Home News Breaking News മുഖ്യമന്ത്രി ആര്? നിരീക്ഷകർ തലസ്ഥാനത്തെത്തി, ആദ്യ കൂടിക്കാഴ്ച എ കെ ആന്‍റണിയുമായി

മുഖ്യമന്ത്രി ആര്? നിരീക്ഷകർ തലസ്ഥാനത്തെത്തി, ആദ്യ കൂടിക്കാഴ്ച എ കെ ആന്‍റണിയുമായി

Advertisement

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.

ആരൊയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുൻഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. പിന്നാലെ ഇന്ദിരാഭവനിൽ എത്തിയ നിരീക്ഷകർ, മുൻ മുഖ്യമന്ത്രി എ കെ ആന്‍റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്.

ഇവർക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉണ്ടായിരുന്നു. നിരീക്ഷകർ നാളെ മുതൽ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. നാളെ രാവിലെ പത്തരക്ക് കെ പി സി സി ആസ്ഥാനത്താകും കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം. ഈ യോഗത്തിന് പുറമെ എം എൽ എമാരെ നിരീക്ഷകർ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം പിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. ഘടകകക്ഷി നേതാക്കളുടെ നിലപാട് കൂടി തേടുമെന്നും സൂചനയുണ്ട്

അതേസമയം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള നേതാക്കളുടെ അണിയറ നീക്കങ്ങൾ ശക്തമാണ്. ഫ്ലക്സുകൾ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ അനുകൂല തരം​ഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തുന്ന നിരീക്ഷകർ എം എൽ എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി വി ഡി സതീശൻ പക്ഷം രം​ഗത്ത് എത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ദീപാദാസ് മുൻഷി പാടില്ലെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാളെ രാവിലെ പത്തരയ്ക്ക് നിർണായക യോ​ഗം ചേരാനിരിക്കെ അതിശക്തമായ നീക്കം മൂന്ന് ചേരിയിലും നടക്കുകയാണ്. 63 എം എൽ എമാർ ഒരുമിച്ച് പങ്കെടുക്കും.

അതിനപ്പുറത്തേക്ക് എം എൽ എമാരെ ഒറ്റയ്ക്കൊറ്റക്കായി എ ഐ സി സി നീരിക്ഷകർ കാണണമെന്ന നിർദ്ദേശം, സതീശൻ പക്ഷം മുന്നോട്ട് വെക്കുന്നതിന് പിന്നിൽ ഒരു സ്ട്രാജറ്റി നീക്കമുണ്ടെന്നാണ് അനുമാനിക്കുന്നത്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണു​ഗോപാൽ പക്ഷം വാദിക്കുന്നത്. കൂട്ടമായി ചേദിച്ചാൽ എം എൽ എമാർ കെ സിക്ക് അനുകൂലമായാകും പ്രതികരിക്കുകയെന്ന നീക്കം തടയാനാണ് ഒറ്റയ്ക്കൊറ്റക്ക് എന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

ഒറ്റക്കൊറ്റാക്കായി എം എൽ എമാരെ നിരീക്ഷകർ കാണുമ്പോൾ കൂട്ടമായി കെ സിയെ പിന്തുണച്ചിരുന്ന പലരും സതീശന്‍റെ പേര് പറഞ്ഞേക്കാം എന്നാണ് സതീശൻ ക്യാമ്പ് കരുതുന്നത്. അങ്ങിനെ നോക്കുമ്പോൾ സതീശനെ പിന്തുണയ്ക്കുന്ന എം എൽ എമാരുടെ എണ്ണം 30 വരെ എത്തിയേക്കാമെന്നാണ് പ്രതീക്ഷ. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ പങ്കെടുപ്പിക്കരുത് എന്ന നിർദേശവും വി ഡി സതീശൻ പക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമാക്കാനുള്ള നീക്കം ദീപാദാസ് മുൻഷി നടത്തുമെന്ന ആരോപണം വി ഡി സതീശൻ പക്ഷത്തിനുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here