തിരുവനന്തപുരം. ഓണാവധിക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവും യാത്രക്കാരുടെ വര്‍ദ്ധനവും രേഖപ്പെടുത്തി കെഎസ്ആര്‍ടിസി. കാര്യക്ഷമമായി സര്‍വീസുകള്‍ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്‌പെഷ്യല്‍ സര്‍വീസുകളുമാണ് കോര്‍പ്പറേഷന് ചരിത്രനേട്ടം സമ്മാനിച്ചത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം 8.07 കോടി രൂപയുടെ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചതയം ദിനത്തില്‍ 3,787 ബസുകള്‍ സര്‍വീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 22,02,992 യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. ആകെ വരുമാനത്തില്‍ 2.30 കോടി രൂപ സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ ടിക്കറ്റ് പദ്ധതി വഴിയാണ് ലഭിച്ചതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഓണ നാളുകളില്‍ ഓരോ ദിവസവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വരുമാനവും യാത്രക്കാരുടെ എണ്ണവുമാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തില്‍ 21,45,267 പേര്‍ യാത്ര ചെയ്തപ്പോള്‍ 7,88,69,469 രൂപ വരുമാനമായി ലഭിച്ചു. ഇതില്‍ പ്രിയദര്‍ശിനി പദ്ധതി വഴിയുള്ള 2,04,31,007 രൂപയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 19,31,706 യാത്രക്കാരില്‍ നിന്ന് 7.57 കോടി രൂപയായിരുന്നു വരുമാനം.
തിരുവോണ ദിനത്തില്‍ 2,597 ബസുകള്‍ സര്‍വീസ് നടത്തി. 12,95,172 യാത്രക്കാരില്‍ നിന്നായി 4,77,14,150 രൂപയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് 9,52,396 യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു കളക്ഷന്‍. അവിട്ടം ദിനത്തില്‍ 3,490 ബസുകള്‍ സര്‍വീസ് നടത്തിയപ്പോള്‍ 19,91,846 യാത്രക്കാരില്‍ നിന്നായി 7,01,71,004 രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 17.81 ലക്ഷം യാത്രക്കാരും 6.15 കോടി രൂപയുമായിരുന്നു.
യാത്രാതിരക്ക് മുന്‍കൂട്ടി കണ്ട് കൂടുതല്‍ ബസുകള്‍ ഏകോപിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സഹായിച്ചു. അന്തര്‍സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് സ്വകാര്യ ബസുകളുടെ അമിത നിരക്ക് കൊള്ളയില്‍ നിന്ന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറി. തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തമാക്കിയതായും കെഎസ്ആര്‍ടിസി വ്യക്തമാക്കി
































