27.9 C
Kollam
Friday 18th September, 2026 | 01:17:31 AM
Home News Breaking News കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നു, പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, മുഖ്യമന്ത്രി

കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നു, പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോ​ഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയാണ്. പരിശോധിക്കാൻ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാൽ കര്‍ശന നടപടി വരും. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളത്. 350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്നം. പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും.