തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ് സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ എം ആർ പരീക്ഷകളും പൂർണ്ണമായും മാറ്റിവെച്ചെന്ന് പി എസ് സി അറിയിത്തു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലകളിലെ കളക്ടർമാർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലുക്കുകൾക്കും അവധിയായിരിക്കും. ഇതിനൊപ്പം തന്നെ ഇടുക്കി, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നാളെയും അതിശക്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


































