Home News Breaking News സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊട്ടിത്തെറി

സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊട്ടിത്തെറി

Advertisement

കണ്ണൂര്‍കണ്ണൂര്‍ സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും. നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്‍.

also read :

ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി കെ ഗോവിന്ദന്‍ ഉയര്‍ത്തുന്നത്.

പി കെ ശ്യാമളയ്ക്ക് ജനപിന്തുണയില്ലെന്ന് ചില പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണെന്ന് ടി കെ ഗോവിന്ദന്‍ ആരോപിച്ചിരുന്നു. അതിനിടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നീക്കം നടത്തിയിരുന്നു. എന്നാല്‍ ഫലം കാണാത്ത പശ്ചാത്തലത്തില്‍ ടി കെ ഗോവിന്ദന്‍ സ്വന്തം വഴിക്ക് പോകട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.

Advertisement