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.

പിഴത്തുക മരിച്ച യുവതിയുടെ മക്കൾക്ക് നൽകാനും ഉത്തരവിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അതിവേഗ കോടതി ജഡ്ജി കവിത ഗംഗാധരനാണ് വിധി പ്രസ്താവിച്ചത്.

2016 മാർച്ചിൽ ബിഒടി ഈസ്റ്റ് ജങ്ഷന് സമീപമുള്ള ലോറി പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. ബസ് കണ്ടക്ടറായിരുന്ന അൻവറും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ചേർത്തലയിലെത്തിയ പ്രതി യുവതിയെ കാറിൽ കയറ്റി ഹാർബറിന് സമീപത്തെ ആളൊഴിഞ്ഞ ലോറി പാർക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി. സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകാൻ തയ്യാറായില്ല. തുടർന്ന് കഴുത്തിലുണ്ടായിരുന്ന മാല ബലമായി പൊട്ടിച്ചെടുത്ത ശേഷം യുവതിയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മൃതദേഹം സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ അടിയിൽ ഉപേക്ഷിച്ചു.

അന്വേഷണത്തിൽ പ്രതി കവർന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ, കാർ, മൊബൈൽ ഫോൺ, ബാഗ് എന്നിവ കണ്ടെത്തിയിരുന്നു. അന്നത്തെ ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ ആർ മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here